തിരുവനന്തപുരം > ചോദ്യോത്തരവേളയിൽ ഉപചോദ്യങ്ങൾക്കുള്ള അവസരം പരമാവധി പേർക്കും നൽകുന്നുണ്ടെന്നും സമ്മർദ്ദത്തിന്റെ രീതി ശരിയല്ലെന്നും പ്രതിപക്ഷ അംഗങ്ങളോട് സ്‌പീക്കർ എം ബി രാജേഷ് പറഞ്ഞു. ചോദ്യോത്തരവേളയുടെ സമയം പ്രത്യേക ഉദ്ദേശ്യത്തോടെ ദീർഘിപ്പിച്ചു നൽകി എന്ന തരത്തിൽ പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടതോടെയായിരുന്നു സ്‌പീക്കറുടെ ഇടപെടൽ.
അത്തരം പരാമർശങ്ങൾ ശരിയല്ല. ഉപചോദ്യങ്ങൾക്ക് എല്ലാവർക്കും അവസരം നൽകുന്നുണ്ട്. ചില ചോദ്യങ്ങൾക്ക് ധാരാളംപേർ ഉപചോദ്യത്തിന് അവസരം ചോദിക്കാറുണ്ട്. ആ ഘട്ടത്തിൽ കക്ഷി നേതാക്കൾ, മുതിർന്ന അംഗങ്ങൾ, മുൻ മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, വനിതകൾ, പുതിയ അംഗങ്ങൾ, ഇതുവരെ അവസരം ലഭിക്കാത്തവർ എന്നിവർക്ക് പ്രത്യേക പരിഗണന നൽകുന്നുണ്ട്. ആരെയും മനഃപൂർവം ഒഴിവാക്കാറില്ലെന്നും സ്‌പീക്കർ പറഞ്ഞു. ഈ സമയം എതിർപ്പുമായി എഴുന്നേറ്റ റോജി എം ജോണിനോട്, വേറൊരു തരത്തിലുള്ള ഭാഷ ഉപയോഗിക്കരുതെന്നും സമ്മർദ്ദത്തിന്റെ രീതി ശരിയല്ലെന്നും മുന്നറിയിപ്പ് നൽകി. തർക്കത്തിന് മുതിരണ്ടെന്ന് അറിയിച്ച് സ്പീക്കർ പ്രശ്നം അവസാനിപ്പിച്ചു.
ചോദ്യോത്തര വേളയുടെ സമയക്രമീകരണത്തിലോ ഉപചോദ്യങ്ങൾ അനുവദിക്കുന്നതിലോ ചട്ടങ്ങൾക്കും നടപടിക്രമങ്ങൾക്കും വിരുദ്ധമായ നടപടി ചെയറിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്ന് സ്‌പീക്കർ പിന്നീട് റൂളിങ് നടത്തി. ഈ സമ്മേളനത്തിൽ ഇതുവരെ ഭരണപക്ഷത്തുനിന്നുള്ളവർക്ക് 189 ഉപചോദ്യത്തിനും പ്രതിപക്ഷാംഗങ്ങൾക്ക് 155 ഉപചോദ്യത്തിനും അവസരം നൽകി. ഭരണ–-പ്രതിപക്ഷ പാർടികളുടെ അംഗബലത്തിന് ആനുപാതികമായല്ല ഉപചോദ്യങ്ങൾ അനുവദിക്കുന്നതെന്ന് ഇതിൽനിന്ന് വ്യക്തമാണെന്നും റൂളിങ്ങിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..