ന്യൂഡൽഹി
രാജ്യത്ത് പെട്രോൾ–- ഡീസൽ വിലവർധനയുടെ പൂർണ ഉത്തരവാദിത്വം കേന്ദ്ര സർക്കാരിനാണെന്നും സംസ്ഥാനങ്ങൾക്ക് ഒരു പങ്കുമില്ലെന്നും കോൺഗ്രസ് കേന്ദ്ര നേതൃത്വം. കേന്ദ്ര നയങ്ങളാണ് വിലവർധനയ്‌ക്ക് വഴിവച്ചതെന്ന് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും വക്താവ് രൺദീപ് സുർജെവാലയും മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ധനവിലയുടെ 50 ശതമാനത്തോളം കേന്ദ്രം ചുമത്തുന്ന എക്‌സൈസ് തീരുവയും അധിക എക്‌സൈസ് തീരുവയുമാണ്. സംസ്ഥാനങ്ങൾ ചുമത്തുന്ന വാറ്റ് എട്ടുമുതൽ 12 ശതമാനംവരെമാത്രം. വാറ്റ് കുറച്ചാലും വിലയിൽ നേരിയ കുറവേയുണ്ടാകൂ. മോദി സർക്കാർ അധികാരത്തിലെത്തുമ്പോൾ പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയും മാത്രമായിരുന്നു കേന്ദ്ര നികുതി. ഇപ്പോൾ തീരുവ കുറച്ചിട്ടും പെട്രോളിന് 28 രൂപയും ഡീസലിന് 22 രൂപയും നികുതിയുണ്ട്. അധികാരത്തിൽവന്ന ഘട്ടത്തിലുള്ള നികുതിയിലേക്ക് കൊണ്ടുവന്നാൽ പെട്രോളിനും ഡീസലിനും ലിറ്ററിന് 20 രൂപകൂടി കുറയും. സംസ്ഥാനങ്ങളോട് വാറ്റ് കുറയ്‌ക്കാൻ ആവശ്യപ്പെടാതെ വർധിപ്പിച്ച നികുതിയത്രയും കുറയ്ക്കുകയാണ് കേന്ദ്രം ചെയ്യേണ്ടത്–- വേണുഗോപാലും സുർജെവാലയും പറഞ്ഞു.
കഴിഞ്ഞയാഴ്‌ച എഐസിസി ആസ്ഥാനത്ത് മാധ്യമങ്ങളെ കണ്ടപ്പോൾ കേരളം വാറ്റ് കുറയ്‌ക്കണമെന്ന് വേണുഗോപാൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ബുധനാഴ്‌ച ഈയാവശ്യം ആവർത്തിച്ചില്ല. കഴിഞ്ഞ ഏഴുവർഷം മോദി സർക്കാർ കൂട്ടിയ നികുതിയത്രയും ആദ്യം കുറയ്‌ക്കെട്ടെ എന്നാണ് പി ചിദംബരം അടക്കമുള്ള മുതിർന്ന നേതാക്കൾ ആവശ്യപ്പെടുന്നത്. ഇതിന് വിരുദ്ധമായ അഭിപ്രായപ്രകടനം വേണുഗോപാൽ നടത്തിയതിനോട് പല മുതിർന്ന നേതാക്കളും വിയോജിച്ചിരുന്നു. കേന്ദ്രം നികുതി കുറയ്‌ക്കണമെന്നാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും പ്രധാനമന്ത്രിക്ക് കത്തയച്ച് ആവശ്യപ്പെട്ടത്. കേന്ദ്രം പിരിക്കുന്ന എക്‌സൈസ് തീരുവയുടെ നേരിയൊരു ശതമാനംമാത്രമാണ് സംസ്ഥാനങ്ങൾക്ക് നൽകുന്നത്. രാജസ്ഥാന്റെ മുഖ്യ വരുമാനമാർഗം ഇന്ധനവാറ്റാണ്. പെട്രോളിന് 10 രൂപയും ഡീസലിന് 15 രൂപയുംകൂടി കേന്ദ്രം നികുതി കുറച്ചാൽ സംസ്ഥാന വാറ്റ് 3.40 രൂപയും 3.90 രൂപയും കുറയും. 3500 കോടിയുടെ വരുമാന നഷ്ടമുണ്ടാകും. ആ ഭാരം താങ്ങാൻ ഒരുക്കമാണ്–- കത്തിൽ ഗെലോട്ട് ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..