മലപ്പുറം
സന്തോഷ് ട്രോഫി ഫുട്‌ബോളിനുള്ള കേരള ടീമിന്റെ പരിശീലന ക്യാമ്പിലേക്ക് പുതിയ 15 താരങ്ങൾ. പ്രഫഷണൽ ക്ലബ്ബുകളിൽനിന്നുള്ളവർ ഉൾപ്പെടെയാണ് ക്യാമ്പിന്റെ ഭാഗമായത്. കേരള ടീം മുൻ ക്യാപ്‌റ്റനും ഗോൾകീപ്പറുമായ വി മിഥുൻ, കേരള യുണൈറ്റഡ് എഫ്‌സിയുടെ അർജുൻ ജയരാജ്, സൽമാൻ, ഗോകുലം കേരള എഫ്‌സിയുടെ റാഷിദ് തുടങ്ങിയവർ ക്യാമ്പിലെത്തി.
സംസ്ഥാന സീനിയർ ചാമ്പ്യൻഷിപ്പിലെ 35 താരങ്ങളുമായി കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജ് മൈതാനത്താണ് ആദ്യം ക്യാമ്പ് ആരംഭിച്ചത്. രണ്ടാഴ്‌ചത്തെ ക്യാമ്പിനുശേഷം 20 താരങ്ങളെ ഒഴിവാക്കി. ഇതിനുപകരമായാണ് പുതിയവരെ എടുത്തത്. പരിശീലന ക്യാമ്പ് കോഴിക്കോട്ടുനിന്നു കൊച്ചി പനമ്പള്ളിനഗറിലേക്ക് മാറ്റി. കേരളം ഉൾപ്പെടുന്ന ദക്ഷിണ മേഖലാ ഗ്രൂപ്പ് മത്സരം കൊച്ചി നെഹ്‌റു സ്‌റ്റേഡിയത്തിൽ ഡിസംബർ ഒന്നിന് തുടങ്ങും. ലക്ഷദ്വീപ്, പോണ്ടിച്ചേരി, ആൻഡമാൻ ടീമുകളാണ് കേരളത്തിന്റെ ഗ്രൂപ്പിൽ.
രണ്ടാം ഗ്രൂപ്പ് മത്സരങ്ങൾ ബംഗളൂരുവിലാണ്. കർണാടകം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന ടീമുകളാണ് ഇതിൽ. ഗ്രൂപ്പുജേതാക്കളാകും ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടുക. മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിലാണ് ഫൈനൽ റൗണ്ട്. ബിനോ ജോർജിനുകീഴിലാണ് പരിശീലനം. ഗോകുലം കേരള എഫ്‌സിയുമായി കളിച്ച രണ്ട് സൗഹൃദമത്സരങ്ങളും സമനിലയായി. മുൻ സന്തോഷ്‌ട്രോഫി താരം ടി ജി പുരുഷോത്തമനാണ് സഹപരിശീലകൻ. സജി ജോയിയാണ് ഗോൾകീപ്പിങ് പരിശീലകൻ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..