10 November Wednesday

ഗുജറാത്ത്‌ വംശഹത്യ : എസ്‌ഐടി തെളിവും മൊഴിയും അവഗണിച്ചു : സാകിയ ജഫ്രി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 10, 2021


ന്യൂഡൽഹി
ഗുജറാത്ത്‌ വംശഹത്യ കേസിൽ പ്രത്യകേ അന്വേഷണ സംഘം (എസ്‌ഐടി) തെളിവും സാക്ഷിമൊഴിയും അവഗണിച്ചാണ്‌ നിഗമനങ്ങളിൽ എത്തിയതെന്ന്‌ സാകിയ ജഫ്രി.  എസ്‌ഐടി കൃത്യമായി മൊഴി രേഖപ്പെടുത്തിയില്ല, ഫോണുകൾ പിടിച്ചെടുക്കുകയോ മറ്റ്‌ തെളിവ് ശേഖരിക്കുകയോ ചെയ്യാതെ ഒറ്റയടിക്ക്‌ അന്തിമ റിപ്പോർട്ട്‌ തയ്യാറാക്കി–- സാകിയക്കുവേണ്ടി  മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ചൂണ്ടിക്കാട്ടി. വംശഹത്യയില്‍  നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർക്ക്‌ ക്ലീൻചിറ്റ്‌ നൽകിയ എസ്‌ഐടി റിപ്പോർട്ട്‌ ചോദ്യംചെയ്യുന്ന കേസില്‍ അന്തിമവാദമാണ് നടക്കുന്നത്.

അഹമ്മദാബാദിലെ ഗുൽബെർഗ്‌ സൊസൈറ്റിയിൽ 2002 ഫെബ്രുവരി 28ന്‌ നടന്ന കൂട്ടക്കൊലയിൽ സാകിയയുടെ ഭർത്താവും കോൺഗ്രസ്‌ എംപിയുമായ എഫ്‌സാൻ ജഫ്രി ഉൾപ്പെടെ 68 പേരാണ് കൊല്ലപ്പെട്ടത്.  2012ൽ എസ്‌ഐടി സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കും 63 പേർക്കും ക്ലീൻചിറ്റ്‌ നൽകി. വിചാരണ ചെയ്യാന്‍ തെളിവില്ലെന്നായിരുന്നു വാദം.  ഈ റിപ്പോർട്ടിനെതിരെ എൺപത്തൊന്നുകാരിയായ സാകിയ രണ്ടു പതിറ്റാണ്ടിലേറെയായി നിയമ പോരാട്ടത്തിലാണ്‌. ജസ്റ്റിസ്‌ എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ്‌ അന്തിമവാദം കേൾക്കുന്നത്‌.

വര്‍​ഗീയത ലാവാപ്രവാഹമായി
വർഗീയസംഘർഷങ്ങളാകുന്ന അഗ്നിപർവതങ്ങളിൽനിന്ന് ഒഴുകുന്ന ലാവ വീണ സ്ഥലങ്ങൾ ഭാവിയിലും പ്രതികാരങ്ങൾക്കുള്ള വിളനിലമാകുമെന്ന്‌ കപിൽ സിബൽ ചൂണ്ടിക്കാട്ടി. വിഭജനവുമായി ബന്ധപ്പെട്ട കലാപങ്ങളിലാണ്‌ തന്റെ അമ്മയ്‌ക്ക്‌ അച്ഛനമ്മമാരെ നഷ്ടപ്പെട്ടത്‌. നിയമ, സർക്കാർ സംവിധാനങ്ങൾ പൂർണമായും പരാജയപ്പെട്ടതിനെത്തുടർന്നാണ്‌ ഗുജറാത്തിൽ വർഗീയ സംഘർഷങ്ങൾ ഉണ്ടായത്‌. പൊലീസ്‌ നിഷ്‌ക്രിയത്വം കാരണം കൂട്ടക്കുരുതി അരങ്ങേറി. ഗുജറാത്ത്‌ വംശഹത്യക്കു പിന്നിൽ വലിയ ഗൂഢാലോചനയുണ്ട്‌. മുതിർന്ന ഉദ്യോഗസ്ഥർക്കും അതിൽ പങ്കുണ്ട്‌. കരുതിക്കൂട്ടി വിദ്വേഷപ്രസംഗങ്ങൾ നടത്തി പ്രകോപനമുണ്ടാക്കിയിട്ടുണ്ട്‌. കോടതി ഈ വിഷയങ്ങളെല്ലാം പരിശോധിക്കണമെന്നും സിബൽ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top