തലശേരി > കേരള-കർണാടക അതിർത്തിയിൽ പിടിയിലായ മാവോയിസ്‌റ്റുകളെ തലശേരി ജില്ലാ സെഷൻസ് കോടതി ഡിസംബർ ഒമ്പതുവരെ റിമാൻഡുചെയ്‌തു. മാവോയിസ്‌റ്റ് പശ്‌ചിമഘട്ട പ്രത്യേക സോണൽ സെക്രട്ടറി കർണാടക ശൃംഗേരി നെൻമാരു എസ്‌റ്റേറ്റിലെ ബി ജി കൃഷ്‌ണമൂർത്തി(വിജയ്–-47), കബനി ദളം അംഗം ചിക്‌മഗളൂരു ജെറേമന ഹള്ളുവള്ളിയിലെ സാവിത്രി(രജിത–-33) എന്നിവരെ കർണാടക ചാമരാജ്‌നഗർ ജില്ലയിലെ മഥൂർ വനം ചെക്‌പോസ്‌റ്റിനുസമീപം വച്ചാണ് ചൊവ്വ രാവിലെ 6.40ന് ഭീകരവിരുദ്ധ സേന (എടിഎസ്)യാണ് അറസ്റ്റ്‌ചെയ്‌തത്.
കണ്ണൂർ ആറളം, കരിക്കോട്ടക്കരി പൊലീസ് രജിസ്‌ട്രർ ചെയ്‌ത കേസുകളിൽ പ്രതികളാണ് ഇവർ. ആദ്യം കണ്ണൂർ സെൻട്രൽ ജയിലിലേക്ക് റിമാൻഡുചെയ്‌തെങ്കിലും സുരക്ഷ മുൻനിർത്തി പിന്നീട് വിയ്യൂർ അതിസുരക്ഷാ ജയിലിലേക്കയച്ചു.
സാവിത്രി വേഷംമാറി സുൽത്താൻബത്തേരി-ഗുണ്ടൽപേട്ട് റൂട്ടിലൂടെ സഞ്ചരിക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. മലപ്പുറം അരീക്കോട് എംഎസ്‌പി ക്യാമ്പിലെത്തിച്ച് ചോദ്യംചെയ്‌തശേഷം അറസ്റ്റ് രേഖപ്പെടുത്തി.
ഇരിട്ടി ഉരുപ്പുംകുറ്റിയിലെ വീടുകളിൽ 2017 മാർച്ച് 20ന് രാത്രി അതിക്രമിച്ചുകയറി തോക്കുചൂണ്ടി അരിയും സാധനങ്ങളും വാങ്ങുകയും മാവോയിസ്‌റ്റ് ലഘുലേഖ വിതരണംചെയ്യുകയും ചെയ്‌ത കേസിലാണ് കൃഷ്‌ണമൂർത്തിയുടെ അറസ്‌റ്റ്. ആറളം ഫാമിലെ സുരേഷ്‌ബാബുവിന്റെ വീട്ടിൽ 2020 ഫെബ്രുവരി 24ന് രാത്രി അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തി അരിയും പച്ചക്കറിയും എടുത്തുകൊണ്ടുപോയ കേസിലെ നാലാം പ്രതിയാണ് സാവിത്രി.
പ്രതികളെ കസ്‌റ്റഡിയിൽ വിട്ടുകിട്ടാൻ ഭീകരവിരുദ്ധ സേന അടുത്ത ദിവസം കോടതിയിൽ അപേക്ഷ നൽകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..