09 November Tuesday

വഖഫ് ബോർഡ് ശക്തമാക്കും

വി അബ്ദുറഹിമാന്‍/ വഖഫ് മന്ത്രിUpdated: Tuesday Nov 9, 2021

1995ലെ വഖഫ് ആക്ട്‌ പ്രകാരം രൂപീകൃതമായ കേരള സ്‌റ്റേറ്റ് വഖഫ് ബോർഡ് സർക്കാരിനു കീഴിൽ ഗ്രാന്റോടുകൂടി പ്രവർത്തിച്ചുവരുന്ന സ്വയംഭരണ സ്ഥാപനമാണ്. വിശ്വാസികളായ മുൻ തലമുറ ദാനംചെയ്ത സ്വത്തുക്കൾ സംരക്ഷിക്കാൻ നിലകൊള്ളുന്ന സ്ഥാപനമാണ് വഖഫ് ബോർഡ്. ഈ സ്വത്തുവകകൾ ജനോപകാരപ്രദമായ രീതിയിൽ കൈകാര്യം ചെയ്യേണ്ടത് ബോർഡിന്റെ ചുമതലയാണ്. വഖഫ് ബോർഡ് നിയമ ഭേദഗതി ബിൽ നിയമസഭ ചൊവ്വാഴ്‌ച പരിഗണിക്കുകയാണ്‌.  ബോർഡ് പ്രവർത്തനങ്ങളിലും അധികാരങ്ങളിലും സർക്കാർ കൈകടത്തുന്നു എന്ന ആരോപണം ചില കേന്ദ്രങ്ങൾ ഉയർത്തുന്നുണ്ട്‌. അത് തികച്ചും വസ്തുതാവിരുദ്ധമാണ്.

വഖഫ് ഭൂമി അന്യാധീനപ്പെടുന്നതും അവയുടെ ദുരുപയോഗവും തടയുക എന്ന ലക്ഷ്യത്തോടെ  സ്വത്തുക്കളുടെ സർവേ നടപടി പുരോഗമിക്കുകയാണ്. ഏഴു ജില്ലയിൽ സർവേ പൂർത്തിയായി. മറ്റു ജില്ലകളിൽ സർവേ പുരോഗമിക്കുന്നു. സർവേ പൂർത്തിയാകുമ്പോൾ സംസ്ഥാനത്തെ മുഴുവൻ വഖഫ് സ്വത്തുക്കളുടെയും വിവരങ്ങൾ ഒരു ഗസറ്റ് വിജ്ഞാപനത്തിലൂടെ പ്രസിദ്ധീകരിക്കും. അത് ആർക്കും എപ്പോൾ വേണമെങ്കിലും പരിശോധിക്കാൻ കഴിയും. വഖഫ് സ്ഥാപനങ്ങളെ  ബോർഡിനു കീഴിൽ കൊണ്ടുവരാനും അത്തരത്തിൽ അവയുടെ ഭൂമിയും സ്വത്തുവകകളും സംരക്ഷിക്കാനും  അദാലത്തുകൾ മേഖലാടിസ്ഥാനത്തിൽ നടത്തിവരുന്നുണ്ട്.  ബോർഡിനു കീഴിൽ രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ മാത്രമാണ് അവയുടെ സംരക്ഷണം ബോർഡിന്റെ ഉത്തരവാദിത്വമായി മാറുന്നത്.

സർക്കാർ അനുവദിക്കുന്ന ഗ്രാന്റിൽനിന്ന് വിവാഹ ധനസഹായം, ചികിത്സാ സഹായം തുടങ്ങിയ സാമൂഹ്യ സുരക്ഷാ പദ്ധതികൾ നടപ്പാക്കുന്നത്‌ ബോർഡിന്റെ പ്രധാന ഉത്തരവാദിത്വങ്ങളിൽ ഒന്നാണ്. കൂടാതെ,   ബോർഡിനു കീഴിൽ കൂടുതൽ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതും പരിശോധിച്ചു വരികയാണ്.  
ഇത്തരത്തിൽ ഗൗരവമുള്ള ചുമതലകൾ നിർവഹിക്കാനുള്ള സുപ്രധാന സ്ഥാപനമാണ് വഖഫ്‌ ബോർഡ്. കഴിവും പ്രാപ്തിയുമുള്ള ജീവനക്കാരുടെ പിന്തുണയോടെ മാത്രമേ നല്ല നിലയിലുള്ള പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കൂ. ഉത്തരവാദിത്വത്തോടെ, സുതാര്യമായി, മികവുറ്റ രീതിയിൽ  പ്രവർത്തിക്കണമെങ്കിൽ കാര്യപ്രാപ്തിയുള്ള ജീവനക്കാരും സ്ഥിരം സ്റ്റാഫ് പാറ്റേണും അത്യാവശ്യമാണ്. ഈ വിഷയം അതീവ ഗൗരവത്തിൽ പരിഗണിച്ചാണ്  അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകളിൽ നിയമനം പിഎസ്‌സി വഴിയാക്കാനുള്ള ബിൽ മുന്നോട്ടുവച്ചത്. 112 തസ്തികയിലേക്ക്  ബോർഡ് നടത്തുന്ന നിയമനമാണ് പിഎസ്‌സിക്ക് വിടുന്നത്.  നിയമനം പലപ്പോഴും ദിവസവേതനാടിസ്ഥാനത്തിലും കോൺട്രാക്ടുമാണ്. ഈ നിയമനങ്ങൾ പിന്നീട് സ്ഥിരപ്പെടുന്ന രീതിയാണുള്ളത്. ഇത് പലപ്പോഴും ആക്ഷേപത്തിന് ഇടയാക്കിയിട്ടുണ്ട്.

വഖഫ് ബോർഡ് പ്രവർത്തനങ്ങളിലും അധികാരങ്ങളിലും സർക്കാർ കൈകടത്തുന്നു എന്നതാണ്  ബില്ലിനെതിരായ പ്രധാന ആക്ഷേപം. സർക്കാരിന് അത്തരം ഒരു താൽപ്പര്യവുമില്ല.  പ്രവർത്തനങ്ങൾ കൂടുതൽ നീതിയുക്തവും സുതാര്യവുമാക്കുകയാണ് ലക്ഷ്യം.  നിയമനങ്ങൾ വഖഫ് റെഗുലേഷൻസ് പ്രകാരം  ബോർഡുതന്നെയാണ് നടത്തിയിരുന്നത്. അതിന് അധികാരം  ബോർഡിനുതന്നെയായിരുന്നു. ഇത് വഖഫ് ആക്ടിൽ പറയുന്നുണ്ട്. പ്രസ്തുത നിയമത്തിലെ 110–--ാം വകുപ്പ് പ്രകാരമാണ്   ബോർഡ്, സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതിയോടുകൂടിയും നിയമത്തിനും ചട്ടങ്ങൾക്കും അനുസൃതമായും വഖഫ് റഗുലേഷൻസ് നിർമിച്ചത്. ഈ റഗുലേഷനിൽ 2020ൽ വഖഫ് ബോർഡ് നിർദേശിച്ച ഭേദഗതിയാണ്, അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകളിലെ എല്ലാ നിയമനങ്ങളും നടത്താൻ, പിഎസ്‌സിയെ ചുമതലപ്പെടുത്താം എന്നത്. നിയമനം പിഎസ്‌സിക്ക്‌ വിടാൻ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഓർഡിനൻസ് പുറത്തിറക്കിയിരുന്നു. എന്നാൽ, ഭരണപരമായ കാരണങ്ങളാൽ നിയമമാക്കുന്ന നടപടിയിലേക്ക് പോകാൻ കഴിഞ്ഞില്ല. ഈ ഓർഡിനൻസിനു പകരമുള്ള ബില്ലാണ് ഒക്ടോബർ 27ന് നിയമസഭയിൽ അവതരിപ്പിച്ചത്. 2016 വഖഫ് റഗുലേഷൻസിൽ ഉൾപ്പെടുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തിൽ ആ നിയമനം പിഎസ്‌സിയുടെ ചുമതലയായി മാറ്റേണ്ടതുണ്ട്. അത്തരത്തിൽ  നിയമനം പിഎസ്‌സിയുടെ അധിക ചുമതലയായി നിശ്ചയിച്ച ബില്ലാണ് ഇത്. മുസ്ലിംവിഭാഗത്തിലുള്ളവർമാത്രം ഉൾപ്പെടുന്ന വഖഫ് നിയമനത്തിൽ മറ്റ്‌ മതക്കാരും കടന്നുവരുമെന്ന്‌ പ്രചരിപ്പിക്കാൻ ചില തൽപ്പരകക്ഷികൾ ശ്രമിക്കുന്നുണ്ട്. അത് തികച്ചും വസ്തുതാവിരുദ്ധമാണ്. അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകളിൽ നേരിട്ട് നിയമനം നടത്തുന്നതിന് മുസ്ലിം സമുദായത്തിലുള്ള ഉദ്യോഗാർഥികളുടെ സെലക്ട് ലിസ്റ്റ് തയ്യാറാക്കേണ്ടത് പിഎസ്‌സിയുടെ ചുമതലയായിരിക്കും.

ദേവസ്വം ബോർഡ് നിയമനങ്ങൾക്ക് നിലവിൽ വന്നപോലെ ഇവിടെ റിക്രൂട്ട്‌മെന്റ് ബോർഡ് രൂപീകരിക്കാൻ കഴിയില്ല. ദേവസ്വം ബോർഡിന്റെ റിക്രൂട്ട്‌മെന്റ് ബോർഡ് നൂറുകണക്കിനു ക്ഷേത്രങ്ങളിലെ നിയമനത്തിനുള്ളതാണ്. ഇവിടെ 112 പേരുടെ നിയമനംമാത്രമാണുള്ളത്. യോഗ്യരായ ആയിരക്കണക്കിന് ആളുകളിൽനിന്ന് മിടുക്കരായവരെ കണ്ടെത്താനാണ് നിയമനം പിഎസ്‌സിക്ക്‌ വിടുന്നത്. മുസ്ലിം ജനവിഭാഗത്തിന് ഒരാശങ്കയും വേണ്ട. ഏറ്റവും അർഹതയുള്ളവർക്ക് മാത്രമേ നിയമനം ലഭിക്കൂ.  ബോർഡിൽ രജിസ്റ്റർ ചെയ്യുന്ന പള്ളികളിലോ മദ്രസകളിലോ ഉള്ള നിയമനം. പിഎസ്‌സിക്കു കീഴിലാക്കാൻ ഈ നിയമംകൊണ്ട് ഉദ്ദേശിക്കുന്നുമില്ല.

 ബോർഡിന്റെ സ്വയംഭരണാവകാശവും അധികാരങ്ങളും ശക്തിപ്പെടുത്തി. അതിനെ കൂടുതൽ കാര്യക്ഷമമാക്കാനാണ് സർക്കാർ  ഉദ്ദേശിക്കുന്നത്. പിണറായി സർക്കാർ വന്നശേഷം ഈ ദിശയിൽ ഒട്ടേറെ പ്രവർത്തനങ്ങൾ  ഏറ്റെടുത്തിട്ടുണ്ട്.   ബോർഡിനെയും അതിന്റെ പ്രവർത്തനങ്ങളെയും  കാര്യക്ഷമമാക്കാൻ എല്ലാ പിന്തുണയും നൽകുകയാണ് സർക്കാർ. ദുരുപദിഷ്ടിതമായ പ്രചാരണങ്ങൾ നടത്തി സാമുദായിക ഭിന്നത ഉണ്ടാക്കാൻ ശ്രമിക്കുന്നവർ പരാജയപ്പെടുകതന്നെ ചെയ്യും. മതനിരപേക്ഷത  കാത്തുസൂക്ഷിക്കാൻ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് എൽഡിഎഫ്‌ സർക്കാർ സ്വീകരിച്ചുവരുന്നത്. ആ സമീപനത്തിൽ ഒരു മാറ്റവും ഉണ്ടാകില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top