പാലാ > സാമൂഹ്യമാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകളും ഗ്രൂപ്പുകളും സൃഷ്ടിച്ച് രാഷ്‌ട്രീയ-സാമൂഹ്യ മേഖലകളിലെ പ്രമുഖരെ അപകീർത്തിപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന ‘പാലാക്കാരൻ ചേട്ടൻ’ പിടിയിൽ. പാലാ കിഴക്കയിൽ സഞ്ജയ് സക്കറിയ(32)യെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്‌തത്.
പാലാക്കാരൻ ചേട്ടൻ, പാലാക്കാരൻ പാലാ, റീന പോൾ, തോമസ് മാത്യു തുടങ്ങിയ ഫേസ്ബുക്ക് പേജുകളിലൂടെയും ഇയാൾ ഡയറക്‌ടറായുള്ള ചങ്ങമ്പുഴ ഇടപ്പള്ളി ഓട്ടോമേഷൻ കമ്പനിയുടെ ഔദ്യോഗിക വാട്‌സ്ആപ്പ് നമ്പർ ഉപയോഗിച്ചുമായിരുന്നു അശ്ലീലവും അപകീർത്തികരവുമായ പരാമർശങ്ങളോടുകൂടിയ പ്രചാരണം. ഒരു വർഷത്തിലേറെയായി മുൻമന്ത്രി കെ എം മാണി, കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി, തോമസ് ചാഴികാടൻ എംപി എന്നിവരെയും കുടുംബാംഗങ്ങളെയും ഇയാൾ സാമൂഹ്യമാധ്യമങ്ങളിലൂടെ നിരന്തരം അധിക്ഷേപിച്ചു. ഇതിനെതിരെ കോടതി നിർദേശപ്രകാരം പാലാ പൊലീസ് കേസെടുത്തതോടെയാണ് ഇയാൾ ഒളിവിൽപോയത്. ഒളിവിലിരുന്ന് അഭിഭാഷകൻ മുഖേന നൽകിയ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളിയിരുന്നു. കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന ആവശ്യവുമായി ഇയാൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അവിടെയും പരാജയപ്പെട്ടു. ഇതോടെയാണ് കീഴടങ്ങിയത്. ചൊവ്വാഴ്‌ച കോടതിയിൽ ഹാജരാക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ, മുൻമന്ത്രി എം എം മണി, പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർക്കെതിരെയും സഞ്ജയ് സക്കറിയ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയിരുന്നു. ഇയാളുടെ ഫോണിൽനിന്ന് മെമ്മറി കാർഡ്, സിം കാർഡ് , കമ്പ്യൂട്ടർ ഡിവൈസ് എന്നിവ നീക്കം ചെയ്‌തതായി പരിശോധനയിൽ കണ്ടെത്തി. കൂട്ടുപ്രതികളുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ പാലാ എസ്എച്ച്ഒ കെ പി തോംസൺ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..