09 November Tuesday

കേന്ദ്രനയവും മോദിയുടെ 
ആഹ്വാനവും രണ്ടുവഴിക്ക്

പ്രത്യേക ലേഖകൻUpdated: Tuesday Nov 9, 2021

ന്യൂഡൽഹി
ജനങ്ങളിലേക്ക്‌ മടങ്ങാൻ ബിജെപി ദേശീയ എക്‌സിക്യൂട്ടീവ്‌ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആഹ്വാനം ഏഴു വർഷമായി കേന്ദ്ര സർക്കാർ നടപ്പാക്കിവരുന്ന നയങ്ങളിൽനിന്ന്‌ ഏറെ അകലെ. മറയില്ലാത്ത കോർപറേറ്റ്‌ സേവയാണ്‌ മോദിസർക്കാർ നടത്തുന്നത്‌. ഇക്കാര്യം തുറന്നുസമ്മതിക്കാനും കേന്ദ്ര സർക്കാർ പ്രതിനിധികൾ മടി കാട്ടിയിരുന്നില്ല.

കോർപറേറ്റുകൾക്ക്‌ വേണ്ടത്ര സ്വാതന്ത്ര്യം നൽകാത്തതാണ്‌ വികസനത്തിനു തടസ്സമെന്നതാണ്‌ കേന്ദ്ര സർക്കാർ നിലപാട്‌. കാർഷികനിയമങ്ങളും തൊഴിൽ നിയമങ്ങളും പൊളിച്ചെഴുതിയത്‌ ഈ സമീപനം മുൻനിർത്തി. സാധാരണക്കാർക്കും നിർധനർക്കുംമേൽ വർധിച്ചതോതിൽ നികുതിഭാരം അടിച്ചേൽപ്പിക്കുകയും കോർപറേറ്റുകൾക്ക്‌ ലക്ഷക്കണക്കിനു കോടി രൂപയുടെ നികുതിയിളവ്‌ നൽകുകയും ചെയ്‌തു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ പൊതുനിക്ഷേപം വെട്ടിക്കുറയ്‌ക്കലും സ്വകാര്യവൽക്കരണവുമാണ്‌ സർക്കാരിന്റെ പ്രഖ്യാപിത നയം.

തൊഴിലുറപ്പുപദ്ധതിപോലുള്ള ദാരിദ്ര്യനിർമാർജന സംവിധാനങ്ങളോട്‌ സർക്കാരിനു മമതയില്ല.
സാധാരണക്കാരുടെ ദുരിതങ്ങൾ മനസ്സിലാക്കാതെയാണ്‌ നോട്ടുനിരോധനം പോലുള്ള തലതിരിഞ്ഞ പരിഷ്‌കാരം കൊണ്ടുവന്നത്‌. അശാസ്‌ത്രീയമായി നടപ്പാക്കിയ ജിഎസ്‌ടിയും വാണിജ്യ, തൊഴിൽ മേഖലകളിൽ വൻദുരന്തമായി. ചെറുകിട വ്യവസായങ്ങൾ തകർന്നപ്പോൾ കോർപറേറ്റുകൾ വീർത്തുതടിച്ചു.
കോവിഡ്‌ മഹാമാരിയിലും സാധാരണക്കാരെ കൊള്ളയടിക്കുന്നവിധത്തിൽ പെട്രോളിയം ഉൽപ്പന്നങ്ങൾക്ക്‌ ഉയർന്ന കേന്ദ്രനികുതി ചുമത്തി. അതിഥിത്തൊഴിലാളികളെ അവഗണിച്ചാണ്‌ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചത്‌. ഇതേതുടർന്ന്‌ നൂറുകണക്കിനുപേർ തെരുവിൽ മരിച്ചു.

   രാജ്യത്ത്‌ ദരിദ്രരുടെ എണ്ണവും ശതകോടീശ്വരന്മാരുടെ ആസ്‌തികളും ഒരേസമയം പെരുകിവരുന്ന പ്രതിഭാസത്തിനാണ്‌ മോദിഭരണം വഴിയൊരുക്കിയത്‌. ഒടുവിൽ ദേശീയ ആസ്‌തികൾ ഒന്നടങ്കം കോർപറേറ്റുകൾക്ക്‌ കൈമാറുകയാണ്‌.

പഞ്ചായത്തുകളുടെ ആസ്‌തികൾ പോലും വിൽക്കാനാണ്‌ കേന്ദ്ര നിർദേശം. ഇപ്പോൾ ഉപതെരഞ്ഞെടുപ്പുകളിൽ തിരിച്ചടിയേറ്റപ്പോഴാണ്‌ പ്രധാനമന്ത്രിയും കൂട്ടരും ജനങ്ങളെക്കുറിച്ച്‌ ചിന്തിക്കുന്നത്‌. ജനസേവയെക്കുറിച്ച്‌ ചിന്തിക്കാനാണ്‌ പ്രധാനമന്ത്രിയുടെ ആഹ്വാനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top