വർക്കല > ഇലകമൺ പഞ്ചായത്തിൽ വിവിധ പ്രദേശങ്ങളിലുള്ള കോൺഗ്രസ്,- ബിജെപി പ്രവർത്തകരും കുടുംബങ്ങളും സിപിഐ എമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. ബിജെപി - കോൺഗ്രസ് പാർടികളിൽനിന്ന് രാജിവച്ച പതിനഞ്ചോളം പ്രവർത്തകരും കുടുംബാഗങ്ങളുമാണ് ഇലകമൺ ലോക്കൽ സമ്മേളനത്തിൽ സിപിഐ എം പ്രവർത്തകരായത്. ബിജെപി സംസ്ഥാനകമ്മിറ്റി അംഗം ഇലകമൺ സതീശന്റെ സഹോദരനും ബിജെപി മണ്ഡലം മുൻ പ്രസിഡന്റുമായ തേങ്ങുവിള സജീവ്, കോൺഗ്രസ് നേതാവും ഇലകമൺ മുൻ പഞ്ചായത്തംഗവുമായ പാളയംകുന്ന് രാജേന്ദ്രൻ എന്നിവർ ഉൾപ്പെടുന്ന പ്രവർത്തകരാണ് സിപിഐ എമ്മിൽ ചേർന്നത്.
ബിജെപി നേതൃത്വത്തിന്റെ ജനദ്രോഹ,- രാജ്യദ്രോഹ നയങ്ങളിലും അഴിമതിയിലും കർഷകരോടും പട്ടികജാതിക്കാരോടുമുള്ള വഞ്ചനാപരമായ നിലപാടിൽ പ്രതിഷേധിച്ചുമാണ് ബിജെപി ബന്ധം ഉപേക്ഷിക്കാൻ പ്രവർത്തകരെ പ്രേരിപ്പിച്ചത്. കോൺഗ്രസിന്റെ തമ്മിലടിയിലും നേതൃപരാജയത്തിലും മനംമടുത്ത കോൺഗ്രസ് പ്രവർത്തകർ സിപിഐ എമ്മിന്റെ ഉറച്ച നിലപാടിലും സർക്കാരിന്റെ ജനപക്ഷ വികസന ക്ഷേമ പ്രവർത്തനങ്ങളിലും ആകൃഷ്ടരായാണ് സിപിഐ എമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്.
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ബി പി മുരളി, ആർ രാമു, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി ജോയി എംഎൽഎ, എസ് ഷാജഹാൻ, വർക്കല ഏരിയ സെക്രട്ടറി എസ് രാജീവ് എന്നിവർ ഷാൾ അണിയിച്ചും പാർടി പതാക നൽകിയും സ്വീകരിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ കെ എം ലാജി, എം കെ യൂസഫ്, വി സത്യദേവൻ, ബി എസ് ജോസ്, ശ്രീധരൻ കുമാർ തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..