മാഡ്രിഡ്
സ്‌പാനിഷ് ഫുട്‌ബോൾ ലീഗിൽ റയൽ മാഡ്രിഡ് ഒന്നാമത്. റയോ വല്ലെകാനോയെ 2–-1ന് തോൽപ്പിച്ചു. ടോണി ക്രൂസും കരീം ബെൻസെമയുമാണ് റയലിനായി ഗോളടിച്ചത്. റാദമേൽ ഫാൽകാവോയാണ് വല്ലെകാനോയ്‌ക്കായി വലകണ്ടത്. ജയത്തോടെ പട്ടികയിൽ 12 കളിയിൽ 27 പോയിന്റായി റയലിന്. റയൽ സോസിഡാഡാണ് (25) രണ്ടാമത്.
സെൽറ്റ വിഗോയോട് സമനില വഴങ്ങിയ ബാഴ്‌സലോണ ഒമ്പതാമതാണ്. 17 പോയിന്റാണവർക്ക്. റയലും ബാഴ്‌സയും തമ്മിലുള്ള അന്തരം 10 പോയിന്റായി. സെൽറ്റയ്‌ക്കെതിരെ ആദ്യപകുതി മൂന്ന് ഗോളിന് മുന്നിട്ടുനിന്നശേഷമാണ് ബാഴ്‌സ കുരുങ്ങിയത് (3–-3). ലീഗിൽ ആറാമതുള്ള വല്ലെകാനോ റയലിനെതിരെ പൊരുതി. ലക്ഷ്യത്തിലേക്ക് റയലിനേക്കാൾ കൂടുതൽ പന്തയച്ചത് അവരായിരുന്നു. 14–-ാംമിനിറ്റിൽ ക്രൂസാണ് റയലിന്റെ ആദ്യഗോൾ നേടിയത്. വിനീഷ്യസ് ജൂനിയറായിരുന്നു അവസരമൊരുക്കിയത്. ഇടവേളയ്‌ക്കുമുമ്പായി ബെൻസെമ ലീഡുയർത്തി. സീസണിൽ റയലിനായി 15 കളിയിൽ 14 ഗോളായി ബെൻസെമയ്‌ക്ക്. എട്ടെണ്ണത്തിന് വഴിയൊരുക്കുകയും ചെയ്‌തു ഫ്രഞ്ചുകാരൻ.
സെൽറ്റയ്‌ക്കെതിരെ ബാഴ്‌സ ഞെട്ടി. അൻസു ഫാറ്റി, സെർജിയോ ബുസ്‌ക്വെറ്റ്‌സ്, മെംഫിസ് ഡിപെ എന്നിവരിലൂടെ 34 മിനിറ്റിനുള്ളിൽ മൂന്നടിച്ചു ബാഴ്‌സ. എന്നാൽ രണ്ടാംപകുതി കളി മറന്നു. ഇയാഗോ അസ്‌പാസും നൊളിറ്റോയും സെൽറ്റയ്‌ക്കായി മറുപടി നൽകി. ഇരട്ടഗോൾ നേടിയ അസ്‌പാസ് പരിക്കുസമയമാണ് സമനില കുറിച്ചത്. 21ന് എസ്‌പ്യാനോളുമായാണ് ബാഴ്‌സയുടെ അടുത്ത കളി. പുതിയ പരിശീലകൻ സാവിയുടെ കീഴിലാകും ബാഴ്‌സ അണിനിരക്കുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..