07 November Sunday

വിരമിച്ചിട്ടില്ല; വിടവാങ്ങല്‍ മത്സരം ജമൈക്കയില്‍ കളിക്കണമെന്ന് ഗെയ്ല്‍

വെബ് ഡെസ്‌ക്‌Updated: Sunday Nov 7, 2021

Photo credit: Twitter/T20 World Cup

ദുബായ് > രാജ്യാന്തര ക്രിക്കറ്റില്‍ നിന്നുള്ള വിടവാങ്ങല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍. ജന്മനാടായ ജമൈക്കയില്‍ വിരമിക്കല്‍ മത്സരം കളിക്കാനാണ് ആഗ്രഹമെന്നും ഗെയ്ല്‍ പറഞ്ഞു. ട്വന്റി 20 ലോകകപ്പിലെ ഓസ്ട്രേലിയക്കെതിരായ മത്സരശേഷം നടന്ന ഐസിസിയുടെ ഫെയ്സ്ബുക്ക് ലൈവിലായിരുന്നു ഗെയ്‌ലിന്റെ പ്രതികരണം.

ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ പുറത്തായശേഷം ബാറ്റുയര്‍ത്തി കാണികളെ അഭിവാദ്യം ചെയ്താണ് വെസ്റ്റിന്‍ഡീസുകാരന്‍ മടങ്ങിയത്. സഹതാരങ്ങളും കൈയടിച്ചാണ് ഇടംകൈയനെ വരവേറ്റത്. ഗെയ്്‌ലിന്റെ വിരമിക്കലിന്റെ ഭാഗമായാണ് ഇതെല്ലാമെന്നായിരുന്നു സൂചന. ഇതോടെയാണ് താരം തന്നെ വിശദീകരണം നല്‍കിയത്.

'ഓസ്ട്രേലിയക്കെതിരേ ഞാന്‍ ചില തമാശകള്‍ കാണിച്ചു എന്നേയുള്ളു. ലോകകപ്പിലെ എന്റെ അവസാന മത്സരം എന്ന നിലയില്‍ ആരാധകരെ രസിപ്പിച്ചെന്നേയുള്ളു. ഒരു ലോകകപ്പ് കൂടി കളിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് സമ്മതിക്കുമെന്ന് തോന്നുന്നില്ല. എന്റെ വിരമിക്കല്‍ ഞാന്‍ പ്രഖ്യാപിച്ചിട്ടില്ല. ജന്മനാടായ ജമൈക്കയില്‍ ഒരു മത്സരം കൂടി കളിക്കാന്‍ അനുവദിച്ചാല്‍ എനിക്ക് ആരാധകരോട് നന്ദി പറയാന്‍ കഴിയും. അതു നടന്നില്ലെങ്കില്‍ ഞാന്‍ ഔദ്യോഗികമായി വിരമിക്കും.' ഐസിസി ഫെയ്സ്ബുക്ക് ലൈവില്‍ ഗെയ്ല്‍ വ്യക്തമാക്കി.

ലോകകപ്പില്‍ മങ്ങിയ പ്രകടനമായിരുന്നു നാല്‍പ്പത്തിരണ്ടുകാരന്റേത്. അഞ്ചു കളിയില്‍ നേടിയത് 45 റണ്‍മാത്രം. ഐപിഎല്ലിലും താളം കണ്ടെത്താനായിരുന്നില്ല ഈ വെടിക്കെട്ട് ബാറ്റര്‍ക്ക്. ടെസ്റ്റും ഏകദിനവും നേരത്തേ മതിയാക്കിയ ഗെയ്ല്‍ ട്വന്റി--20യില്‍ തുടരുകയായിരുന്നു. 79 മത്സരത്തില്‍നിന്ന് രണ്ട് സെഞ്ചുറി ഉള്‍പ്പെടെ 1899 റണ്ണടിച്ചു. വിന്‍ഡീസിന്റെ രണ്ട് ലോകകപ്പ് വിജയത്തിലും പങ്കാളിയായി.

ട്വന്റി--20യില്‍ ആകെ ആയിരത്തിലധികം സിക്സറുകളാണ് ഇടംകൈയന്‍ പറത്തിയത്. ഐപിഎല്ലില്‍മാത്രം 357 എണ്ണമുണ്ട്. വിന്‍ഡീസിനായി 124 എണ്ണവും. വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോയും ഓസീസിനെതിരായ മത്സരത്തോടെ രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് പടിയിറങ്ങി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top