പാലാ > ഒരേ സ്ഥലത്തിന്റെ ആധാരം ഉപയോഗിച്ച് നിരവധി വ്യാജ ആധാരങ്ങളും അനുബന്ധ രേഖകളും ചമച്ച് വിവിധ ബാങ്കുകളിൽനിന്ന് വായ്‌പ എടുത്ത് ഒരു കോടിയോളം രൂപാ തട്ടിയ കേസിൽ സിനിമാ നിർമാതാവ് പിടിയിൽ. ഏഴാച്ചേരി താമരമുക്ക് കട്ടക്കനടയിൽ ബിജു ജെ കട്ടക്കലിനെ(44)യാണ് രാമപുരം സിഐ കെ എൻ രാജേഷ്, എസ്ഐ പി എസ് അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
സ്വന്തം പേരിലുള്ള 16.22 ചതുരശ്രമീറ്റർ വസ്‌തുവിന്റെ മറവിൽ നിരവധി വ്യാജ ആധാരങ്ങളും കൈവശാകാശ രേഖ, കരം അടച്ച രസീത്, ബാധ്യതാ സർട്ടിഫിക്കറ്റ് എന്നിവയുൾപ്പെടെ ചമച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഏഴാച്ചേരി സർവീസ് സഹകരണ ബാങ്ക് അധികൃതരുടെ പരാതിയിൽ വാഗമണ്ണിലെ സ്വന്തം റിസോർട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. 2018ൽ പുറത്തിറങ്ങിയ ഒരു മലയാള സിനിമയുടെ നിർമാതാവായ ഇയാൾ പ്രശസ്‌തമായ മറ്റൊരു മലയാള സിനിമയുടെ രണ്ടാം ഭാഗം നിർമിക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് കുടുങ്ങിയത്.
2009ൽ ഏഴാച്ചേരി ബാങ്കിൽനിന്ന് വസ്‌തു പണയപ്പെടുത്തി വായ്‌പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങി പലിശ ഉൾപ്പെടെ 24 ലക്ഷത്തോളം ബാങ്കിന് ബാധ്യത നിലനിലനിൽക്കെ ഇതേ സ്ഥലത്തിന്റെ ആധാരങ്ങളും രേഖകളും ചമച്ച് ജില്ലാ ബാങ്കിന്റെ കൊല്ലപ്പളളി ശാഖയിൽനിന്ന് വായ്പഎടുത്താണ് തട്ടിപ്പ്. പാലാ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വിവിധ ബാങ്കുകളെ കബളിപ്പിച്ച സംഭവത്തിൽ പാലാ, മേലുകാവ് പൊലീസ് സ്‌റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുണ്ട്. കടനാട് ബാങ്കിലും ഇയാൾ സമാന രീതിയിൽ തട്ടിപ്പ് നടത്തിയതായി പരാതിയുണ്ട്. എഴാച്ചേരി ബാങ്കിന്റെ പരാതിയിൽ തെളിവെടുപ്പ് പൂർത്തിയായിട്ടില്ല. ഇതുൾപ്പെടെ കൂടുതൽ അന്വേഷണം നടത്താനുണ്ട്. ഇതിന്റെ അടിസ്ഥാന
ത്തിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..