അബുദാബി
ട്വന്റി–-20 ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ബാറ്റർ ക്രിസ് ഗെയ്‌ൽ കളി മതിയാക്കുന്നു. ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ പുറത്തായശേഷം ബാറ്റുയർത്തി കാണികളെ അഭിവാദ്യം ചെയ്‌താണ് വെസ്റ്റിൻഡീസുകാരൻ മടങ്ങിയത്.
സഹതാരങ്ങളും കൈയടിച്ചാണ് ഇടംകൈയനെ വരവേറ്റത്. ഗെയ്‌ൽ ഔദ്യോഗികമായി അറിയിച്ചില്ലെങ്കിലും വിരമിക്കലിന്റെ ഭാഗമായാണ് ഇതെല്ലാമെന്നാണ് സൂചന.
ലോകകപ്പിൽ മങ്ങിയ പ്രകടനമായിരുന്നു നാൽപ്പത്തിരണ്ടുകാരന്റേത്. അഞ്ചു കളിയിൽ നേടിയത് 45 റൺമാത്രം. ഐപിഎല്ലിലും താളം കണ്ടെത്താനായിരുന്നില്ല ഈ വെടിക്കെട്ട് ബാറ്റർക്ക്. ടെസ്റ്റും ഏകദിനവും നേരത്തേ മതിയാക്കിയ ഗെയ്‌ൽ ട്വന്റി–-20യിൽ തുടരുകയായിരുന്നു. 79 മത്സരത്തിൽനിന്ന് രണ്ട് സെഞ്ചുറി ഉൾപ്പെടെ 1899 റണ്ണടിച്ചു. വിൻഡീസിന്റെ രണ്ട് ലോകകപ്പ് വിജയത്തിലും പങ്കാളിയായി. ട്വന്റി–-20യിൽ ആകെ ആയിരത്തിലധികം സിക്‌സറുകളാണ് ഇടംകൈയൻ പറത്തിയത്. ഐപിഎല്ലിൽമാത്രം 357 എണ്ണമുണ്ട്. വിൻഡീസിനായി 124 എണ്ണവും. വിൻഡീസ് ഓൾറൗണ്ടർ ഡ്വെയ്‌ൻ ബ്രാവോയും ഓസീസിനെതിരായ മത്സരത്തോടെ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് പടിയിറങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..