കോയമ്പത്തൂർ
കീഴ്‌വെണ്‍മണി പോരാട്ടത്തിന്റെ മണ്ണിൽ സിപിഐ എം നേതൃത്വത്തിൽ നടത്തിയ മറ്റൊരു ഭൂസമരംകൂടി വിജയം. കോയമ്പത്തൂർ ജില്ലയിലെ പൊള്ളാച്ചിക്കടുത്ത് വാൾപ്പാറയിലെ കല്ലാർകുടിയിലുള്ള 23 ആദിവാസി കുടംബങ്ങൾക്ക് സർക്കാർ വനാവകാശ നിയമപ്രകാരം ഭൂമി അനുവദിച്ചു. ഇതിനായി രണ്ട് വർഷമായി ആദിവാസികൾ സമരത്തിലായിരുന്നു. 2019 ആഗസ്‌ത് എട്ടിനുണ്ടായ അതിശക്തമായ മഴയിലും മലവെള്ളപ്പാച്ചിലിലുംപെട്ട് കിടപ്പാടവും സ്വന്തമായുണ്ടായിരുന്ന പാരമ്പര്യഭൂമിയും നഷ്ടപ്പെട്ട മനുഷ്യർ അവകാശം നേടിയെടുക്കാൻ മുട്ടാത്ത വാതിലുകളില്ല. എല്ലാം അടഞ്ഞുതന്നെ കിടന്നു. അവസാനം സിപിഐ എം നേതാക്കളെ സമീപിച്ചു. സിപിഐ എമ്മിനൊപ്പം അഖിലേന്ത്യ കിസാൻ സഭ, മലവാഴ്‌വ് മക്കൾ സംഘം എന്നിവ സമരത്തിന് പിന്തുണയുമായെത്തി.
വാൾപ്പാറയിലെ തെപ്പകുളമേട്ടിലുള്ള തങ്ങളുടെ പാരമ്പര്യ ഭൂമിയിൽ അവകാശം അനുവദിക്കണമെന്ന് വനം വകുപ്പിനോട് ആവശ്യപ്പെട്ടു. എന്നാൽ ടൈഗർ റിസർവ് ആണെന്നു പറഞ്ഞ് ഭൂമി നൽകാൻ തയ്യാറായില്ല. എഐഎഡിഎംകെ സർക്കാർ സമരം കണ്ടില്ലെന്ന് നടിച്ചു. പലതവണ കോയമ്പത്തൂർ കലക്ടർ, മന്ത്രിമാർ എന്നിവരുമായി ചർച്ച നടത്തിയെങ്കിലും പരിഹാരമുണ്ടായില്ല. മതേതര മുന്നണി സർക്കാർ അധികാരത്തിൽ വന്നതോടെ സിപിഐ എം കല്ലാറിലെ ആദിവാസികളുടെ പ്രശ്‌നം മന്ത്രിസഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. തുടർന്ന് കോയമ്പത്തൂർ കലക്ടർ സമീരനുമായി പി ആർ നടരാജൻ എംപി, കിസാൻ സഭ സംസ്ഥാന സെക്രട്ടറി പി ഷൺമുഖം എന്നിവരുടെ നേതൃത്വത്തിൽ ചർച്ച നടത്തിയാണ് പ്രശ്‌നപരിഹാരം ഉണ്ടാക്കിയത്. ഇതനുസരിച്ച് 23 കുടുംബങ്ങൾക്കും പട്ടയത്തോടെ ഭൂമി അനുവദിക്കാൻ തീരുമാനിച്ചു. ഞായർ വാൾപ്പാറയിൽ നടന്ന ചടങ്ങിൽ വൈദ്യുതി മന്ത്രി സെന്തിൽ ബാലാജി ആദിവാസികൾക്ക് വനാവകാശ നിയമനുസരിച്ചുള്ള ഭൂമിയുടെ പട്ടയം കൈമാറി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..