Latest NewsNewsIndiaCarsAutomobile

ബിഎച്ച് ശ്രേണിയിലെ റജിസ്‌ട്രേഷന്‍ 15 സംസ്ഥാനങ്ങളില്‍ തുടക്കം

ദില്ലി: സംസ്ഥാനങ്ങളുടെ അതിര്‍ത്തികളുടെ പരിമിതിയില്ലാതെ, രാജ്യവ്യാപകമായി ഉപയോഗിക്കാന്‍ അനുമതിയുള്ള ഭാരത് (ബി എച്ച്) ശ്രേണിയിലെ വാഹന റജിസ്‌ട്രേഷന് ഡല്‍ഹിയിലും മഹാരാഷ്ട്രയിലും അടക്കം 15 സംസ്ഥാനങ്ങളില്‍ തുടക്കമായി. കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ വിജ്ഞാപനം പുറത്തെത്തി രണ്ടു മാസത്തിനകം 15 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് ബി എച്ച് സീരീസ് റജിസ്‌ട്രേഷന്‍ അനുവദിച്ചു തുടങ്ങിയത്.

ഡല്‍ഹിക്കും മഹാരാഷ്ട്രയ്ക്കു പുറമെ ഒഡീഷ, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, ജമ്മു ആന്‍ഡ് കശ്മീര്‍, ചണ്ഡീഗഢ്, ത്രിപുര എന്നിവിടങ്ങളിലും ബിഎച്ച് ശ്രേണിയില്‍ വാഹനം റജിസ്റ്റര്‍ ചെയ്യാം. സൈനികര്‍ക്കും കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും നാലോ അതിലധികമോ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഓഫിസുള്ള പൊതു/സ്വകാര്യ മേഖല കമ്പനി ജീവനക്കാര്‍ക്കുമാണു നിലവില്‍ അവരുടെ സ്വകാര്യ വാഹനങ്ങള്‍ ബി എച്ച് ശ്രേണിയില്‍ റജിസ്റ്റര്‍ ചെയ്യാന്‍ അവസരം.

ഇതിനോടകം ഏഴു സംസ്ഥാനങ്ങള്‍ ബി എച്ച് ശ്രേണിയില്‍ വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്തു നല്‍കിയിട്ടുണ്ട്. ബി എച്ച് സീരീസ് റജിസ്‌ട്രേഷനില്‍ ഒഡീഷയാണു മുന്നില്‍. ഇതിനോടകം 55 വാഹനങ്ങള്‍ പുതിയ റജിസ്‌ട്രേഷന്‍ സ്വീകരിച്ചു. 32 റജിസ്‌ട്രേഷനുകളുമായി ഡല്‍ഹിയാണു രണ്ടാം സ്ഥാനത്ത്. ബി എച്ച് ശ്രേണി പുതിയ തുടക്കമാവുമെന്നാണു കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. പദ്ധതിയെക്കുറിച്ചു സംസ്ഥാനങ്ങളൊന്നും എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടില്ല. തൊഴില്‍പരമായ ആവശ്യങ്ങള്‍ക്കായി സ്ഥലം മാറേണ്ടി വരുന്നവരെ വാഹനം വീണ്ടും റജിസ്റ്റര്‍ ചെയ്യുന്ന ബാധ്യതയില്‍ നിന്ന് ഒഴിവാക്കാന്‍ സംസ്ഥാനങ്ങളും തല്‍പരരാണെന്നാണു സൂചന.

പുതിയ സീരീസിലെ റജിസ്‌ട്രേഷന്‍ സംബന്ധിച്ചു വാഹന ഉടമകളും ഇതുവരെ പരാതിയൊന്നും ഉന്നയിച്ചിട്ടില്ല. ബി എച്ച് ശ്രേണിയിലെ റജിസ്‌ട്രേഷന്‍ നിര്‍ബന്ധമേയല്ലെന്നതാണു പദ്ധതിയുടെ പ്രധാന സവിശേഷത. ഇടയ്ക്കിടെ സ്ഥലം മാറാന്‍ നിര്‍ബന്ധിതരാവുന്ന ജീവനക്കാര്‍ക്കു പുതിയ സംസ്ഥാനത്തു വാഹനം റീ- റജിസ്റ്റര്‍ ചെയ്യുന്നതിന്റെ ബുദ്ധിമുട്ട് പരിഹരിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

ഭാരത് എന്നതിന്റെ ചുരുക്കെഴുത്തായ ബി എച്ച് ശ്രേണിയില്‍ റജിസ്റ്റര്‍ ചെയ്ത വാഹനമാണെങ്കില്‍ രാജ്യത്ത് എവിടെയും റീ -റജിസ്‌ട്രേഷന്‍ കൂടാതെ ഉപയോഗിക്കാമെന്നതാണു നേട്ടം. രണ്ടു വര്‍ഷത്തെയോ, രണ്ടിന്റെ ഗുണിതങ്ങളായി കൂടുതല്‍ വര്‍ഷത്തെയോ റോഡ് നികുതി അടച്ച് ഓണ്‍ലൈന്‍ വ്യവസ്ഥയില്‍ വേണം ബി എച്ച് ശ്രേണിയിലെ റജിസ്‌ട്രേഷന്‍ നേടാന്‍.

Read Also:- ഇഞ്ചിയുടെ ഔഷധ ഗുണങ്ങൾ!

10 ലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങള്‍ക്ക് എട്ടു ശതമാനമാണു നികുതി. വാഹന വില 10 മുതല്‍ 20 ലക്ഷം രൂപ വരെയെങ്കില്‍ നികുതി നിരക്കും 10% ആവും. 20 ലക്ഷം രൂപയിലേറെ വിലയുള്ള വാഹനങ്ങള്‍ക്ക് 12% ആണു നികുതി. ഡീസല്‍ വാഹനങ്ങള്‍ക്ക് രണ്ടു ശതമാനം അധിക നികുതി ബാധകമാണ്. വൈദ്യുത വാഹനങ്ങള്‍ക്കാവട്ടെ നികുതി നിരക്കില്‍ രണ്ടു ശതമാനം ഇളവും ലഭിക്കും.

shortlink

Related Articles

Post Your Comments


Back to top button