ലണ്ടൻ
തുടർച്ചയായ നാലാം ജയത്തോടെ ലിവർപൂൾ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ. അയാക്‌സും അവസാന 16 ഉറപ്പിച്ചു. ആൻഫീൽഡിൽ അത്‌ലറ്റികോ മാഡ്രിഡിനെ രണ്ട് ഗോളിന് തകർത്താണ് ലിവർപൂൾ മുന്നേറിയത്. അത്‌ലറ്റികോ, പോർട്ടോ, എസി മിലാൻ ടീമുകൾ ഉൾപ്പെട്ട ബി ഗ്രൂപ്പിന് മരണഗ്രൂപ്പെന്നായിരുന്നു വിശേഷണം. എന്നാൽ യുർഗൻ ക്ലോപ്പിന്റെ ലിവർപൂൾ എതിരാളികളെ തറപറ്റിച്ച് മുന്നേറി. നാല് കളിയിൽ 13 ഗോളാണ് അടിച്ചത്. വഴങ്ങിയത് അഞ്ചെണ്ണം. ലിവർപൂളിന് സമാനമാണ് അയാക്‌സിന്റെയും കുതിപ്പ്. ബൊറൂസിയ ഡോർട്ട്‌മുണ്ടിനെ 3–-1ന് തോൽപ്പിച്ചു. സി ഗ്രൂപ്പിൽ നാലിലും ജയിച്ചു ഡച്ചുകാർ.
മറ്റു മത്സരങ്ങളിൽ പിഎസ്‌ജിയെ ആർബി ലെയ്‌പ്‌സിഗ് 2–-2ന് തളച്ചു. മാഞ്ചസ്റ്റർ സിറ്റി ക്ലബ് ബ്രുജിനെ 4–-1ന് മറികടന്നപ്പോൾ റയൽ മാഡ്രിഡ് ഷെരിഫിനെ വീഴ്‌ത്തി (2–-1).
അത്‌ലറ്റികോയ്‌ക്കെതിരെ ആധികാരികമായിരുന്നു ലിവർപൂളിന്റെ ജയം. ദ്യേഗോ യൊട്ടയും സാദിയോ മാനെയും ഗോളടിച്ചു. ഡോർട്ട്‌മുണ്ടിനെ കഴിഞ്ഞമാസം സ്വന്തംതട്ടകത്തിൽ നാല് ഗോളിന് തകർത്തായിരുന്നു അയാക്‌സ് എത്തിയത്. ഇത്തവണ ഡോർട്ട്‌മുണ്ടിന്റെ തട്ടകത്തിലും മികവാവർത്തിച്ചു അവർ. ദുസാൻ ടാഡിച്ച്, സെബാസ്റ്റ്യൻ ഹാളർ, ഡേവി ക്ലാസെൻ എന്നിവർ ലക്ഷ്യം കണ്ടു.
ലയണൽ മെസിയില്ലാതെ ഇറങ്ങിയ പിഎസ്‌ജിക്ക് ലെയ്‌പ്‌സിഗിനെതിരെ മിന്നാനായില്ല. പരിക്കുസമയം ഡൊമിനിക് സൊബോസ്ലായിയാണ് ലെയ്‌പ്‌സിഗിന്റെ സമനില കുറിച്ചത്. ക്രിസ്റ്റഫർ എങ്കുങ്കുവിലൂടെ കളിയിൽ ആദ്യം മുന്നിലെത്തിയതും അവർ തന്നെ. ജോർജീനോ വൈനാൽദം പിഎസ്‌ജിക്കായി ഇരട്ടഗോൾ നേടി. ഫിൽ ഫൊദെൻ, റിയാദ് മഹ്‌റെസ്, റഹീം സ്‌റ്റെർലിങ്, ഗബ്രിയേൽ ജെസ്യൂസ് എന്നിവരാണ് ബ്രുജിനെതിരെ സിറ്റിക്കായി ഗോളടിച്ചത്. കരീം ബെൻസെമയുടെ ഇരട്ടഗോളിലാണ് റയൽ ഷെരിഫിനെതിരെ ജയം നേടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..