06 November Saturday
സുസ്ഥിരവികസനം ശാസ്‌ത്രീയമാകണം : മുഖ്യമന്ത്രി

പതിനാലാം പഞ്ചവത്സരപദ്ധതി ; എല്ലാവർക്കും വികസനം ; പൊതുസമീപനരേഖയ്‌ക്ക്‌ സംസ്ഥാന ആസൂത്രണ ബോർഡ്‌ അംഗീകാരം

സ്വന്തം ലേഖകൻUpdated: Friday Nov 5, 2021



തിരുവനന്തപുരം
വികസന പ്രക്രിയയിൽ ഒരാളും ഒഴിവാക്കപ്പെടരുത്‌ എന്ന ലക്ഷ്യം മുന്നോട്ടുവയ്‌ക്കുന്ന പതിനാലാം പഞ്ചവത്സര പദ്ധതിയുടെ പൊതുസമീപന രേഖയ്‌ക്ക്‌ സംസ്ഥാന ആസൂത്രണ ബോർഡ്‌ അംഗീകാരം. പുതുതായി രൂപീകരിച്ചബോർഡിന്റെ ആദ്യയോഗം രേഖ ചർച്ച ചെയ്‌തു. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായി. 

ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം തുടങ്ങി സാമൂഹികാവശ്യ ചെലവഴിക്കലുകളും സാമൂഹ്യക്ഷേമം, സാമൂഹ്യനീതി, ലിംഗനീതി എന്നിവയിൽ ഊന്നിയുള്ള പുരോഗതിയും പദ്ധതി ലക്ഷ്യംവയ്ക്കുന്നു. സമ്പദ്ഘടനയിലെ ഉൽപ്പാദനശക്തികളുടെ അതിവേഗ വളർച്ച പൊതുസമീപനത്തിന്റെ ഭാഗമാണ്‌.അതിദാരിദ്ര്യം ഇല്ലാതാക്കൽ, കൂടുതൽ തൊഴിൽദായകവും ഉൽപ്പാദനക്ഷമവുമായ സമ്പദ്ഘടന കെട്ടിപ്പടുക്കൽ, ഉന്നതവിദ്യാഭ്യാസത്തിന്റെ ആധുനികവൽക്കരണം, യുവാക്കൾക്ക് മികച്ച തൊഴിൽ, പ്രാദേശിക സർക്കാരുകളെ പുരോഗതിയുടെ ചാലകശക്തികളാക്കൽ തുടങ്ങിയവ ഉൾപ്പെടുന്നു.

പഞ്ചവത്സര പദ്ധതി പ്രവർത്തന സമയക്രമത്തിനും യോഗം അംഗീകാരം നൽകി. പദ്ധതിയുടെ അന്തിമരൂപം അടുത്തവർഷം ആദ്യം തയ്യാറാകും. വിവിധ മേഖലയിൽ സമീപന രേഖ തയ്യാറാക്കുന്നതിനും പദ്ധതി രൂപീകരണത്തിനും കർമസമിതികളും ഉപസംഘങ്ങളുമുണ്ടാകും. 25 മുതൽ 40വരെ അംഗങ്ങളാണ്‌ സമിതിയിലുള്ളത്‌. അതതു മേഖലകളിലെ അക്കാദമിക പണ്ഡിതർ, ഉദ്യോഗസ്ഥർ, വിദഗ്‌ധർ, സന്നദ്ധ പ്രവർത്തകർ അംഗങ്ങളാകും. അഞ്ചുവർഷം ഓരോ മേഖലയിലും നടപ്പാക്കേണ്ട പദ്ധതികളും ദീർഘകാലാടിസ്ഥാനത്തിൽ ഗുണകരമാകുന്ന പരിപാടികളും കർമസമിതി നിർദേശിക്കും.

2022-–-23 വാർഷിക പദ്ധതിക്ക് ഡിസംബറിൽ അന്തിമരൂപമാകും. ബോർഡ് യോഗത്തിൽ ഉപാധ്യക്ഷൻ ഡോ. വി കെ രാമചന്ദ്രൻ ആമുഖം അവതരിപ്പിച്ചു.

സുസ്ഥിരവികസനം ശാസ്‌ത്രീയമാകണം : മുഖ്യമന്ത്രി
സുസ്ഥിര വികസനം എന്ന വെല്ലുവിളി ശാസ്ത്രീയമായും യുക്തിസഹമായും നേരിടണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന ആസൂത്രണ ബോർഡ്‌  യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിർമിതികൾ അതിജീവനക്ഷമതയുള്ളതാവണം. കാലാവസ്ഥാ വ്യതിയാനം പദ്ധതി രൂപീകരണത്തിൽ പരിഗണിക്കണം. ദുരന്തനിവാരണം വികസന പ്രക്രിയയുടെ ഭാഗമാകണം.എല്ലാ മേഖലയുടെയും പുരോഗതിക്ക് ശാസ്ത്രം, സാങ്കേതികവിദ്യ, ആധുനിക വൈദഗ്‌ധ്യം തുടങ്ങിയവ  ഉപയോഗിക്കണം. ആസൂത്രണത്തിൽ പ്രാദേശിക സർക്കാരുകൾ, സഹകരണ സംഘങ്ങൾ, ജനകീയ കൂട്ടായ്‌മകൾ എന്നിവയുടെയും ഇടപെടൽ വേണം.

കേന്ദ്രത്തിന് അനുകൂലമായും സംസ്ഥാനങ്ങൾക്കെതിരായും ഇന്ത്യൻ ഫെഡറൽ സംവിധാനം മാറുന്നു. ഈ അസമത്വത്തിൽ സംസ്ഥാനം ഗുരുതരമായ വിഭവ പരിമിതി നേരിടുന്നു. സംസ്ഥാനങ്ങൾക്കനുകൂലമായി കേന്ദ്ര–- -സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ അഴിച്ചുപണിയണം. കോവിഡാനന്തര വീണ്ടെടുക്കൽ ശ്രമങ്ങളിലാണ് സർക്കാർ. സാമ്പത്തിക പരിമിതികൾ ഉണ്ടെങ്കിലും സുസ്ഥിര സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കാനുള്ള ദൗത്യം മാറ്റിവയ്‌ക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top