05 November Friday

ഉത്സവ ലഹരിയിൽ ഷാർജ പുസ്‌തകോത്സവം; മേളയിലേക്ക് ജനപ്രവാഹം

കെ എൽ ഗോപിUpdated: Friday Nov 5, 2021

ഷാർജ > അക്ഷരങ്ങളുടെ നിധി തേടി അലയുന്ന ആയിരക്കിനു വിജ്ഞാന ദാഹികൾക്കു വിരുന്നൊരുക്കി നാൽപതാമത് ഷാർജ അന്താരാഷ്ട്ര പുസ്‌തകോത്സവം സജീവമായി. ആദ്യ ദിനത്തിൽ തന്നെ പുസ്‌തകശാലകളെല്ലാം സന്ദർശകരെക്കൊണ്ടു നിറഞ്ഞു കവിഞ്ഞു. സ്റ്റാളുകളുടെ  ഉദ്‌ഘാടനത്തിരക്കായിരുന്നു ആദ്യ ദിനത്തിൽ. സാമൂഹിക, സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരെ അടക്കം പങ്കെടുപ്പിച്ചുകൊണ്ടാണ് പല സ്റ്റാളുകളും ഉദ്ഘാടനചടങ്ങുകൾ സംഘടിപ്പിച്ചത്.

നാട്ടിൽ നിന്നുമുള്ള അതിഥികളെ അടക്കം പങ്കെടുപ്പിച്ചുകൊണ്ട്  ചടങ്ങ് വർണാഭമാക്കാൻ  മിക്ക പുസ്‌തകശാലകളും  മത്സരത്തിലായിരുന്നു. മുൻ മന്ത്രി സി ദിവാകരൻ, ടി എൻ പ്രതാപൻ എം പി, സിനിമാ സംവിധായകൻ നിഷാദ്, നടൻ ഇർഷാദ് തുടങ്ങിയ നിരവധി പ്രമുഖർ ആദ്യ ദിനത്തിൽ പുസ്‌തകോത്സവ വേദിയിൽ എത്തി വിവിധ ചടങ്ങുകളിൽ പങ്കെടുത്തു.  ആദ്യ രണ്ടു ദിനങ്ങളിൽ തന്നെ മലയാളത്തിലുള്ള മുപ്പതോളം പുസ്‌തകങ്ങളാണ്  പ്രകാശനം ചെയ്‌തത്.

നോബൽ സാഹിത്യ ജേതാവായ അബ്ദുൽ റസാഖ് ഗുർന, ഷാർജ പുസ്‌തകോത്സവത്തിന്റെ ഈ  വർഷത്തെ സാംസ്‌കാരിക വ്യക്തിത്വം കുവൈറ്റ് നോവലിസ്റ്റായ താലിബ് അൽ റിഫായ് എന്നിവരുമൊത്തുള്ള സംവാദം ആദ്യ ദിനത്തിലായിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഒരു വലിയ ജനാവലി തന്നെ ഇരുവരേയും കേൾക്കാൻ പുസ്‌തകോത്സവ വേദിയിൽ തടിച്ചു കൂടി.

വിവിധ തുറകളിൽ നിന്നായി ഇന്ത്യയിൽ നിന്നും പന്ത്രണ്ടോളം അതിഥികളാണ് ഇത്തവണ പുസ്‌തകോത്സവത്തിൽ എത്തുന്നത്.  ഇതിൽ മലയാളത്തിൽ നിന്ന്  സന്തോഷ് ജോർജ് കുളങ്ങര, തിരക്കഥാകൃത്ത് പി എഫ് മാത്യൂസ്, കവി മനോജ് കുറൂർ എന്നിവരാണ് അതിഥികൾ.  പ്രശസ്‌ത നോവലിസ്റ്റ് അമിതാവ് ഘോഷ്, രവീന്ദർ സിംഗ്, ബെസ്റ്റ് സെല്ലിങ് നോവലിസ്റ്റ് ചേതൻ ഭഗത്, മാധ്യമപ്രവർത്തകൻ വിർ സാങ് വി, അർഫീൻ ഖാൻ, ഹാഷ് മരിവാല എന്നിവരാണ് ഇന്ത്യയിൽ നിന്നുള്ള മറ്റു പ്രമുഖർ. ഏകദേശം മൂന്നര മില്യൺ ഇന്ത്യക്കാരാണ് യുഎഇയിൽ വസിക്കുന്നത്. അതിനാൽ പുസ്തകോത്സവ നഗരിയിലേക്ക് ഇന്ത്യക്കാരെ കൂടുതൽ ആകർഷിക്കുന്ന വിധത്തിലാണ് ഇന്ത്യയിൽ നിന്നും ഉള്ള വിവിധ വ്യക്തിത്വങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത്.

പുസ്‌തകോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്ന കുക്കറി കോർണറിൽ 10 രാജ്യങ്ങളിൽനിന്നായി  11 ലോകപ്രശസ്തരായ പാചകക്കാരനാണ് പങ്കെടുക്കുന്നത് . കുനാൽ കപൂർ, ഷോണോൽ സബർവാൾ, (ഇന്ത്യ), ജൂഡി ജൂ (കൊറിയ), ഷർസൻ ലിയോൺ (മലേഷ്യ), ലീന സാദ് (ലെബനോൺ) തുടങ്ങിയവർ ഇതിൽ പങ്കെടുക്കും.

പ്രതിപക്ഷനേതാവ് വി ഡി സതീശൻ, ടി എൻ പ്രതാപൻ എം പി , എൻ പി ഹാഫിസ് മുഹമ്മദ് എന്നിവരുടെ പുസ്ത‌കങ്ങൾ രണ്ടാം ദിവസം റിലീസ് ചെയ്‌തു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കവി കുരീപ്പുഴ ശ്രീകുമാർ, ടി എൻ പ്രതാപൻ എം.പി., എന്നിവരുടെ സാന്നിധ്യം രണ്ടാം ദിവസത്തെ മേളയിൽ ഉണ്ടായി. രമേശ് ചെന്നിത്തലയുടെ പുസ്‌തകവും ഇത്തവണ പുസ്ത‌കോത്സവത്തിൽ പ്രകാശനം ചെയ്യുന്നുണ്ട്.

കോവിഡ് കാലത്തിനു ശേഷം ജന ജീവിതം സാധാരണ നിലയിലേക്ക് തിരിച്ചു വരുന്നതിന്റെ തെളിവുകൂടിയായിരുന്നു പുസ്‌ത‌കോത്സവനഗരിയിൽ കണ്ട വൻതിരക്ക്. ഒൻപതു രാജ്യങ്ങളാണ് ഇത്തവണ പുതിയതായി പുസ്‌തകോത്സവത്തിൽ എത്തിയത്. മേളയുടെ വിവിധ വേദികളിൽ പുസ്‌തകപ്രകാശനത്തിനും, കലാപരിപാടികൾ കാണുന്നതിനും കുടുംബ സമേതമുള്ള വൻജനാവലിയാണ് എത്തുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top