03 November Wednesday

ഐ.ടി പാർക്കുകളിൽ പബ്ബ്‌ അടക്കമുള്ള സൗകര്യങ്ങളും ആലോചനയിൽ: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 3, 2021

തിരുവനന്തപുരം > സംസ്ഥാനത്തെ മൂന്ന്‌ ഐടി പാർക്കുകളും ഒരു സിഇഒക്കു കീഴിൽ എന്നതിൽ മാറ്റംവരുത്തുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. ഐടി പാർക്കുകളിൽ പബ്ബ്‌ അടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുന്ന കാര്യം ആലോചിക്കുമെന്ന്‌ ലീഗ്‌ അംഗം കുറുക്കോളി മൊയ്‌തീന്റെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

മറ്റ്‌ ഐടി കേന്ദ്രങ്ങളിലുള്ള പബ്ബ്‌ അടക്കമുള്ള സൗകര്യങ്ങൾ കേരളത്തിൽ ഇല്ല എന്നത്‌ കുറവായിവരുന്നുണ്ട്‌. ഐടി കമ്പനികളിലെ ജീവനക്കാരായ യുവത മറ്റു കേന്ദ്രങ്ങളിൽ ലഭ്യമാകുന്ന സൗകര്യങ്ങൾ ഇവിടെയും ആഗ്രഹിക്കും. സംസ്ഥാനത്ത്‌ പുതിയ ഐടി കമ്പനികൾ സ്ഥാപിക്കാൻ തയ്യാറായി പ്രതിനിധികളെ ഇങ്ങോട്ടയക്കുമ്പോൾ പബ്ബ്‌ അടക്കമുള്ള സൗകര്യങ്ങൾ ഇല്ല എന്നത്‌ കുറവായി അവർ നൽകുന്ന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്‌. ഇത്‌ പരിഹരിക്കാൻ സർക്കാർ നേരത്തെ ആലോചിച്ചിരുന്നു. എന്നാൽ, കോവിഡിന്റെ സാഹചര്യത്തിൽ മറ്റ്‌ നടപടിക്രമങ്ങളിലേക്ക്‌ കടന്നില്ല. ഇപ്പോൾ എല്ലാം തുറക്കുന്ന ഘട്ടത്തിൽ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആലോചിക്കും.

കോഴിക്കോട് സൈബർ പാർക്കിൽ കൂടുതൽ ഐടി സ്ഥാപനങ്ങൾ എത്തിക്കാൻ നടപടി സ്വീകരിക്കും. കോവിഡ് സാഹചര്യത്തിലും 1000 പുതിയ തൊഴിലവസരം ഐടി പാർക്കുകളിലുണ്ടായി. മുൻ വർഷം 40 ഐടി കമ്പനികൾ പുതുതായി എത്തിയെങ്കിൽ ഇൗ വർഷം കോവിഡ്‌ സാഹചര്യത്തിലും 10 കമ്പനികൾ എത്തി. ഈ വർഷം രണ്ടു ലക്ഷം ചതുരശ്രയടി ഏരിയകൂടി അധികമായി വിനിയോഗിച്ചു. ഐടി കമ്പനികളുടെയും ജീവനക്കാരുടെയും താൽപ്പര്യം സംരക്ഷിക്കുന്ന ഇടപെടലാണ്‌ സർക്കാർ നടത്തുന്നത്‌. അനധികൃതമായി ജീവനക്കാരെ പിരിച്ചുവിടരുതെന്നും ശമ്പളവും ആനുകൂല്യവും കൃത്യമായി ലഭിക്കണമെന്നുമാണ്‌ സർക്കാരിന്റെ സമീപനമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
Top