കൽപ്പറ്റ > പ്രളയഫണ്ട് തട്ടിപ്പിനെ തുടർന്നുണ്ടായ വിവാദം പൊട്ടിത്തെറിയിലെത്തിയതോടെ ലീഗ് നേതൃത്വം പ്രതിരോധത്തിലായി. നേതൃത്വത്തിന്റെ അഴിമതി ചൂണ്ടിക്കാട്ടി ജില്ലാ നിർവാഹക സമിതി അംഗം സി മമ്മി സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങൾക്ക് കത്തയച്ചതോടെയാണ് ലീഗിൽ പൊട്ടിത്തെറി രൂക്ഷമാക്കിയത്.
പൊഴുതന പഞ്ചായത്തിലെ പ്രളയ ദുരിതാശ്വാസത്തിന് സമാഹരിച്ച ഫണ്ട് നേതൃത്വം തട്ടിയെടുത്തെന്നതുൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് മുസ്ലിംലീഗ് ജില്ലാ നിർവാഹകസമിതി അംഗം കൂടിയായ സി മമ്മി ഉന്നയിച്ചത്. മുസ്ലിംലീഗിന് അണികളുടെയും സമുദായത്തിന്റെയും പിന്തുണ നഷ്‌ടമായെന്ന് മമ്മി കത്തിൽ തുറന്നുകാട്ടി. മുട്ടിൽ യത്തിംഖാനയുടെ മറവിൽ നടക്കുന്ന കൊള്ളയും നിയമനത്തിലെ അഴിമതിയും ചൂണ്ടിക്കാണിക്കുന്ന കത്തിൽ ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ അവസരവാദ നിലപാടുകളെയും ശക്തമായ ഭാഷയിൽ വിമർശിക്കുന്നു.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പൊഴുതനയിൽ സ്ഥിരമായി വിജയിക്കുന്ന 11ാം വാർഡിൽ ലീഗ് സ്ഥാനാർഥിയെ പാർടിയിലെ എതിർ വിഭാഗം പരാജയപ്പെടുത്തുക കൂടി ചെയ്‌തതോടെയാണ് വിവാദങ്ങൾ പൊട്ടിത്തെറിയിലേക്കും പരസ്യ ഏറ്റുമുട്ടലിലേക്കും നയിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയ തർക്കങ്ങൾ പലപ്പോഴും തെരുവുയുദ്ധത്തിലെത്തി. ലീഗിന് സ്വാധീനമുള്ള പന്ത്രണ്ടാം വാർഡിലെ സ്ഥാനാർഥി നിർണയ തർക്കം സംഘട്ടനത്തിലാണ് കലാശിച്ചത്.
തർക്കവും അഭിപ്രായഭിന്നതയും രൂക്ഷമായതോടെ ജില്ലാ നേതൃത്വം പഞ്ചായത്ത് കമ്മിറ്റി പിരിച്ച് വിട്ടു. ജില്ല ജോ. സെക്രട്ടറി യഹ്യാഖാൻ തലക്കൽ കൺവീനറായി അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. കൺവീനർ ഒരു വിഭാഗത്തിന്റെ മാത്രം വാദം കേൾക്കുകയും അതിനനുസരിച്ച് മാത്രം തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്‌തതായി സി മമ്മി കുറ്റപ്പെടുത്തി. ഒരു വാർഡിൽനിന്നും അഞ്ച് പേരെ വീതം തെരഞ്ഞെടുത്ത് പഞ്ചായത്ത് കമ്മിറ്റി പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചുവെങ്കിലും കൺവീനറുടെ പക്ഷപാതപരമായ സമീപനംമൂലം പല സ്ഥലങ്ങളിലും കൈയാങ്കളിയിൽ കലാശിച്ചു. മൂന്നാം വാർഡിൽ സംഘർഷം തീർക്കാൻ പൊലീസെത്തി. പക്ഷപാതമില്ലാതെ പ്രശ്‌നം പരിഹരിക്കേണ്ട ജില്ലാ നേതൃത്വം നിസ്സഹായരായി നോക്കി നിൽക്കുകയാണെന്നും സി മമ്മി കത്തിൽ കുറ്റപ്പെടുത്തി.
കത്തിന്റെ പ്രസക്ത ഭാഗങ്ങൾ ചുവടെ:
കേരളത്തിന്റെ സാമൂഹിക സാമ്പത്തിക ഗതാഗത മേഖലകളിൽ വലിയ മുന്നേറ്റം സൃഷ്‌ടിക്കാൻ ഉതകുന്ന കെ റെയിൽ പദ്ധതിക്കെതിരെ മുസ്ലിങ്ങളുടെ വംശനാശം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന മോദിയുടെ ബിജെപിയുമായി ചേർന്ന് സമരമുന്നണിയുണ്ടാക്കുന്നു. കേരളത്തിലെ മുസ്ലിം വിഭാഗത്തിനിടയിൽ വലിയ അംഗീകാരമുള്ള കെ ടി ജലീലുമായി വേദി പങ്കിട്ട വനിതാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ നടപടിയെടുത്തു.
മതരാഷ്ട്ര വാദം ഉന്നയിക്കുന്ന മൗദൂദി സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായും നിരവധി ലീഗ് പ്രവർത്തകരുടെ കൊലപാതകത്തിനു കാരണക്കാരായ തീവ്ര വർഗീയ സംഘടനയായ എസ്‌ഡിപിഐയുമായും അവിശുദ്ധ കൂട്ടുകെട്ടാണ് കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ലീഗ് ഉണ്ടാക്കിയത്. മതേതരമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന മുസ്ലിം സമുദായത്തിലെ ഭൂരിപക്ഷം വരുന്ന ജനങ്ങൾക്കിടയിൽ ലീഗ് ഒറ്റപ്പെടാൻ ഇതിടയാക്കി.
അഴിമതി നാണക്കേടായി
കത്‌വ ഫണ്ട് തിരിമറി സമുദായത്തിന് വലിയ നാണക്കേടായി. ഒരു നടപടിയും എടുക്കാതെ നേതൃത്വം തിരിമറിക്ക് കൂട്ടുനിന്നു. അതേസമയം ചന്ദ്രിക ഫണ്ട് തിരിമറി സംബന്ധിച്ച് പത്രസമ്മേളനം നടത്തിയ മുഈൻ അലി തങ്ങളെ പരസ്യമായി കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും അസഭ്യ വർഷം ചൊരിയുകയും ചെയ്‌ത വ്യക്തിക്കെതിരെയോ അതിന് പ്രേരിപ്പിച്ച നേതൃത്വത്തിലുള്ള പ്രമുഖർക്കെതിരെയോ നടപടി സ്വീകരിച്ചില്ല.
പണപ്പിരിവിന് സുതാര്യതയില്ല.
ജുമുഅ നാളുകളിൽ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള പള്ളികളിൽ സി എച്ച് സെന്ററിന്റെയും മറ്റും പേരിൽ നടത്തുന്ന പണപ്പിരിവുകൾക്ക് ഒരുവിധ സുതാര്യതയും വരുത്താൻ നേതൃത്വത്തിന് സാധിച്ചിട്ടില്ല. എംഎസ്എഫ് സംസ്ഥാന നേതൃത്വത്തിൽ നിന്നും ഹരിത നേതാക്കൾ ഹീനമായി അപമാനിക്കപ്പെട്ടപ്പോൾ ഇരയ്‌ക്കൊപ്പം നിൽക്കുന്നതിനു പകരം കുറ്റക്കാരായ എംഎസ്എഫ് നേതാക്കളോടൊപ്പം സാദിഖലി ശിഹാബ് തങ്ങൾ അടക്കമുള്ള നേതാക്കൾ നിൽക്കുകയും അവരെ സംരക്ഷിക്കുന്ന നിലപാടുകൾ എടുക്കുകയും ചെയ്തത് പൊതുസമൂഹത്തിൽ മുസ്ലിംലീഗ് സ്ത്രീവിരുദ്ധ സംഘടന എന്നുള്ള ചീത്തപ്പേര് സമ്പാദിക്കാൻ കാരണമായി. ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളുടെ അധികാരക്കൊതി കഴിഞ്ഞ നിയമപോ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണ് ലീഗിന് ഉണ്ടാക്കിയത്. പാലാരിവട്ടം പാലം അഴിമതി ആരോപണ വിധേയനായ മുൻ മന്ത്രിയുടെ മകന് കളമശ്ശേരി സീറ്റിൽ കുടുംബസ്വത്ത് എന്നപോലെ മത്സരിക്കാൻ അവസരം നൽകിയതും വലിയ തിരിച്ചടിയായി.
ലീഗ് തട്ടിപ്പുകാരുടെ ഒരു സംഘം
ജ്വല്ലറികളുടെ മറവിൽ മലബാർ മേഖലയിൽ കോടാനുകോടി രൂപയുടെ തട്ടിപ്പ് നടത്തി സാധാരണ ജനങ്ങളുടെ പണം കൈപ്പറ്റി ലീഗ് നേതൃത്വം അഴിമതി നടത്തി. കോടികൾ വിലമതിക്കുന്ന ഭവനം നിയമവിരുദ്ധമായി നിർമിക്കുകയും കള്ളപ്പണം അനധികൃതമായി സൂക്ഷിച്ച് പിടിക്കപ്പെട്ടപ്പോൾ ഇഞ്ചി കൃഷിയിലൂടെ ലഭിച്ചതാണെന്ന അപഹാസ്യമായ വാദം ഉന്നയിക്കുകയും ചെയ്‌ത കെ എം ഷാജിക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതൊക്കെ ലീഗ് തട്ടിപ്പുകാരുടെ ഒരു സംഘമാണെന്ന് ധാരണയാണ്പൊതുസമൂഹത്തിൽ ഉണ്ടാക്കിയത്.
യത്തിംഖാനയുടെ പേരിലും തട്ടിപ്പ്
മുസ്ലിംലീഗ് വയനാട് ജില്ലയിൽ നടത്തുന്ന അനാഥ അഗതി മന്ദിരമായ മുട്ടിൽ യത്തീംഖാനയുടെ മറവിലും മേൽപ്പറഞ്ഞ സ്ഥാപനത്തിലെ നിയമനങ്ങളിലും അഡ്മിഷനുകളുടെ പേരിലും അഴിമതി നടത്തി. റംസാൻ മാസത്തിൽ വയനാട് ജില്ലയിലെ സമസ്തയുടെ കീഴിലുള്ള മുഴുവൻ മഹല്ലുകൾക്കും യത്തീംഖാന വിതരണം ചെയ്യുന്ന പതിനായിരക്കണക്കിന് രൂപ വരുന്ന സക്കാത്ത് പണം തിരിമറി നടത്തി. പൊഴുതന പഞ്ചായത്ത് മുസ്ലിം ലീഗ് നേതൃത്വവും ജില്ലാ നേതൃത്വവും വലിയ രീതിയിലുള്ള കൊള്ളയാണ് നടത്തിവരുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..