03 November Wednesday

പാകിസ്ഥാൻ സെമിയിൽ ; നമീബിയയെ 45 റണ്ണിന് തോൽപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 2, 2021

ബാബർ photo credit T20 World Cup twitter


അബുദാബി
നമീബിയയെ 45 റണ്ണിന് തോൽപ്പിച്ച് പാകിസ്ഥാൻ ട്വന്റി 20 ലോകകപ്പ് സെമിയിൽ കടന്നു. ഗ്രൂപ്പ് രണ്ടിൽ നാല് കളിയും പാകിസ്ഥാൻ ജയിച്ചു. ടോസ്‌ നേടി ടൂർണമെന്റിൽ ആദ്യമായി ബാറ്റിങ്‌ തെരഞ്ഞെടുത്ത പാക്‌ പട രണ്ട് വിക്കറ്റ് നഷ്ടത്തിൽ 189 റണ്ണെടുത്തു. ഓപ്പണർമാരായ ബാബർ അസമും (49 പന്തിൽ 70) മുഹമ്മദ് റിസ്വാനുമാണ്‌ (50 പന്തിൽ 79*) മികച്ച സ്‌കോർ ഒരുക്കിയത്‌. നമീബിയ 5–144 റണ്ണെടുത്തു.

ടോസ്‌ നേടിയ പാക്‌ ക്യാപ്‌റ്റൻ ബാബർ അവസാന മൂന്ന്‌ കളിയിൽനിന്ന്‌ വ്യത്യസ്തമായി ബാറ്റിനിറങ്ങുകയായിരുന്നു. ആദ്യ ഓവറുകളിൽ മാത്രം നമീബിയ ബൗളർമാർ ബാബറിനെയും റിസ്വാനെയും അടക്കി. പക്ഷേ, പിന്നീട്‌ പിടിവിട്ടു. ഒന്നാം ഓവർ മെയ്‌ഡനാക്കി റൂബെൻ ട്രംപ്‌മാൻ പാകിസ്ഥാനെ വിറപ്പിച്ചു. അബുദാബിയിലെ പിച്ചിന്റെ സ്വഭാവം മനസ്സിലാക്കി തുടക്കം പ്രതിരോധിച്ചു പാക്‌ ഓപ്പണർമാർ. പതിയെ കത്തിക്കയറി.

ബാബറായിരുന്നു അനായാസം ബാറ്റ്‌ വീശിയത്‌. ഏഴ്‌ ഫോർ നേടി. 14.2 ഓവറിൽ 113 റണ്ണാണ്‌ റിസ്വാനുമൊന്നിച്ച്‌ ബാബർ ചേർത്തത്‌. ഡേവിഡ്‌ വീസാണ്‌ ബാബറിനെ പുറത്താക്കിയത്‌. കൂട്ടുകാരൻ മടങ്ങിയതോടെ റിസ്വാൻ തുടങ്ങി.  ഫഖർ സമാൻ (5) വേഗം മടങ്ങിയെങ്കിലും മുഹമ്മദ്‌ ഹഫീസുമായി (16 പന്തിൽ 32) ഒത്തുചേർന്ന്‌  മികച്ച സ്‌കോർ സമ്മാനിച്ചു.പാകിസ്ഥാൻ അവസാന മത്സരത്തിൽ ഞായറാഴ്ച സ്-കോട്ലൻഡിനെ നേരിടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top