ദുബായ്
തുടർച്ചയായ രണ്ടാംമത്സരത്തിലും ഇന്ത്യക്ക് നാണയഭാഗ്യമില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിനിറങ്ങിയ ഇന്ത്യ ന്യൂസിലൻഡിനെതിരെ തകർന്നടിഞ്ഞു. പാകിസ്ഥാനെതിരെയും വിരാട് കോഹ്‌ലിക്കും കൂട്ടർക്കും ടോസ് കിട്ടിയില്ല.
ട്വന്റി–-20 ലോകകപ്പിൽ ടോസ് നിർണായകമാകുകയാണ്. രണ്ടാമത് ബാറ്റ് ചെയ്യുന്നവർക്കാണ് കളിയിൽ മുൻതൂക്കം. സൂപ്പർ 12ൽ ഇതുവരെ കളിച്ച 15ൽ 12ലും രണ്ടാമത് ബാറ്റ് ചെയ്‌തവർക്കാണ് ജയം. മൂന്ന് കളി മാത്രമാണ് ആദ്യം ബാറ്റേന്തിയവർ സ്വന്തമാക്കിയത്. ഇതിൽ അഫ്‌ഗാനിസ്ഥാനാണ് മുന്നിൽ. ഇതുവരെ കളിച്ച മൂന്നിലും ടോസ് അവർക്കായിരുന്നു. മൂന്നിലും ബാറ്റിങ് തെരഞ്ഞെടുത്തു. രണ്ട് കളിയിൽ ജയിച്ചു.
മൂന്ന് മത്സരങ്ങളും ജയിച്ച് സെമി സാധ്യതയിൽ മുന്നിലുള്ള പാകിസ്ഥാനും ഇംഗ്ലണ്ടും ഇതുവരെ ഒന്നാമത് ബാറ്റ് ചെയ്‌തിട്ടില്ല. ദുബായിലെ വേഗംകുറഞ്ഞ പിച്ചുകളിൽ രണ്ടാമത് ബൗൾ ചെയ്യുന്ന ടീമിന് തടസ്സങ്ങളേറെയാണ്. രാത്രിമത്സരങ്ങളിൽ മഞ്ഞുവീഴ്‌ച ബൗളർമാർക്ക് തിരിച്ചടിയാകും. പേസർമാർക്കാണ് ഏറ്റവും പ്രയാസം. രണ്ടാം ഇന്നിങ്‌സിൽ ഇതുവരെ എറിഞ്ഞ 31 പവർപ്ലേ ഓവറുകളിൽ നാല് വിക്കറ്റ് മാത്രമാണ് പേസർമാർ നേടിയത്. ഒന്നാം ഇന്നിങ്‌സിലാകട്ടെ വേഗക്കാർക്ക് വലിയ മുൻതൂക്കമാണ്. 36 പവർപ്ലേ ഓവറിൽ 18 വിക്കറ്റാണ് വീണത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..