പനമരം > കൈയൊപ്പിൽ കൈയടി നേടി സർക്കാർ ഉദ്യോഗസ്ഥൻ. മാനന്തവാടി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ എം കെ ജയനാണ് ഒപ്പിട്ട് വൈറലായത്. ചിത്രരചനയെ വെല്ലുന്ന കൈയൊപ്പ് സോഷ്യൽ മീഡിയയിൽ അടക്കം ശ്രദ്ധേയമാവുകയാണ്. എം കെ ജയൻ എന്ന് ഇംഗ്ലീഷിൽ എഴുതി എമ്മും കെയും വ്യത്യസ്‌ത രീതിയിൽ വരച്ചാണ് ഇദ്ദേഹം ആകർഷകമായ ഒപ്പിടുന്നത്.
ആകാശത്തിലേക്ക് പറന്നുയരുന്ന കിളിയെ ആണ് താൻ ഈ ഒപ്പിലൂടെ വരച്ചതെന്ന് ജയൻ പറയുന്നു. ഇടക്കാലത്ത് ചിത്രം വരയിലും സജീവമായിരുന്നു. എംപികെവൈ ഏജന്റുമാരുടെ രജിസ്ട്രേഷനുവേണ്ടി മാനന്തവാടി സിഐക്ക് നൽകിയ അപേക്ഷയിൽ ഇട്ട ഒപ്പാണ് പിന്നീട് വൈറലായത്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ക്ലാസ് ടീച്ചർ ഒപ്പിട്ടുപഠിച്ച് വരണമെന്ന് പറഞ്ഞതിന്റെ ഭാഗമായിട്ട ഒപ്പാണിത്. അതിനുശേഷം ഇതുവരെ ഒപ്പിൽ മാറ്റം വരുത്തിയിട്ടില്ല.
ചെറിയ കോളങ്ങളിൽ ഒപ്പിടാൻ വരുമ്പോൾ ബുദ്ധിമുട്ട് നേരിടാറുണ്ടെന്നും ജയൻ പറയുന്നു. കൈയൊപ്പ് എന്നാൽ ഒരാളുടെ വ്യക്തിത്വത്തിന്റെ കൂടി അടയാളമാണെന്നുള്ളത് കൊണ്ടാണ് താൻ ഇത്തരത്തിൽ വ്യത്യസ്തമായൊരു ഒപ്പിടാൻ തയ്യാറായതെന്ന് ഇദ്ദേഹം കൂട്ടിച്ചേർത്തു. മൂലങ്കാവ് ഹൈസ്‌കൂൾ അധ്യാപിക മിനി ഭാസ്‌കറാണ് ഭാര്യ. മക്കൾ: ദ്രുപത് ഗൗതം, മൗര്യ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..