27 October Wednesday

13 വിമാനത്താവളം ഈവർഷം വിൽക്കും ; വിൽക്കാനുള്ളവയുടെ പട്ടിക വ്യോമയാന മന്ത്രാലയത്തിന്‌ കൈമാറി

സ്വന്തം ലേഖകൻUpdated: Tuesday Oct 26, 2021


ന്യൂഡൽഹി
തിരുവനന്തപുരം അടക്കം ആറ്‌ വിമാനത്താവളം അദാനിക്ക്‌ വിറ്റതിനു പിന്നാലെ 13 എണ്ണംകൂടി ഈ വർഷം വിൽക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. വിൽക്കാനുള്ളവയുടെ പട്ടിക എയർപോർട്ട്‌ അതോറിറ്റി ഓഫ്‌ ഇന്ത്യ (എഎഐ) വ്യോമയാനമന്ത്രാലയത്തിന്‌ കൈമാറി. നാലു വർഷത്തിനുള്ളിൽ 25 വിമാനത്താവളം വിൽക്കുകയാണ് ലക്ഷ്യം.

കോവിഡാണെങ്കിലും വാങ്ങാൻ വൻകിട കമ്പനികൾ എത്തുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ എഎഐ ചെയർമാൻ സഞ്‌ജീവ്‌ കുമാർ പറഞ്ഞു. വിമാനത്താവളം 50 വർഷത്തേക്കാണ്‌ വിട്ടുകൊടുക്കുക. യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച്‌ ലാഭം പങ്കുവയ്‌ക്കും. വിമാനത്താവളം ഒന്നൊന്നായി കൈവിട്ടതോടെ എഎഐ നഷ്ടത്തിലാണ്‌. 2020–-21 സാമ്പത്തികവർഷം 1962 കോടി രൂപയാണ്‌ നഷ്ടം. ഇത്‌ നികത്താൻ എസ്‌ബിഐയിൽനിന്ന്‌ 1500 കോടി കടമെടുത്തു. കോവിഡ്‌ സ്ഥിതിയിൽ മാറ്റം വന്നതിനാൽ പ്രവർത്തനച്ചെലവിന്‌ കടമെടുക്കേണ്ടി വരില്ല. എന്നാൽ, മൂലധനച്ചെലവിന്‌ 1000 കോടി കടമെടുക്കേണ്ടി വരുമെന്നും സഞ്‌ജീവ്‌ കുമാർ പറഞ്ഞു.

കോൺഗ്രസ്‌ നേതൃത്വത്തിലുള്ള യുപിഎ സർക്കാരാണ്‌ വിൽപ്പനയ്‌ക്ക്‌ തുടക്കമിട്ടത്. ഡൽഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ്‌ വിമാനത്താവളങ്ങൾ കോൺഗ്രസ്‌ വിറ്റഴിച്ചു. 2019ൽ തിരുവനന്തപുരം, മംഗളൂരു, ജയ്‌പുർ, അഹമ്മദാബാദ്‌, ലഖ്‌നൗ, ഗുവാഹത്തി വിമാനത്താവളങ്ങൾ ബിജെപി സർക്കാർ അദാനിക്ക്‌ വിറ്റു. ഈ വർഷം രണ്ട്‌ പൊതുമേഖലാ ബാങ്കും ഒരു ജനറൽ ഇൻഷുറൻസ്‌ കമ്പനിയും വിൽക്കുമെന്ന്‌ മോഡി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്‌.

വാങ്ങാനാളുണ്ടോ
ആറ്‌ വലിയ വിമാനത്താവളങ്ങളും ഏഴ്‌ ചെറിയ വിമാനത്താവളവുമാണ്‌ വിൽക്കുന്നത്‌. ഒരു വലിയ വിമാനത്താവളത്തിനൊപ്പം  ചെറുത്‌ കൂടി ബന്ധിപ്പിച്ചാണ്‌ വിൽപ്പന. വാരണാസിക്കൊപ്പം കുശിനഗർ, ഗയ, അമൃത്‌സറിനൊപ്പം കാങ്‌ഡ, ഭുവനേശ്വറിനൊപ്പം തിരുപ്പതി, റായ്‌പ്പുരിനൊപ്പം ഔറംഗാബാദ്‌, ഇൻഡോറിനൊപ്പം ജബൽപ്പുർ, തിരുച്ചിയ്‌ക്കൊപ്പം ഹൂബ്‌ളി എന്നിങ്ങനെയാണ്‌ വിൽപ്പന.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
Top