26 October Tuesday

വിൽക്കാനുണ്ട്‌ പൊതുമേഖലാ ബാങ്കുകളും ; നിയമ ഭേദഗതി ബില്ലുകൾ ശീതകാല സമ്മേളനത്തിൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 25, 2021


ന്യൂഡൽഹി
പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവൽക്കരിക്കാനുള്ള ബാങ്കിങ്‌ നിയമ ഭേദഗതി ബില്ലുകൾ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. നാഷണൽ പെൻഷൻ സിസ്റ്റം ട്രസ്റ്റിനെ (എൻപിഎസ്‌) പെൻഷൻ ഫണ്ട്‌ റെഗുലേറ്ററി ആൻഡ്‌ ഡെവലപ്‌മെന്റ്‌ അതോറിറ്റിയിൽ(പിഎഫ്‌ആർഡിഎ) നിന്ന്‌ അടർത്തിമാറ്റാനുള്ള ഭേദഗതി ബില്ലും കൊണ്ടുവരും.

ബാങ്ക്‌ സ്വകാര്യവൽക്കരണത്തിനായി ബാങ്കിങ്‌ റെഗുലേഷൻ നിയമത്തിലും ബാങ്കിങ്‌ കമ്പനീസ്‌ (സ്ഥാപനങ്ങളുടെ ഏറ്റെടുക്കലും കൈമാറ്റവും) നിയമത്തിലുമാണ്‌ ഭേദഗതി. ഈ നിയമം ഭേദഗതി ചെയ്‌തായിരുന്നു നേരത്തേ ബാങ്കുകൾ ദേശസാൽക്കരിച്ചത്‌. ഭേദഗതി കൊണ്ടുവരുമെന്ന്‌ ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. എൻപിഎസിനെ കോർപറേറ്റ്‌ സ്ഥാപനമാക്കുകയെന്ന ലക്ഷ്യത്തിലാണ്‌ ഭേദഗതി. ഐഡിബിഐ ബാങ്കിനു പുറമെ രണ്ട്‌ പൊതുമേഖലാ ബാങ്കും ഒരു ജനറൽ ഇൻഷുറൻസ്‌ കമ്പനിയും 2021–-22ൽ വിൽക്കുമെന്നാണ്‌ സർക്കാർ പ്രഖ്യാപനം.

ചെറുത്തുതോൽപ്പിക്കണം: സിഐടിയു
പൊതുമേഖലാ ബാങ്കുകൾ വിറ്റഴിക്കാനുള്ള കേന്ദ്രനീക്കത്തെ സിഐടിയു അപലപിച്ചു. പൊതുസ്വത്ത്‌ സൗജന്യമായി കുത്തകകൾക്ക്‌ കൈമാറുന്നു. എയർഇന്ത്യ വിൽപ്പന ഒടുവിലെ ഉദാഹരണം. കുത്തകകളുടെ വായ്‌പ എഴുതിത്തള്ളാൻ പൊതുമേഖലാ ബാങ്കുകളെ നിർബന്ധിതരാക്കിയശേഷമാണ്‌ ഇപ്പോൾ അതേ കുത്തകകൾക്ക്‌ ബാങ്കുകളെ കൈമാറുന്നത്‌. 

പൊതുസ്വത്ത്‌ വിറ്റഴിക്കുകയും ജനങ്ങളുടെ പെൻഷൻ കവരുകയും ചെയ്യുന്ന കേന്ദ്രനീക്കത്തെ ചെറുത്തുതോൽപ്പിക്കണമെന്ന്‌- സിഐടിയു പ്രസ്‌താവനയിൽ അഭ്യർഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top