ഷാർജ
യോഗ്യതാ റൗണ്ട് കടന്നെത്തിയ ശ്രീലങ്ക സൂപ്പർ 12ൽ എത്തിയപ്പോൾ കളംമാറ്റി. തകർപ്പൻ ബാറ്റിങ് പ്രകടനവുമായി ലങ്ക ട്വന്റി–-20 ലോകകപ്പിൽ ബംഗ്ലാദേശിനെ അഞ്ച് വിക്കറ്റിന് തകർത്തു. ജയത്തോടെ ഗ്രൂപ്പ് ഒന്നിൽ രണ്ടാമതെത്തി ലങ്ക. ചരിത് അസലങ്കയാണ് ലങ്കൻനിരയിൽ മിന്നിയത്. 49 പന്തിൽ 80 റണ്ണുമായി ഈ ഇടംകൈയൻ പുറത്താകാതെ നിന്നു. 19–-ാംഓവറിന്റെ അഞ്ചാംപന്തിൽ നാസും അഹമ്മദിനെ ഫോർ പായിച്ച് അസലങ്ക ലങ്കയ്‌ക്ക് ജയമൊരുക്കി. 31 പന്തിൽ 53 റണ്ണടിച്ച ഭാനുക രജപക്‌സെയും ലങ്കയുടെ ജയം എളുപ്പമാക്കി. ബംഗ്ലാദേശ് 4–-171 റണ്ണെടുത്തു.
ടോസ് നേടിയ ലങ്കൻ ക്യാപ്‌റ്റൻ ദാസുൺ ഷനക ബംഗ്ലാദേശിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ലിട്ടൺ ദാസും (16) പ്രധാന താരം ഷാക്കിബ് അൽ ഹസനും (10) പെട്ടെന്ന് മടങ്ങിയെങ്കിലും ബംഗ്ലാദേശ് പൊരുതി. 52 പന്തിൽ 62 റണ്ണടിച്ച മുഹമ്മദ് നയീമാണ് ബംഗ്ലാദേശിനെ നയിച്ചത്. മുഷ്‌ഫിക്കർ റഹിമും (37 പന്തിൽ 57) തകർപ്പൻ കളി പുറത്തെടുത്തതോടെ സ്‌കോർ 171ൽ എത്തി.
മറുപടിക്കെത്തിയ ലങ്ക ആദ്യം വിറച്ചു. ഒരുഘട്ടത്തിൽ 4–-79 റണ്ണെന്ന നിലയിലായിരുന്നു ലങ്ക. അസലങ്കയും രജപക്‌സെയും ഒത്തുചേർന്നതോടെ കളി മാറി. 52 പന്തിൽ 86 റണ്ണാണ് ഈ സഖ്യം നേടിയത്. ബംഗ്ലാദേശിനായി ഷാക്കിബ് രണ്ട് വിക്കറ്റെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..