25 October Monday

ഗൃഹനാഥയെ ആദ്യം കൊന്നു, കേസില്‍ രക്ഷപ്പെടാന്‍ മകനെയും; 4 പേര്‍ അറസ്റ്റില്‍

സ്വന്തം ലേഖകന്‍Updated: Sunday Oct 24, 2021

വെഞ്ഞാറമൂട് > ഗൃഹനാഥയെ കൊലപ്പെടുത്തിയ കേസില്‍നിന്ന് രക്ഷപ്പെടാന്‍ ഒന്നാം സാക്ഷിയായ മകനെയും വകവരുത്തിയ നാല് പേര്‍ അറസ്റ്റില്‍. കീഴായിക്കോണം വണ്ടിപ്പുരമുക്ക് കൈതറക്കുഴി വീട്ടില്‍ പുഷ്പാകരന്‍, ഇയാളുടെ ഭാര്യാ സഹോദരന്‍ വിനേഷ്, വണ്ടിപ്പുരമുക്ക് സ്വദേശികളായ അഭിലാഷ്, സുരേഷ് എന്നിവരാണ് ആറ് വര്‍ഷത്തിനുശേഷം അറസ്റ്റിലായത്. കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു.

2008ലാണ് ആദ്യ കൊലപാതകം. കീഴായിക്കോണം കൈതറക്കുഴിയില്‍ കമലയാണ് കൊല്ലപ്പെട്ടത്. ഇവരുടെ സഹോദരന്‍ പുഷ്പാകരനും വിനേഷും ചാരായം വാറ്റുന്നത് പൊലീസിനെ അറിയിച്ചത് കമലയാണെന്ന സംശയത്തിന്റെ പേരില്‍ വാക്കേറ്റമുണ്ടാവുകയും കിണറ്റില്‍ തള്ളിയിട്ട് കൊല്ലുകയുമായിരുന്നു. കേസ് വിസ്താരം തുടരുന്നതിനിടെയാണ് 2015ല്‍ കമലയുടെ മകനും ഒന്നാംസാക്ഷിയുമായ പ്രദീപും (32)കൊല്ലപ്പെട്ടത്. സാക്ഷിവിസ്താരം തുടങ്ങുന്നതിന് ദിവസങ്ങള്‍ക്കുമുമ്പായിരുന്നു സംഭവം. കീഴായിക്കോണം ഗ്രന്ഥശാലയ്ക്ക് സമീപം ഇടറോഡില്‍ കഴുത്തില്‍ കൈലിമുണ്ട് മുറുക്കിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

വെഞ്ഞാറമൂട് പൊലീസ് കേസെടുത്തെങ്കിലും അന്വേഷണം നീണ്ടു. ഇതിനിടെ കമലയുടെ കൊലപാതകത്തിലെ പ്രതികളായ പുഷ്പാകരനും വിനേഷിനും കോടതി ജീവപര്യന്തം വിധിച്ചു. എന്നാല്‍, അഞ്ച് വര്‍ഷത്തിനുശേഷം ശിക്ഷാ ഇളവുനേടി പുറത്തിറങ്ങി. തീര്‍പ്പാകാതെ കിടന്ന പ്രദീപിന്റെ കൊലപാതകക്കേസില്‍ ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം പുനരന്വേഷണം നടത്തി. തുടര്‍ന്നാണ് പുഷ്പാകരനും വിനേഷും ചേര്‍ന്ന് അഭിലാഷ്, സുരേഷ് എന്നിവരുടെ സഹായത്തോടെ പ്രദീപിനെ കൊന്നതായി കണ്ടെത്തിയത്.

റൂറല്‍ ജില്ലാ പൊലീസ് മേധാവി ജി കെ മധു, അഡീഷണല്‍ എസ്പി ഇ എസ് ബിജുമോന്‍, റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സുല്‍ഫിക്കര്‍ എന്നിവര്‍ അന്വേഷണത്തിന്  മേല്‍നോട്ടം വഹിച്ചു. ഡിസിആര്‍ബി ഡിവൈഎസ്പി എന്‍ വിജുകുമാറാണ് അന്വേഷിച്ചത്. എഎസ്ഐമാരായ ഷഫീര്‍  ലബ്ബ, പ്രകാശ് എന്നിവരും സംഘത്തിലുണ്ടായി.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
Top