കൊച്ചി
95–-ാം ജന്മദിനത്തിൽ മലയാളത്തിന് എം കെ സാനുവിന്റെ പിറന്നാൾ മധുരം ആദ്യ നോവൽ ‘കുന്തീദേവി’. ബുധനാഴ്‌ചയാണ് മലയാളികളുടെ പ്രിയപ്പെട്ട സാനുമാഷിന്റെ പിറന്നാൾ. കോവിഡ് സാഹചര്യത്തിൽ ആഘോഷങ്ങളില്ല. പ്രഭാഷകനും സാഹിത്യവിമർശകനും ജീവചരിത്രകാരനുമായ എം കെ സാനു നോവലിസ്‌റ്റുമാകുന്നു എന്നതാണ് ഈ പിറന്നാളിന്റെ പ്രത്യേകത. ‘കുന്തീദേവി’ ഉടൻ വായനക്കാരിലെത്തും.
‘മഹാഭാരതത്തിൽ ഏറ്റവും ആകർഷിച്ച കഥാപാത്രമാണ് കുന്തി. കർണനെക്കുറിച്ചാണ് പുസ്‌തകങ്ങൾ കൂടുതലും. അതിനാലാണ് കുന്തിയെക്കുറിച്ച് എഴുതിയത്. കോവിഡിന്റെ തുടക്കത്തിൽ എഴുതിത്തുടങ്ങിയതാണ്. വായനക്കാർ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ’–- സാനുമാഷ് പറഞ്ഞു. കുന്തി ഉൾപ്പെടെ മൂന്നു പുസ്‌തകം രചിച്ചത് കോവിഡ്‌കാലത്താണ്.
കേസരി ബാലകൃഷ്‌ണപിള്ളയുടെ ജീവചരിത്രവും സാഹിത്യദർശനവുമാണ് മറ്റു കൃതികൾ. 1958ൽ എഴുതിയ ആദ്യകഥ ‘മനുഷ്യൻ ദുർബലനാണ് ’ ഉൾപ്പെടെ പലപ്പോഴായി എഴുതിയ കഥകൾ കണ്ടെത്തി പ്രസിദ്ധീകരിച്ചു. പിറന്നാൾ ആഘോഷിക്കാൻ ശിഷ്യരും സുഹൃത്തുക്കളും ഒരുങ്ങുന്നതിനിടെയാണ് സാനു മാഷിനും ഭാര്യ രത്നമ്മയ്‌ക്കും കോവിഡ് ബാധിച്ചത്. തുടർന്ന് ആഘോഷം മാറ്റിവച്ചു. കോവിഡ് മുക്തനായി വിശ്രമിക്കുന്ന അദ്ദേഹത്തിന് ആഘോഷം മാറ്റിയതിലല്ല വിഷമം; പ്രിയപ്പെട്ടവരെ കാണാനാകില്ലല്ലോ എന്നതിലാണ്.
‘അടച്ചുപൂട്ടൽ എനിക്ക് കോവിഡിനേക്കാൾ ബുദ്ധിമുട്ടാണ്. മനുഷ്യരെ കാണാതിരിക്കാൻ കഴിയില്ല. എല്ലാവരുടെയും സ്‌നേഹത്തിന് നന്ദി. എത്രയുംവേഗം മഹാമാരി മാറി മനുഷ്യൻ നേരിട്ട് സംവദിക്കുന്ന നല്ല നാളെകൾ വരട്ടെ’–- സാനു മാഷ് പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..