ന്യൂഡൽഹി > മുതിർന്ന ആർഎസ്‌എസ് നേതാവ് രാം മാധവ് ജമ്മുകശ്‌മീരിൽ അഴിമതിക്ക് ശ്രമിച്ചെന്ന പരോക്ഷ ആരോപണവുമായി മേഘാലയ ഗവർണറും ബിജെപി നേതാവുമായ സത്യപാൽ മാലിക്.
താൻ കശ്‌മീർ ലെഫ്. ഗവർണറായിരിക്കെ മുതിർന്ന ആർഎസ്‌എസ് നേതാവിന് താൽപ്പര്യമുള്ള പദ്ധതി അംഗീകരിച്ചാൽ 150 കോടി രൂപ ലഭിക്കുമെന്ന് സെക്രട്ടറിമാർ പറഞ്ഞെന്ന് രാജസ്ഥാനിൽ ഒരു ചടങ്ങിൽ മാലിക്ക് പറഞ്ഞു. അന്ന് ബിജെപിയുടെ ചുമതലക്കാരനായിരുന്ന നേതാവിനെക്കുറിച്ചാണ് പറഞ്ഞതെന്ന് പിന്നീട് വിശദീകരിക്കുകയും ചെയ്തു. ആർഎസ്‌എസ് നേതാവായ രാം മാധവ് ഇടക്കാലത്ത് ബിജെപിയിൽ പ്രവർത്തിച്ചിരുന്നു. 2018 ആഗസ്‌തിൽ മാലിക്ക് കശ്‌മീർ ലെഫ്. ഗവർണറായപ്പോൾ ദേശീയ ജനറൽ സെക്രട്ടറിയായിരുന്ന രാം മാധവിനായിരുന്നു കശ്‌മീരിന്റെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെയും ചുമതല. പിന്നീട് അമിത് ഷായുമായി തെറ്റിയപ്പോൾ 2020ൽ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി. ബിജെപിയിൽനിന്ന് പുറത്താക്കപ്പെട്ടതോടെ അദ്ദേഹം ആർഎസ്‌എസിലേക്ക് മടങ്ങി.
കശ്‌മീരിൽ ചുമതലയേറ്റപ്പോൾ അംബാനിയും മുതിർന്ന ആർഎസ്‌എസ് നേതാവുമായി ബന്ധപ്പെട്ട രണ്ട് ഫയലാണ് അംഗീകാരത്തിനായി വന്നത്. ഫയലിന് 150 കോടി രൂപ വീതം ലഭിക്കുമെന്ന് സെക്രട്ടറിമാർ പറഞ്ഞു. അഞ്ച് കുപ്പായവുമായാണ് വന്നതെന്നും അങ്ങനെതന്നെ പോകുമെന്നും മറുപടി പറഞ്ഞു. രണ്ട് പദ്ധതിയും റദ്ദാക്കി. എല്ലായിടത്തും 4–-5 ശതമാനമാണ് കമീഷനെങ്കിൽ കശ്‌മീരിൽ 15 ശതമാനമാണ്–- മാലിക്ക് പറഞ്ഞു.
കശ്‌മീരിലെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായിരുന്നു അംബാനിയുമായി ബന്ധപ്പെട്ട ഫയൽ. രാം മാധവ് താൽപ്പര്യപ്പെട്ട പദ്ധതി വ്യക്തമായിട്ടില്ല. എന്താണെന്നും ആരാണെന്നും മാലിക്കിനോട് ചോദിക്കണമെന്ന് രാം മാധവ് പ്രതികരിച്ചു. തനിക്ക് അറിയുന്ന വിഷയമല്ല. 2014ൽ ബിജെപി തോൽക്കുമെന്ന് പറഞ്ഞയാളാണ് മാലിക്ക്. കർഷകരോട് അനീതി കാട്ടിയെന്നും പറഞ്ഞു–- രാം മാധവ് പ്രതികരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..