22 October Friday

പുല്ലകയാറിന്റെ തീരത്ത്‌ വറ്റാത്ത കണ്ണീർ; ഒരു നാട്‌ തന്നെ ഇല്ലാതായി

സിബി ജോർജ്‌Updated: Friday Oct 22, 2021

അതീതീവ്ര മഴയിൽ ഒഴുകിയെത്തിയ വെള്ളമാണ് കൂട്ടിക്കലിൽ സർവ നാശം വിതച്ചത്. മഴ വീണ്ടും പെയ്തതോടെ കലങ്ങി മറിഞ്ഞൊഴുകുന്ന പുല്ലകയാർ

കൂട്ടിക്കൽ > ഉരുൾപൊട്ടി ദിവസങ്ങൾ കഴിഞ്ഞിട്ടും പുല്ലകയാറും കൊക്കയാറും ചുഴികൾ തീർത്ത്‌ കലങ്ങിമറിഞ്ഞ്‌ കുതിയ്‌ക്കുകയാണ്‌. കുത്തൊഴുക്കിൽ തീരമെല്ലാം കവർന്നെടുത്ത്‌ ഒരു നാട്‌ തന്നെ ഇല്ലാതായി. കാടിനോടും വന്യമൃഗങ്ങളോടും ഏറ്റുമുട്ടി തലമുറകളായി ജീവിതം കെട്ടിപ്പൊക്കിയ മലഞ്ചെരിവുകളിൽ കണ്ണീർ പെയ്‌തൊഴിഞ്ഞിട്ടില്ല. മനുഷ്യജീവനും വീടും കൃഷിയുമടക്കം എല്ലാം നശിച്ചു. ഉടതുണി മാത്രമായി ദുരിതാശ്വാസ ക്യാമ്പുകളിലേക്കായിരുന്നു പലായനം. ദുരന്തനാളുകളെ ഓർത്തിരുന്ന്‌ നെടുവീർപ്പിടുന്ന നിസഹായർക്ക്‌ മുന്നിൽ രക്ഷാപ്രവർത്തകരെത്തിയത്‌ നാട്‌ മറക്കില്ല. വീണ്ടെടുപ്പിന്റെ നാളുകളിലേക്ക്‌ കുതിക്കാൻ കൂട്ടിക്കലിനെ ചേർത്തുപിടിച്ച്‌ കേരളമൊന്നാകെയുണ്ട്‌. ഭക്ഷ്യസാധനങ്ങളായും തുണിയായും പണമായും സഹായം പ്രവഹിക്കുന്നു.
 
നിറയെ കുന്നും മലയും നിറഞ്ഞ്‌ കേവലം 33.82 ചതുരശ്ര കിലോമീറ്റർ മാത്രമുള്ള കൂട്ടിക്കലിൽ ആകെയുള്ളത്‌  13 വാർഡുകൾ. റബറും വാഴയും കൊക്കോയും  കപ്പയും കുരുമുളകുമെല്ലാം വിളയിച്ച്‌ മലഞ്ചെരുവിനെ ഹരിതാഭമാക്കിയ കർഷകരാണ്‌ നാടിന്റെ നട്ടെല്ല്‌. നട്ടുനനച്ച്‌ നാടിനെ കാർഷികഭൂമിയായി വളർത്തിയതിൽ പുല്ലകയാറിനും സമാന്തരമായി ഒഴുകുന്ന കൊക്കയാറിനും താളുങ്കൽ തോടിനുമെല്ലാം പറയാൻ  കഥകളേറെ. പ്രളയകാലത്തൊന്നും പുല്ലകയാർ ചതിച്ച ചരിത്രമില്ല.
 
ആ വിശ്വാസത്തിലായിരുന്നു തീരങ്ങളിൽ ജീവിച്ച്‌ വീടുകളും കടകളും കെട്ടിയത്‌.  
കൃഷിയും കന്നുകാലി വളർത്തലുമായി വരുമാനം നേടിയത്‌. എല്ലാം തകിടം മറിയാൻ നിമിഷങ്ങൾ മാത്രമായിരുന്നു. പ്ലാപ്പള്ളിയിലും കാവാലിയിലും ഇളംകാടിലും ഉറുമ്പിക്കരയിലും വെംബ്ലിയിലും പൊട്ടിയൊലിച്ച ഉരുൾ താഴേക്ക്‌ പതിച്ചപ്പോൾ ആ വെള്ളത്തെ ആറുകൾക്കും താങ്ങാനായില്ല. 13 വാർഡുകളിലും അലയൊലിയുണ്ടായി. മൂന്നാംവാർഡായ പ്ലാപ്പള്ളിയിൽ മാത്രം 10 പേരുടെ ജീവനെടുത്തു. അഞ്ചാംവാർഡായ ഇളംകാടും ആറാം വാർഡായ കൊടുങ്ങയിലും ഓരോ മരണം. ഇളംകാട്‌ ടോപ്പിൽ പാലം ഒലിച്ചുപോയതോടെ 250 കുടുംബങ്ങൾ ഒറ്റപ്പെട്ടു. പഞ്ചായത്തിലാകെ മുന്നൂറോളം വീടുകൾ തകർന്നതായാണ്‌ കണക്ക്‌. ഇതിൽ 150ൽപ്പരം വീടുകൾ നാമാവശേഷമായി. കാർഷികമേഖലയിലും കോടികളാണ്‌ നഷ്‌ടം. അതിജീവനത്തിന്റെ തീരത്തേക്ക്‌ കൂട്ടിക്കലിനെ പുതുക്കിപ്പണിയാനുള്ള ശ്രമവും മുന്നേറുകയാണ്‌. എല്ലാവരെയും ചേർത്തുപിടിച്ച്‌ സർക്കാരും മന്ത്രിമാരും കൂട്ടിക്കലിനൊപ്പം തുഴയാനുണ്ട്‌. ആ പ്രതീക്ഷ നാടിനെയും മുന്നോട്ട്‌ നയിക്കുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
Top