19 October Tuesday

ബഹിരാകാശ നിലയത്തിൽ സ്‌ത്രീശക്തിയുമായി ചൈന

വെബ് ഡെസ്‌ക്‌Updated: Sunday Oct 17, 2021

videograbbed image


ബീജിങ്
വാങ് യാപിങ് (41) എന്ന സ്ത്രീ ഉൾപ്പെടെ മൂന്ന് സഞ്ചാരികളെ ടിയാന്‍ഹെ ബഹിരാകാശ നിലയത്തിലെത്തിച്ച് ചൈന. വാങ്ങിനൊപ്പം ഷായ് ജിഗാങ് (55), യേ ഗ്വാങ്ഫു (41-) എന്നിവരാണ് ചൈനയിലെ ഗോബി മരുഭൂമിയിലെ ജിയുക്വാൻ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തിൽനിന്ന്‌ ശനിയാഴ്ച പുലർച്ചെ ടിയാന്‍ഹെയിലേക്ക് കുതിച്ചത്. ലോങ് മാര്‍ച്ച്‌ 2 എഫ് റോക്കറ്റായിരുന്നു വിക്ഷേപണ വാഹനം. യാത്രികര്‍ നിലയത്തില്‍  ആറ് മാസം താമസിക്കും. ചൈന തങ്ങളുടെ ബഹിരാകാശ നിലയത്തിലേക്കയക്കുന്ന ആദ്യ സ്‌ത്രീയാണ്‌ വാങ്‌ യാപിങ്‌.

ഇവർ ടിയാന്‍ഹെ നിലയത്തില്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തുന്നതിന് പുറമെ, രണ്ടോ മൂന്നോ ബഹിരാകാശനടത്തങ്ങളും നടത്തും. ടിയാങ്‌ഗോങ് ബഹിരാകാശ നിലയത്തിന്റെ തുടര്‍ നിർമാണ പ്രവർത്തനങ്ങൾക്ക് സഹായിക്കാൻ പുതിയ റോബോട്ടിക് സംവിധാനങ്ങള്‍ സ്ഥാപിക്കും.

നിര്‍മാണത്തിലിരിക്കുന്ന നിലയത്തിലെ രണ്ടാമത്തെ മനുഷ്യ ദൗത്യമാണിത്. നേരത്തേ മൂന്ന് ബഹിരാകാശയാത്രികര്‍ ടിയാന്‍ഹെ നിലയത്തിൽ മൂന്ന് മാസം  താമസിച്ചശേഷം സെപ്തംബർ 17ന് മടങ്ങിയെത്തിയിരുന്നു. നിര്‍മാണം അടുത്ത വര്‍ഷം പൂര്‍ത്തിയാക്കുന്നതോടെ സ്വന്തമായി ബഹിരാകാശ നിലയമുള്ള ഏക രാജ്യമാകും ചൈന.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top