20 October Wednesday
ഇന്ത്യ സാഫ് കപ്പ് ജേതാക്കൾ

ഛേത്രി മുത്തം ; ഗോളടിയിൽ ഛേത്രി മെസിക്കൊപ്പം ; രാജ്യാന്തര ഫുട്ബോളിൽ 80 ഗോൾ

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021

videograbbed image


മാലി
സുനിൽ ഛേത്രിയുടെ ഗോളടിയിൽ ഇന്ത്യക്ക്‌ കിരീടം. സാഫ്‌ കപ്പ്‌ ഫുട്‌ബോളിൽ നേപ്പാളിനെ 3–-0ന്‌ കീഴടക്കി ഇന്ത്യ എട്ടാമതും ചാമ്പ്യൻമാരായപ്പോൾ ഛേത്രിയായിരുന്നു താരം. ആദ്യഗോൾ ക്യാപ്‌റ്റൻ നേടി. ഈ ഗോളോടെ രാജ്യാന്തര ഫുട്‌ബോളിൽ 80 ഗോളും തികച്ചു. ഗോൾനേട്ടത്തിൽ അർജന്റീന താരം ലയണൽ മെസിക്കൊപ്പവുമെത്തി.പട്ടികയിൽ അഞ്ചാംസ്ഥാനം. നിലവിൽ കളിക്കുന്നവരിൽ ഇനി പോർച്ചുഗലിന്റെ ക്രിസ്‌റ്റ്യാനോ റൊണാൾഡോമാത്രം മുന്നിൽ.

നേപ്പാളിനെതിരെ ആദ്യപകുതിയിൽ ഇന്ത്യക്ക്‌ ലക്ഷ്യം കാണാനായില്ല. നാൽപ്പത്തൊമ്പതാം മിനിറ്റിൽ ഗോൾവന്നു.  പ്രീതം കോട്ടലിന്റെ ക്രോസിൽ ഛേത്രിയുടെ ഒന്നാന്തരം ഹെഡർ. മൂന്ന്‌ മിനിറ്റിനുള്ളിൽ രണ്ടാമത്തെ ഗോളും പിറന്നു. സുരേഷ്‌ സിങ്‌ വാങ്‌ജം നേപ്പാൾ വല തകർത്തു. മുഹമ്മദ്‌ യാസിർ അവസരമൊരുക്കി. മലയാളി താരം സഹൽ അബ്‌ദുൾ സമദായിരുന്നു മൂന്നാംഗോൾ നേടിയത്‌. സുന്ദരമായ നീക്കത്തിലൂടെയായിരുന്നു സഹലിന്റെ തകർപ്പൻ ഗോൾ.

പരിശീലകൻ ഇഗർ സ്‌റ്റിമച്ചിന്‌ കീഴിൽ ഇന്ത്യയുടെ ആദ്യ കിരീടമാണിത്‌. ടൂർണമെന്റിൽ ഛേത്രിയുടെ നാലാം ഗോളായിരുന്നു. 124 മത്സരങ്ങളിൽനിന്നാണ്‌ മുപ്പത്തേഴുകാരന്റെ നേട്ടം. 2005ലായിരുന്നു ദേശീയ കുപ്പായത്തിൽ ഛേത്രിയുടെ അരങ്ങേറ്റം. റൊണാൾഡോയ്‌ക്ക്‌ 115 ഗോൾ. അലി ദേയി (109), മൊക്‌താർ ദഹാരി (89), ഫെറെങ്ക്‌ പുസ്‌കാസ്‌ (84) എന്നിവരാണ്‌ ഛേത്രിക്കുമുന്നിൽ. മെസി 156 കളിയിലാണ്‌ 80 ഗോൾ നേടിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top