മുഖ്യമന്ത്രിയുടെ അടിയന്തര നിർദേശപ്രകാരം ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിന്റെ നേതൃത്വത്തിൽ ഉന്നത വിദ്യാഭ്യാസ ശാക്തീകരണ പദ്ധതികൾക്ക് തുടക്കമായി. മൂന്നുവർഷംകൊണ്ട് കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയെ ലോക ഭൂപടത്തിൽ പ്രമുഖ സ്ഥാനത്തെത്തിക്കുകയാണു ലക്ഷ്യം. ശാസ്ത്ര സാങ്കേതികമേഖലകളിലെ വിദഗ്ധരും അക്കാദമിക രംഗത്തുള്ളവരും വിവിധ തുറകളിലുള്ളവരും ഒക്കെയായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ സംവാദത്തിൽ നിന്നുരുത്തിരിഞ്ഞ ആശയങ്ങളും ബജറ്റിലെ പ്രഖ്യാപനങ്ങളും ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ ശുപാർശകളും ആറു വിഷയമായി തിരിച്ച് നൂറോളം നിർദേശവും അടങ്ങുന്ന സമീപനരേഖ ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന വിദഗ്ധരുടെ ശിൽപ്പശാല ചർച്ച ചെയ്തു. പാഠ്യപദ്ധതിയുടെ ഉള്ളടക്കവും അവതരണവും സംബന്ധിച്ച ഗുണനിലവാരം ഉയർത്തൽ, ധനകാര്യം, നിയമ പുനർരൂപകൽപ്പന, ഫലപ്രാപ്തി മെച്ചപ്പെടുത്തൽ, അക്കാദമിക സഹകരണം, സാമൂഹ്യബന്ധം, വ്യാവസായികപങ്കാളിത്തം എന്നിവ ഉറപ്പാക്കൽ, സ്ഥാപനശാക്തീകരണം എന്നിവയാണ് ചർച്ചയ്‌ക്കെടുത്ത ആറ് വിഷയമേഖല. താമസിയാതെ അടിയന്തര നടപടികളുടെ രൂപരേഖ തയ്യാറാകും. ഉന്നത വിദ്യാഭ്യാസമേഖല ഉടച്ചുവാർക്കുന്ന വിപുലമായ പദ്ധതികളുമായി ഒരു സംസ്ഥാനം മുന്നേറുന്നത് ഇതാദ്യമാണ്.
മുഖ്യമന്ത്രിയുടെ ഊന്നൽ ആരോഗ്യമേഖലയ്‌ക്കൊപ്പം ഉന്നത വിദ്യാഭ്യാസമേഖയെയും ലോകനിലവാരത്തിലേക്കുയർത്തുക എന്ന ലക്ഷ്യത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. സാക്–-നാക് അക്രഡിറ്റേഷനുകളിലൂടെ എല്ലാ സ്ഥാപനത്തെയും ഉയർന്ന റാങ്കിങ്ങിലേക്ക് കൊണ്ടുവരാനുള്ള പരിശ്രമം വേണം. ഉന്നതവിദ്യാഭ്യാസം വിദ്യാർഥികളിൽ അറിവോടൊപ്പം തൊഴിൽശേഷിയും സാമൂഹ്യഉത്തരവാദിത്വവും വളർത്തുന്നതിന് പര്യാപ്തമായിരിക്കണം. പഠിക്കുമ്പോൾത്തന്നെ തൊഴിലും വരുമാനവും ഉറപ്പുവരുത്തുന്ന പദ്ധതികൾക്കു പ്രാധാന്യം നൽകും. കോളേജുകളും സർവകലാശാലകളും ഗവേഷണകേന്ദ്രങ്ങളും ഇനി അറിവും തൊഴിൽശേഷിയുമുള്ളവരെ വാർത്തെടുക്കുന്ന സ്ഥാപനങ്ങൾ മാത്രമല്ല, തൊഴിൽദാതാക്കളെ സൃഷ്ടിക്കുന്ന കേന്ദ്രങ്ങൾ കൂടിയാകണം. സംരംഭകശേഷി വർധിപ്പിക്കുന്നതിന് പറ്റിയവിധം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ പരിണമിപ്പിക്കും. എല്ലാ സർവകലാശാലയെയും വ്യവസായശാലകളുമായും തദ്ദേശവികസന പ്രവർത്തനങ്ങളുമായും ബന്ധിപ്പിക്കണം. സമ്പൂർണ സാക്ഷരതയിൽനിന്ന് സാർവജനീന ഉന്നത വിദ്യാഭ്യാസത്തിലേക്ക് സമൂഹത്തെ ഉയർത്തും. ആജീവനാന്ത ഉന്നതവിദ്യാഭ്യാസത്തിനു സഹായകമായ ഡിജിറ്റൽ സാങ്കേതികവിദ്യയും ഓപ്പൺ ഓൺലൈൻ വിദ്യാഭ്യാസ സൗകര്യങ്ങളും വർധിപ്പിക്കും. സുസ്ഥിരതയും ജനക്ഷേമവും പാരിസ്ഥിതിക നീതിയും പാലിച്ചുകൊണ്ടുള്ള നവകേരള നിർമാണം ത്വരിതപ്പെടുത്തുന്നതിനാവശ്യമായ അത്യാധുനിക ശാസ്ത്രസാങ്കേതിക ഗവേഷണത്തിനായി മികവിന്റെ മുപ്പത് കേന്ദ്രം സ്ഥാപിക്കും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വൈജ്ഞാനിക സമൂഹത്തിന്റെ വളർച്ച മാത്രമല്ല, ബൗദ്ധിക പൊതുസ്വത്തും പേറ്റന്റും വർധിപ്പിച്ചുകൊണ്ട് ജ്ഞാനോൽപ്പാദന സമ്പദ്‌വ്യവസ്ഥയിൽ പങ്കെടുക്കലുംകൂടിയാണ്. അതുവഴി സാമൂഹ്യനീതിയും ജനക്ഷേമവും ഉറപ്പാക്കുന്നതിൽ സംസ്ഥാനം മാതൃക സൃഷ്ടിക്കും.
കേരളമാതൃക സാമ്പത്തികവളർച്ചയും സാമൂഹ്യനീതിയും ഒരുമിപ്പിക്കുന്നതിൽ ഇടതുപക്ഷ ഭരണം നിലനിർത്തിയ നിശ്ചയദാർഢ്യമാണ് കേരളമാതൃക. അതാണല്ലോ ആളോഹരിവരുമാനം ദേശീയ ശരാശരിയേക്കാൾ താഴെ ആയിരുന്നിട്ടും കേരളത്തെ നാനാമേഖലയിൽ വികസിത രാജ്യങ്ങൾക്കൊപ്പം എത്തിച്ചത്. ആ വികസനാനുഭവം മറന്നുകൂടാ. ഉന്നത വിദ്യാഭ്യാസമേഖലയുടെ വികസനത്തിലും കേരളത്തിന്റേതായ ഒരു മാതൃക വേണം, വിദ്യാഭ്യാസമേഖലയിൽ ചെലവില്ല നിക്ഷേപമേ ഉള്ളൂ എന്ന ഉത്തമബോധ്യം സർക്കാരിനുണ്ട്. സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് ആശങ്കപ്പെടാതെ വിദഗ്‌ധർ സ്വതന്ത്രമായിത്തന്നെ ശാക്തീകരണ നടപടികൾക്കാവശ്യമായതൊക്കെ ഉന്നയിക്കണമെന്നാണ് മുഖ്യമന്ത്രി നിർദേശിച്ചത്. ആ ഉള്ളുതുറന്ന പ്രഖ്യാപനം സ്വാഗതം ചെയ്യുമ്പോഴും അതിലടങ്ങിയ സന്ദേശം നമുക്ക് വളരെ കരുതലോടെ നിക്ഷേപിക്കാം എന്നതാണെന്ന് വിദഗ്‌ധർക്കെല്ലാം ബോധ്യപ്പെട്ടു. പണത്തിന്റെ തീർത്തും ന്യായമായ വിനിമയം വളരെ പ്രധാനമാണ്.
കോളേജുകളിലും സർവകലാശാലകളിലും വേണ്ടത്ര അധ്യാപകരെ നിയമിക്കണം. അടിസ്ഥാന ശാസ്ത്രസാങ്കേതിക സാമൂഹ്യ, മാനവിക വിഷയങ്ങൾക്കു പുറമെ അവയുടെ സങ്കരമേഖലകളിലെല്ലാം പഠനപദ്ധതികൾ തുടങ്ങണം. ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രഗത്ഭ സ്ഥാപനങ്ങളിൽനിന്ന് അത്തരം നൂതനവിഷയങ്ങളിൽ പ്രാവീണ്യം നേടിയിട്ടുള്ളവരെ അധ്യാപകരാക്കണം. മറ്റുള്ള സംഗതികളിലെല്ലാം കേരളമാതൃക പിന്തുടരുന്ന നടപടികളാണ് ശിൽപ്പശാല മുമ്പോട്ടുവച്ചിരിക്കുന്നത്.
അടിസ്ഥാനസൗകര്യങ്ങൾകൊണ്ട് പരമാവധി ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള പ്രയത്നം ഉടനെ തുടങ്ങണം. അധ്വാനിച്ചു പഠിക്കുന്ന വിദ്യാർഥികളും ഗവേഷണത്തിലേർപ്പെടുന്ന അധ്യാപകരും അത്യന്താപേക്ഷിതമാക്കുന്ന സംവിധാനം ഓരോ സ്ഥാപനത്തിലും നിർബന്ധമായും സൃഷ്ടിച്ചേതീരൂ. ഇപ്പോഴതില്ല. പരീക്ഷമാത്രം മുൻനിർത്തിയുള്ള പഠിക്കലും പഠിപ്പിക്കലുംമാത്രം. ഒരു ശരാശരി വിദ്യാർഥിയോ അധ്യാപികയോ ഒരു മികച്ച സർവകലാശാലയിലെത്തിയാൽ മികവുള്ളവരാകുന്നു ! അതവിടത്തെ വിഭവസൗകര്യങ്ങൾ കൊണ്ടല്ല. കൃത്യനിർവഹണത്തിൽ ആത്മസമർപ്പണം അനുപേക്ഷണീയമാക്കുന്ന മികവുറ്റ അധ്യയന അധ്യാപന സംവിധാനത്തിന്റെ സ്വാധീനത്താലാണ്. സ്ഥാപനത്തിന്റെ ധൈഷണിക സംസ്കാരവും പൈതൃകവുമാണത്, ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വരവോടെ സൗകര്യങ്ങളിന്നു മിക്കവാറും സാർവജനീനമായിരിക്കുന്നു. ധൈഷണികസംസ്കാരവും പൈതൃകവുമാണ് സാർവജനീനമല്ലാത്തത്. കുറച്ചൊക്കെ അതിവിടെയും ഉണ്ടായിരുന്നതാണ്. വിദ്യാഭ്യാസ വികസനത്തിന്റെ നെട്ടോട്ടത്തിൽ എല്ലാം നഷ്ടപ്പെട്ടു. അതുതിരിച്ചുപിടിക്കണം. സ്വാഭാവികമായി നടന്നില്ലെങ്കിൽ നിയമനിർമാണം വഴി നേടുകയേ നിവൃത്തിയുള്ളൂ.
ചില അവശ്യഘടകങ്ങൾകൂടി ഉറപ്പാകണം. സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യമാണ് അക്കാദമിക മികവിന്റെ രഹസ്യം. അക്കാദമികസമൂഹം സ്വയംഭരണ സംവിധാനത്തിലായിരിക്കണം. സാമ്പത്തിക സാമൂഹ്യ പരിമിതികളിൽനിന്ന് മോചനം സാധ്യമായാൽ വിദ്യാർഥിസ്വാതന്ത്ര്യം പൂർത്തിയായി. പഠനോത്സുകത അവരുടെ പ്രാഥമികചുമതലയാക്കുന്ന സംവിധാനം തീർച്ചയായും വികസിപ്പിക്കണം. വിദ്യാർഥികളുടെ കഴിവുകൾ പരമാവധി വികസിപ്പിക്കുന്ന സ്വയംപഠന ചുമതലകൾ നിർബന്ധമാക്കണം. ഫലപ്രാപ്തി വിദ്യാഭ്യാസംവഴി അധ്യാപകരും ഡിജിറ്റൽ സാങ്കേതികശാക്തീകരണംവഴി സ്ഥാപനവും അതിനുള്ള സജ്ജീകരണം ഉറപ്പാക്കേണ്ടതുണ്ട്.
ഈ അധ്യയനസാഹചര്യം അവകാശമായി ഉന്നയിക്കാനുള്ള ആർജവം കാണിക്കുമ്പോഴേ വിദ്യാർഥികൾ സ്വതന്ത്രരായെന്നു പറയാൻ കഴിയൂ. അധ്യാപകർ ഉദ്യോഗസ്ഥരുടെ കേന്ദ്രീകൃതഭരണ ചട്ടക്കൂടിനുള്ളിലാണ്. അതിൽനിന്ന് മോചനം വേണം. സമയവിവരപ്പട്ടികയുടെ സങ്കുചിത നിഷ്കർഷകൾ വച്ചുള്ള ഭരണവും ഒഴിവ് നിർണയിക്കലും നിയമനവുംവഴി നല്ല അധ്യാപനസംവിധാനം സൃഷ്ടിക്കാനാകില്ല. അധ്യാപകർക്ക് ഭാരിച്ച അക്കാദമിക സാമൂഹ്യ ഉത്തരവാദിത്വമുണ്ടെന്ന് അധ്യാപകരും അവരിൽ അങ്ങേയറ്റം വിശ്വാസം അർപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഉദ്യോഗസ്ഥരും അംഗീകരിക്കണം.
മികവിന്റെ കേന്ദ്രങ്ങൾ, ഫെലോഷിപ്പുകൾ ബജറ്റിൽ പ്രഖ്യാപിച്ച മികവിന്റെ മുപ്പത് അന്തർ സർവകലാശാലാ കേന്ദ്രം ആരംഭിക്കുന്നത് സർവകലാശാലകളിൽനിന്ന് സ്വതന്ത്രവും നവകേരള സൃഷ്ടിക്കുപയുക്തവുമായ വിഷയാന്തര ഗവേഷണ മേഖലകളിലായിരിക്കണമെന്നും അവയുടെ നേതൃത്വം വിദഗ്ധരുടെ അന്വേഷണസമിതി കണ്ടെത്തുന്ന പ്രഗത്ഭരിൽ നിക്ഷിപ്തമായിരിക്കണമെന്നുള്ള സർക്കാർ നിർദേശം എല്ലാവരും അംഗീകരിച്ചു. ഒപ്പം മികവുതെളിയിച്ച് നിലവിലുള്ള അന്തർസർവകലാശാലാ കേന്ദ്രങ്ങളെയും സമാന പദവിയിലേക്കുയർത്തുന്നതും ഉചിതമായിരിക്കുമെന്ന് നിർദേശിച്ചു. മികവിലേക്കുള്ള വളർച്ച ക്രമാനുഗതമായ ജൈവവികാസ പരിണാമമാണ്. അതിനാൽ മികവിലേക്ക് പരിണമിച്ചുതുടങ്ങിയവയെ പോഷിപ്പിക്കുന്നതിന് പ്രാമുഖ്യം വേണം.
ബജറ്റിൽ 500 പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് പ്രഖ്യാപിച്ചത് സ്വാഗതാർഹമാണ്. വലിയ ഫെലോഷിപ്പുകൾ ഗവേഷകപ്രതിഭകളെ ആകർഷിക്കും. എന്നാൽ, അവ ഒറ്റയടിക്കു നൽകേണ്ടതില്ലെന്ന അഭിപ്രായമാണുള്ളത്. ആഗോളതലത്തിൽ പ്രാധാന്യമുള്ള വിഷയാന്തരവിഷയങ്ങളിൽ പ്രാവീണ്യം തെളിയിച്ചവരെ കണ്ടെത്തുന്ന മുറയ്ക്ക് കുറെശ്ശേ നൽകുന്നതായിരിക്കും ഉത്തമം എന്നാണ് നിർദേശം.
പുതിയ പഠനപദ്ധതികൾ അടിസ്ഥാന ശാസ്ത്ര സാങ്കേതികവിഷയങ്ങളെയും വിമർശോന്മുഖ സാമൂഹ്യശാസ്ത്ര മാനവിക കലാസാംസ്കാരിക വിഷയങ്ങളെയും ശാക്തീകരിക്കുന്നതോടൊപ്പം ശാസ്ത്ര സാങ്കേതിക സങ്കരവിഷയങ്ങളിലുള്ള അനേകം പുതിയ പഠനപദ്ധതികൾ തുടങ്ങും. ഓരോ വിഷയവും പരസ്പരബന്ധമില്ലാതെ കിടക്കുന്ന അവസ്ഥ അനുവദിക്കില്ല. ബഹുവിഷയസമീപനം നിർബന്ധമാക്കും. വിഷയാന്തര വിഷയഗവേഷണത്തിനായിരിക്കും മുൻതൂക്കം. അവയിൽ ഘടനാപരമായ ജനിതകശാസ്ത്രം, ജീവിവർഗങ്ങളുടെ ഡിഎൻഎ ബാർകോഡിങ്, മെഡിക്കൽ ബയോടെക്നോളജി, അഗ്രോ-ബയോ ടെക്നോളജി, ബയോമോളിക്യുലാർ എൻജിനിയറിങ്, ബയോ ഇൻഫോർമാറ്റിക്സ്, ഡാറ്റാ അനലിറ്റിക്സ് ഗ്രാഫീൻ- എൻജിനിയറിങ്, കാലാവസ്ഥാ വ്യതിയാനപഠനം, ബ്രെയിൻ- കംപ്യൂട്ടർ ഇന്റർഫേസ് പഠനങ്ങൾ, റോബോട്ടിക്സ്, നിർമിതബുദ്ധി തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തണമെന്ന നിർദേശമുണ്ട്. ഉന്നതവിദ്യാഭ്യാസ മന്ത്രി നിയമിച്ചിട്ടുള്ള മൂന്ന് വിദഗ്ധസമിതിയുടെ റിപ്പോർട്ടുകൾ വന്നതിനുശേഷമായിരിക്കും പുതിയ പാഠ്യപദ്ധതിയും അധ്യാപന അധ്യയന സംവിധാനവും അധ്യാപക നിയമനവുംപോലുള്ള നടപടികൾ ആരംഭിക്കുക.
ബഹുവിഷയ വിഷയാനന്തര മേഖലകളിൽ അടിസ്ഥാന വിഷയങ്ങളെയും ബന്ധപ്പെട്ട ഉപവിഷയങ്ങളെയും ഏകോപിപ്പിക്കുന്ന പൊതുവായ പേരുകളിൽ ഡിഗ്രി നൽകുന്ന ആഗോളസമ്പ്രദായം സ്വീകരിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് സുവോളജി, ബോട്ടണി എന്നൊക്കെ വേർതിരിക്കുന്നതിനുപകരം ബയോളജിക്കൽ സയൻസ് അല്ലെങ്കിൽ ലൈഫ് സയൻസ് എന്ന പൊതുനാമം സ്വീകരിക്കുന്ന രീതി നിർബന്ധമാക്കണം. അല്ലാത്തപക്ഷം തുടർപഠനങ്ങൾക്കും ജോലിക്കും തുല്യതാസർട്ടിഫിക്കറ്റു തേടി അലയേണ്ടിവരും. മാത്രമല്ല, സർക്കാർ സ്‌പെഷ്യൽ റൂളുകൾ ഭേദഗതി വരുത്തുകയും വേണം. എങ്കിലേ പിഎസ്‌സി തുല്യതാ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന സമ്പ്രദായം നിർത്തലാക്കാൻ കഴിയൂ. ഇതുമൂലം കഷ്ടപ്പെടുന്ന അനേകം അപേക്ഷകരുണ്ട്.
പാഠ്യവിഷയങ്ങളിലും ഉള്ളടക്കത്തിലും മാത്രമല്ല, ഉന്നതവിദ്യാഭ്യാസ ഭരണസംവിധാനത്തിലുടനീളം നിയമ പുനർനിർമാണത്തിലൂടെ ആഗോളസ്വഭാവം ഉറപ്പുവരുത്തും. കാലഹരണപ്പെട്ട നിയമങ്ങളും കീഴ്‌വഴക്കങ്ങളുംമൂലം നിലനിൽക്കുന്ന എല്ലാ വൈരുധ്യങ്ങൾക്കും പരിഹാരം ഉറപ്പാക്കുന്ന വിധത്തിൽ സർവകലാശാലകളുടെ നിയമങ്ങളിൽ ഭേദഗതി കൊണ്ടുവരും.
(ഉന്നത വിദ്യാഭ്യാസ സമിതി വൈസ് ചെയർമാനാണ് ലേഖകൻ)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..