കുത്തകകൾ ഇങ്ങനെ സകല പ്ലാറ്റ്‌ഫോമുകളും വിഴുങ്ങി കൈവശം വച്ചിരിക്കുന്നതിന്റെ ഭീകരതയും കുഴപ്പവും ഇതാദ്യമായല്ല മനുഷ്യരാശി നേരിടുന്നത്. ഓരോ ഇന്റർനെറ്റ് ഔട്ടേജ് നമ്മെ ഓർമ്മിപ്പിക്കുന്ന ഒരായിരം ധാർമ്മിക പ്രതിസന്ധികൾ ഉണ്ട്. മുതലാളിമാർക്കും കമ്പനികൾക്കും ഉണ്ടാകുന്ന ഓഹരി / ലാഭ നഷ്ടം എന്ന നിലയ്ക്കല്ല അതിനെ കാണേണ്ടത്. സമൂഹത്തെ ഒന്നാകെ ചരടിൽ കോർത്തു നിയന്ത്രിക്കുകയും ചലിക്കാനാവാതെ ബന്ധിപ്പിക്കുകയും ചെയ്തിരിക്കുന്ന പാശങ്ങൾ ഇഴ പൊട്ടുമ്പോൾ നാം എന്തു ചെയ്യും?...വി എസ് ശ്യാം എഴുതുന്നു
ആറു മണിക്കൂറിൽ ഏറെ നിലനിന്ന ഗ്ലോബൽ ഔട്ടേജിനു ശേഷം ഫേസ്‌ബുക്കും വാട്സാപ്പ് മെസഞ്ചർ തുടങ്ങിയ ഇൻസ്റ്റന്റ് മെസേജിങ് ആപ്പുകളും ഇൻസ്റ്റാഗ്രാം, ഒക്കുലസ് വെർച്വൽ റിയാലിറ്റി വെബ്‌സൈറ്റുകളും സാധാരണ നിലയിലേക്ക് തിരികെ വന്നു കൊണ്ടിരിക്കുന്നു. 2019 മാർച്ചിൽ സംഭവിച്ച ഏകദേശം 24 മണിക്കൂർ ഷട്ട് ഡൗണിനു ശേഷം ഉണ്ടാകുന്ന ഏറ്റവും ദൈർഘ്യമേറിയ സൈറ്റ് ഓഫ്‌ലൈൻ സാഹചര്യം ആണിത്.
ഡൊമൈൻ നെയിം സിസ്റ്റം (DNS) - ബോർഡർ ഗേറ്റ് വേ പ്രോട്ടോക്കോൾ (BGP) എന്നിവയുമായി ബന്ധപ്പെട്ട് ഉണ്ടായ തകരാർ എന്ന നിലയ്ക്കാണ് കാരണങ്ങൾ പ്രാഥമികമായി മനസിലാക്കുന്നത്. ഇന്റർനെറ്റിന്റെ ഫോൺബുക്ക്/ ടെലിഫോൺ ഡയറക്ടറി എന്നാണു ഡിഎൻഎസിനെ പലപ്പോഴും പരാമർശിക്കുന്നത്; നമ്മൾ ടൈപ്പുചെയ്യുന്ന ഏതൊരു വെബ്‌സൈറ്റ് വിലാസവും / ഹോസ്റ്റ് പേരുകളും IP (ഇന്റർനെറ്റ് പ്രോട്ടോക്കോൾ) വിലാസങ്ങളിലേക്ക് മാറ്റി എടുക്കപ്പെടും. അവിടെയാണ് ആ സൈറ്റുകളും അതിലെ കണ്ടന്റ് സംഗതികളും ഉള്ളത്. ഫേസ്‌ബുക്ക് അതിന്റെ ഡിഎൻഎസ് നെയിം സെർവറുകളുടെ ഐപി വിലാസങ്ങൾ അടങ്ങുന്ന ബോർഡർ ഗേറ്റ്‌വേ പ്രോട്ടോക്കോൾ (BGP) റൂട്ട് പിൻവലിക്കുകയോ അതിൽ എന്തോ പണിയാൻ ശ്രമിക്കുകയോ ചെയ്തതാവാം ഈ 'പണിമുടക്കി'ന് കാരണം
DNS ഇന്റർനെറ്റിന്റെ ഫോൺ ബുക്ക് ആണെങ്കിൽ, BGP അതിന്റെ നാവിഗേഷൻ സംവിധാനമാണ്; ഇന്റർനെറ്റ് വിവര സൂപ്പർ ഹൈവേയിൽ സഞ്ചരിക്കുമ്പോൾ ഡാറ്റ ഏത് റൂട്ട് എടുക്കുമെന്ന് BGP വഴി ആണ് തീരുമാനിക്കുക. ഒരു റോഡിൽ നിന്ന് മറ്റൊരു റോഡിലേക്ക് നമ്മുടെ വാഹനത്തെ വഴി കാണിച്ചു കൊണ്ടു പോകുന്നത് പോലെ നെറ്റ്വർക്കുകളിൽ നിന്നു മറ്റൊന്നിലേക്ക് നമ്മുടെ സൈറ്റ് ആക്ടിവിറ്റിയെ കണക്ട് ചെയ്യുന്നത് ഇങ്ങനെയാണ്. ചുരുക്കത്തിൽ നമ്മൾ facebook. കോം എന്ന സൈറ്റ് ടൈപ്പ് ചെയ്ത് ചെല്ലുമ്പോൾ റൂട്ടറുകൾ (Router ‘റൂട്ട’ എന്നത് ഇംഗ്ലീഷ് ഇംഗ്ലീഷിൽ പറയുന്നതാണ്. അമേരിക്കൻ ഇംഗ്ലീഷ് ഉച്ചാരണം റൗട(ർ) എന്നാണ് ) വഴി അറിയാതെ വട്ടം ചുറ്റി എങ്ങോട്ടു പോകണം എന്നറിയാതെ മുട്ടി നിൽക്കും. ഇത്തരത്തിൽ ഫേസ്‍ബുക്കിന്+ മറ്റു സൈറ്റ് / ആപ്പ്ളിക്കേഷനുകൾക്ക് അതിനെ പുറം നെറ്റ്‌വർക്കുമായി ബന്ധിപ്പിക്കുന്ന ഇടങ്ങളിൽ എന്തോ കോൺഫിഗറേഷൻ ഏററുകൾ സംഭവിച്ചതാകാം. ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.
ഇപ്പോഴും വിവിധ സെർവറുകളിൽ നിന്ന് സൈറ്റ് ആക്സസ് ചെയ്യാൻ ആകാത്ത പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പൂർണമായും സാധാരണ നില കൈവരിച്ചിട്ടില്ല എന്നാണ് അനുമാനിക്കേണ്ടത്. മലയാളികൾ കേരളത്തിൽ ഭൂരിഭാഗവും ഉറങ്ങാൻ പോയ നേരം ആയത് കൊണ്ട് നിലവിളികൾ താരതമ്യേന കുറവായിരുന്നു. കണ്ണും തിരുമ്മി എഴുന്നേറ്റ് ഫോൺ എടുത്ത് നോക്കി സമാധാന പോസ്റ്റുകൾ വരുന്നുണ്ട്.
ഫേസ്‌ബുക്ക് എഞ്ചിനീയർന്മാർക്ക് ഈ പ്രശ്നം ഫിക്സ് ചെയ്യാൻ അവരവരുടെ ആപ്പീസുകളിലേക്കും പേഴ്‌സണൽ അക്കൗണ്ടുകളിലേക്കും ഉള്ള ആക്സസ് വരെ തടസ്സപ്പെട്ട അവസ്ഥ ഉണ്ടായി. 2019 ൽ ഗൂഗിളിന് ഇത് പോലെ ഒരു സാഹചര്യം നേരിടേണ്ടി വന്നിരുന്നു. ഗൂഗിൾ ക്ലൗഡ് സംവിധാനങ്ങളിലേക്കുള്ള ആക്സസ് തടസപ്പെട്ടു. ഇന്റർനെറ്റ് ശൃംഖലയുമായുള്ള ബന്ധം മുറിഞ്ഞു. അത് ഫിക്സ് ചെയ്യണം എങ്കിൽ ഇന്റർനെറ്റിൽ കയറണം താനും. ജോലി കിട്ടിയാൽ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് തരും പക്ഷെ ജോലി കിട്ടണമെങ്കിൽ എക്സ്പീരിയൻസ് വേണം എന്ന അവസ്ഥ. (Catch 22 എന്ന് ഗൂഗിൾ ചെയ്യാം)
ഫേസ്‌ബുക്ക് + അനുബന്ധ സൈറ്റുകൾ അടിച്ചു പോയതോടെ മറ്റു സൈറ്റുകൾക്കും പണിയായി. അനിയന്ത്രിതമായി ട്രാഫിക്ക് കൂടി. സോഷ്യൽ മീഡിയായിൽ നിന്ന് മാറി നിൽക്കാൻ കഴിയാത്തവർ ട്വിറ്റർ ഉൾപ്പെടെ ഉള്ള പ്ലാറ്റുഫോമുകളിൽ അഭയം തേടി. Hello literally everyone എന്ന് ട്വിറ്റർ ആപാദചൂഡം ട്രോളി. മായാവിയിലെ സലിംകുമാർ ആശാനെ പോലെ കസേര ഇട്ടിരുന്നു. സക്കർബഗ് ഉൾപ്പെടെ സകലരും തങ്ങളുടെ അപ്ഡേറ്റ് ലോകത്തെ അറിയിച്ചത് ട്വിറ്റർ വഴിയാണ്. അതിലും ഉപരിയായി ക്ലൗഡ്ഫ്ലെയർ പോലെ ഉള്ള DNS പ്രൊവൈഡർ സംവിധാനങ്ങൾ അനിയന്ത്രിത ട്രാഫിക്കിനാൽ വെള്ളം കുടിച്ചു. ഇന്റർനെറ്റ് സംവിധാനങ്ങൾ എത്രത്തോളം പരസ്പരം ആശ്രയിക്കപ്പെട്ടു നിലനിൽക്കുന്നതാണെന്ന് ഓരോ ഔട്ടേജ് സാഹചര്യങ്ങളും നമ്മെ ഓർമിപ്പിക്കുന്നു. ഒന്ന് പൊളിഞ്ഞാൽ ചീട്ടു കൊട്ടാരം പോലെ സകലതും താഴെ വീഴും.
ഇനി ചില കണക്കുകൾ നോക്കാം : ഫേസ്‌ബുക്കും അനുബന്ധ സൈറ്റുകളും ആക്സസ് ചെയ്യാൻ ആകുന്നില്ല, ഡൌൺ ആണ് എന്ന നിലയ്ക്ക് 10 ലക്ഷത്തി അറുപതിനായിരം പ്രോബ്ലം റിപ്പോർട്ടുകൾ ഉണ്ടായി. ഫെയ്‌സ്ബുക്കിന്റെ 2020 -ലെ വരുമാനമായ 85.97 ബില്ല്യൺ ഡോളർ അടിസ്ഥാനമാക്കി, തിങ്കളാഴ്ചയിലെ തകരാറിന് കമ്പനിയ്ക്ക് ഓരോ മിനിറ്റിലും ശരാശരി 163,565 ഡോളർ വരുമാനനഷ്ടം ഉണ്ടായി. അതായത് ആറ് മണിക്കൂറിലധികം പ്രവർത്തനരഹിതമായപ്പോൾ നഷ്ടം ഏകദേശം 60 ദശലക്ഷം ഡോളർ. ഫേസ്‌ബുക്കിനെയും ഇൻസ്റ്റാഗ്രാമിനെ യും മറ്റും ആശ്രയിച്ചും അതുവഴിയും നിലനിൽക്കുന്ന ദശലക്ഷക്കണക്കിന് ബിസിനസുകളും വ്യക്തികളും ഉണ്ട് അവരുടെ സഞ്ചിത നഷ്ടം കണക്കാക്കുന്നതിനും അധികമായിരിക്കും
ഒക്ടോബർ 4 തിങ്കളാഴ്ച ഉണ്ടായ സാങ്കേതിക പ്രശ്നം കമ്പനിക്ക് എത്രമാത്രം മാർക്കറ്റ് ക്യാപിറ്റലൈസേഷൻ നഷ്ടപ്പെടുത്തി എന്നതാണ് മറ്റൊരു ആശ്‌ചര്യം. ഫേസ്ബുക്ക് ഓഹരികൾ തിങ്കളാഴ്ച 4.9% ഇടിഞ്ഞു. 47.3 ബില്യൺ ഡോളർ അവർക്ക് നഷ്ടപ്പെട്ടു. ഫേസ്‌ബുക്ക് സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവുമായ മാർക്ക് സക്കർബർഗിന് കമ്പനിയിൽ 14% ഓഹരിയുണ്ട്, തിങ്കളാഴ്ച മാത്രം ഏകദേശം 6 ബില്യൺ ഡോളർ ആശാന് നഷ്ടപ്പെട്ടു, ഫോബ്‌സ് മാഗസിന്റെ അഞ്ചാമത്തെ സമ്പന്നനായ വ്യക്തിയിൽ നിന്ന് ആറാം സ്ഥാനത്തേക്ക് ഒറാക്കിൾ കോർപ്പറേഷൻ സ്ഥാപകൻ ലാറി എല്ലിസണിന് താഴെപ്പോയി.
ട്രില്യൺ ഡോളർ ക്ലബ്ബ് എന്നൊരു സംഗതി ഉണ്ട്. തിങ്കളാഴ്ചയുടെ ഇടിവിന് ശേഷം അതിൽ നിന്നും ചിലപ്പോൾ ഫേസ്‌ബുക്ക് ഔട്ടായേക്കും. ആപ്പിൾ Inc. മൈക്രോസോഫ്റ്റ് കോർപ്പറേഷൻ, ആമസോൺ , ആൽഫബെറ്റ് Inc. എന്നിവയ്‌ക്കൊപ്പം ഒരു ട്രില്യൺ ഡോളർ ക്ലബ്ബിൽ ചേർന്ന കമ്പനി, ഇപ്പോൾ പരിധിയിൽ നിന്ന് 80 ബില്യണിലധികം താഴെയാണ്. സെപ്റ്റംബർ 22 ന് ഫെയ്‌സ്‌ബുക്ക് ഒരു ട്രില്യൺ ഡോളർ മൂല്യത്തുകയിൽ താഴെ ആയിരുന്നു. തിങ്കളാഴ്ചയുടെ ഇടിവിന് ശേഷം അതിന്റെ മൂല്യം 919.79 ബില്യൺ ഡോളറിലെത്തി.
കുത്തകകൾ ഇങ്ങനെ സകല പ്ലാറ്റഫോമുകളും വിഴുങ്ങി കൈവശം വച്ചിരിക്കുന്നതിന്റെ ഭീകരതയും കുഴപ്പവും ഇതാദ്യമായല്ല മനുഷ്യരാശി നേരിടുന്നത്. ഓരോ ഇന്റർനെറ്റ് ഔട്ടേജ് നമ്മെ ഓർമ്മിപ്പിക്കുന്ന ഒരായിരം ധാർമ്മിക പ്രതിസന്ധികൾ ഉണ്ട്. മുതലാളിമാർക്കും കമ്പനികൾക്കും ഉണ്ടാകുന്ന ഓഹരി / ലാഭ നഷ്ടം എന്ന നിലയ്ക്കല്ല അതിനെ കാണേണ്ടത്. സമൂഹത്തെ ഒന്നാകെ ചരടിൽ കോർത്തു നിയന്ത്രിക്കുകയും ചലിക്കാനാവാതെ ബന്ധിപ്പിക്കുകയും ചെയ്തിരിക്കുന്ന പാശങ്ങൾ ഇഴ പൊട്ടുമ്പോൾ നാം എന്തു ചെയ്യും? എങ്ങനെ അതിജീവിക്കുെ? കൈകാര്യം ചെയ്യും? ആരു മറുപടി നൽകും? കാലം !??
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..