07 October Thursday

തുടക്കം പിഴച്ചു ; ഇന്ത്യക്ക്‌ സാഫ്‌ ഫുട്‌ബോളിൽ സമനിലത്തുടക്കം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 5, 2021


മാലി
ഏഴുവട്ടം ചാമ്പ്യൻമാരായ ഇന്ത്യക്ക്‌ സാഫ്‌ ഫുട്‌ബോളിൽ സമനിലത്തുടക്കം. ബംഗ്ലാദേശാണ്‌ ഇന്ത്യയെ തളച്ചത്‌ (1–-1). പിന്നിട്ടുനിന്നും, 10 പേരായി ചുരുങ്ങിയിട്ടും ബംഗ്ലാദേശ്‌ കളിയിൽ തിരിച്ചുവന്നു. ആദ്യപകുതിയിൽ ക്യാപ്‌റ്റൻ സുനിൽ ഛേത്രിയിലൂടെ ഇന്ത്യ മുന്നിലെത്തിയപ്പോൾ കളി തീരാൻ 16 മിനിറ്റ്‌ ശേഷിക്കെ യെസീൻ അറാഫത്‌ ബംഗ്ലാദേശിന്റെ ഗോൾ കുറിച്ചു.

ലോകറാങ്കിങ്ങിൽ 189–-ാംസ്ഥാനത്തുള്ള ബംഗ്ലാദേശിനോട്‌ 107–-ാമതുള്ള ഇന്ത്യയുടേത്‌ മികച്ച പ്രകടനമായില്ല. ബംഗ്ലാദേശിനെതിരെ തുടക്കംമാത്രമായിരുന്നു ഇന്ത്യക്ക്‌ കളിയുടെ കടിഞ്ഞാൺ കിട്ടിയത്‌. 26–-ാംമിനിറ്റിൽ ഛേത്രി മുന്നിലെത്തിച്ചു. വലതുപ്രതിരോധക്കാരൻ പ്രീതം കോട്ടലിന്റെ നീക്കം ഉദാന്ത സിങ്ങിലേക്ക്‌. ബംഗ്ലാദേശ്‌ താരങ്ങളെ മറികടന്ന്‌ ഉദാന്ത പന്ത്‌ ഛേത്രിക്കെത്തിച്ചു. പരിചയസമ്പന്നന്‌ പിഴച്ചില്ല.

ഗോൾ വഴങ്ങിയിട്ടും ബംഗ്ലാദേശ്‌ തളർന്നില്ല. പന്തിലും പാസിലും ഇന്ത്യ ആധിപത്യം തുടർന്നെങ്കിലും വീണ്ടും വല കുലുങ്ങാൻ അവർ അനുവദിച്ചില്ല. രണ്ടാംപകുതിയുടെ തുടക്കം 10 പേരായിട്ടും അവരുടെ വീര്യം ചോർന്നില്ല. ഇന്ത്യൻ മുന്നേറ്റക്കാരൻ ലിസ്റ്റൺ കൊളാസോയെ വീഴ്‌ത്തിയതിന്‌ ബിശ്വന്ത്‌ ചുവപ്പുകാർഡ്‌ കണ്ട്‌ മടങ്ങി.

പ്രത്യാക്രമണത്തിലൂടെ ഒപ്പമെത്താനുള്ള ബംഗ്ലാദേശിന്റെ ശ്രമങ്ങൾ വിജയിച്ചു. നിരന്തരമായ മുന്നേറ്റത്തിൽ ചിതറിയ ഇന്ത്യൻ പ്രതിരോധത്തിന്‌ പിഴച്ചു. ജമാൽ ബുയാന്റെ കോർണറിൽ തലവച്ച്‌ യെസീൻ അർഹിച്ച ഗോൾ നേടി. ബോക്‌സിൽ അഞ്ച്‌ ഇന്ത്യൻ പ്രതിരോധക്കാരുണ്ടായിട്ടും യെസീനെ ആരും ശ്രദ്ധിച്ചില്ല. തലയിലേക്ക്‌ കൃത്യമായി വന്ന പന്ത്‌ ബംഗ്ലാദേശുകാരൻ അകത്താക്കി. ലീഡ്‌ തിരിച്ചുപിടിക്കാനുള്ള ഇന്ത്യൻ മുന്നേറ്റങ്ങളെ ചെറുത്ത്‌ സമനിലയുമായി ബംഗ്ലാദേശ്‌ മടങ്ങി. റൗണ്ട്‌ റോബിൻ അടിസ്ഥാനത്തിലുള്ള ടൂർണമെന്റിൽ ഏഴിന്‌ ശ്രീലങ്കയാണ്‌ ഇന്ത്യയുടെ അടുത്ത എതിരാളി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top