ക്വീൻസ്‌ലാൻഡ്
തുടർച്ചയായ രണ്ടാംദിനവും മഴ തടസ്സംനിന്ന കളിയിൽ സ്‌മൃതി മന്ദാനയിലൂടെ ഇന്ത്യ ആഘോഷിച്ചു. കന്നി സെഞ്ചുറിയുമായി മടങ്ങിയ ഈ ഇരുപത്തഞ്ചുകാരിയുടെ കരുത്തിൽ ഓസ്‌ട്രേലിയക്കെതിരായ പകൽ–-രാത്രി ടെസ്റ്റിൽ ഇന്ത്യ മികച്ച നിലയിൽ.
മഴയും മോശം കാലാവസ്ഥയെയും തുടർന്ന് കളി നിർത്തുമ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 276 റണ്ണെടുത്തു. 127 റണ്ണുമായാണ് മന്ദാന കളം വാണത്. ഓസീസ് മണ്ണിൽ ഒരു ഇന്ത്യൻ വനിതയുടെ ആദ്യ ടെസ്റ്റ് സെഞ്ചുറിയാണിത്. പിങ്ക് പന്തിൽ നൂറടിക്കുന്ന കന്നി ഇന്ത്യക്കാരിയുമായി മന്ദാന.
ഒന്നിന് 132 റൺ എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയെ മന്ദാനയും പൂനം റൗട്ടും (36) നയിച്ചു. രണ്ടാംവിക്കറ്റിൽ 102 റണ്ണാണ് ഇരുവരും ചേർത്തത്. 80 റണ്ണുമായി ക്രീസിലുണ്ടായിരുന്ന മന്ദാന മികവ് തുടർന്ന്. അനായാസം റൺ കണ്ടെത്തി. പേരുകേട്ട ഓസീസ് പേസ് നിരയെ നിലംപരിശാക്കി. 22 ഫോറും ഒരു സിക്സറും ആ ഇന്നിങ്സിൽ ഉൾപ്പെട്ടു. ആഷ്--ലി ഗാർഡ്നറുടെ പന്തിൽ ടാഹില മഗ്രാത്തിന് പിടികൊടുത്താണ് ഇടംകെെ താരം മടങ്ങിയത്. ക്യാപ്റ്റൻ മിതാലി രാജ് (30), യാസ്തിക ഭാട്ടിയ (19) എന്നിവരെയും ഇന്ത്യക്ക് നഷ്ടമായി. ദീപ്തി ശർമയും (12*) റണ്ണൊന്നുമെടുക്കാതെ താനിയ ഭാട്ടിയയുമാണ് ക്രീസിൽ. രണ്ടുദിവസംമാത്രം ശേഷിക്കേ ഒറ്റമത്സര പരമ്പര സമനിലയിലേക്കാണ് നീങ്ങുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..