ഇംഗ്ലീഷ് ഭാഷയുടെ പ്രയോഗ സവിശേഷതകളിലേക്ക് വെളിച്ചമെത്തിക്കുന്ന പംക്തി തുടരുന്നു. എഴുതുന്നത് പ്രശസ്‌ത കവിയും മാധ്യമ പ്രവര്‍ത്തകനുമായ പ്രഭാവര്‍മ്മ
'പപ്പടം വട്ടത്തിലായതു കൊണ്ടാവാം
പയ്യിന്റെ പാലു വെളുത്തതായി' എന്ന് എഴുതിയിട്ടുണ്ട് കുഞ്ഞുണ്ണിമാഷ്. പരസ്പരം ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളെ നമ്മള്‍ നിത്യ ജീവിതത്തില്‍ പലപ്പോഴും ബന്ധിപ്പിച്ചു പറയുമല്ലോ. 'തുണി നനച്ചു വിരിച്ചതേയുള്ളു. ഉടനെ മഴവന്നു' എന്നത് കേള്‍ക്കാത്ത ആരും ഉണ്ടാവില്ല.
ഇങ്ങനെ പറയുന്നതിനെ സൂചിപ്പിക്കുന്ന ഒരു പ്രയോഗം ഇംഗ്ലീഷിലുണ്ട്. 'Compare apples to Oranges' എന്നതാണത്. When you try to compare two things that cannot be compared, you are comparing apple to orange! Apple to oysters എന്നായിരുന്നു ആദ്യമൊക്കെ പറഞ്ഞിരുന്നത്. 1670 ല്‍ ജോണ്‍ റായ് ഇംഗ്ലണ്ടിലെ പഴഞ്ചൊല്ലുകള്‍ സമാഹരിച്ചു. അതില്‍ ഇതുമുണ്ടായിരുന്നു. പിന്നീട് അത് ഈ വിധത്തിലുള്ള മാറ്റങ്ങളോടെ ഇംഗ്ലീഷിലെ ഒരു idiom ആയി.
ജീവിച്ച വര്‍ഷമെത്രയെന്നതല്ല, വര്‍ഷിച്ച ജീവിതമെത്രയെന്നതാണു പ്രധാനമെന്നു നാം കേട്ടിട്ടുണ്ടല്ലൊ. In the end, it is not the years in life that counts, it is the life in your years എന്ന് എബ്രഹാം ലിങ്കണ്‍.
ഇംഗ്ലീഷിലും മലയാളത്തിലും ഒരുപോലെ പ്രചാരത്തിലുള്ള പ്രയോഗങ്ങളുണ്ട്. ഒന്നില്‍ നിന്നു മറ്റൊന്നിലേക്കു വന്നതാണ് എന്നു കരുതാനാവാത്തവ. എന്നാല്‍ അങ്ങനെ തന്നെയല്ലേ എന്ന സംശയമുണര്‍ത്തുന്നവ.
'പ്രാഭവം ദുഷിപ്പിപ്പൂ നരനെ, നിശ്ശേഷമാം
പ്രാഭവം ദുഷിപ്പിപ്പൂ നിശ്ശേഷമെന്നുണ്ടല്ലോ' എന്നു മഹാകവി വൈലോപ്പിള്ളി എഴുതിയത്, power corrupts, absolute power corrupts absolutely എന്ന് പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ബ്രിട്ടീഷ് ചരിത്രകാരന്‍ ലോഡ് ആക്ടണ്‍ പറഞ്ഞതുകൊണ്ടാണോ എന്നറിയില്ല. ഫ്രഞ്ച് റിപ്പബ്ലിക്കന്‍ കവി അല്‍ഫോന്‍സ് ലാമറിന്റയിന്‍ ഒരു പ്രബന്ധത്തില്‍ absolute power corrupts the best natures എന്ന് പണ്ടേ പറഞ്ഞിരുന്നത്. ഒരു പക്ഷേ, അബോധമായി ആക്ടനെ സ്വാധീനിച്ചിരിക്കണം.
അജ്ഞത അനുഗ്രഹമാണെന്നു നമ്മള്‍ പണ്ടേ കേട്ടിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇതുതന്നെയല്ലേ ഇംഗ്ലീഷിലെ ignorance is bliss? അതിനെ പരിചയപ്പെട്ടതുകൊണ്ടു കൂടിയാവാം ഒരു പക്ഷേ, മഹാകവി അക്കിത്തത്തിന്,
'വെളിച്ചം ദുഃഖമാണുണ്ണീ
തമസ്സല്ലോ സുഖപ്രദം' എന്ന് എഴുതാന്‍ കഴിഞ്ഞത്. A person who does not know about a problem need not have to worry about it. 'Where ignorance is bliss, it is folly to be wise' എന്ന് തോമസ് ഗ്രേ എഴുതിയിട്ടുള്ളതും നാം ഓര്‍ക്കുക. ആലങ്കാരികമായ ഒരു പ്രയോഗമാണത്?
'അല്‍പ്പജ്ഞാനം അപകടം' എന്ന പ്രസിദ്ധമായ പ്രയോഗത്തിനു സമാനമായി ഇംഗ്ലീഷിലുള്ളതാണ്, 'A little learning is a dangerous thing' എന്നത്. ഒരുവെടിക്കു രണ്ടു പക്ഷി എന്നു നമ്മള്‍ പറയാറുണ്ടല്ലോ. ഇതു തന്നെയാണ്, 'Kill two birds with one stone!
I have to go to my office and on the way back, I will pick up the parcel as well, Killing two birds with one stone.
ഇരുകൈയും കൂട്ടിമുട്ടിയാലേ ശബ്ദമുണ്ടാവൂ എന്ന മലയാളത്തിലെ പ്രയോഗം തന്നെയാണ് It takes two to tango എന്ന ഇംഗ്ലീഷിലെ പ്രയോഗം. For this situation he alone is not responsible. She too is! It takes two to tango.
ഒരേ തൂവല്‍ പക്ഷികള്‍ എന്നു മലയാളത്തില്‍ പറയുന്ന അര്‍ത്ഥം കിട്ടാന്‍ ഇംഗ്ലീഷില്‍ പറയുക 'Birds of the same feather' എന്നല്ല. Birds of a feather മതി.
സഞ്ചാരിയും ചലച്ചിത്രകാരനുമായിരുന്ന രവീന്ദ്രന്റെ 'ഒരേ തൂവല്‍ പക്ഷികള്‍' ദല്‍ഹിയില്‍ പ്രദര്‍ശിപ്പിക്കുന്നതിനു മുന്നോടിയായി ഒരു ബ്രോഷര്‍ ഉണ്ടാക്കണമായിരുന്നു ഇംഗ്ലീഷില്‍. 'Birds of a feather' എന്ന് അതിനായി ഞാന്‍ എഴുതിയപ്പോള്‍, അതു വെട്ടിയിട്ട് ഒരു 'ഇംഗ്ലീഷ് പണ്ഡിതന്‍' 'Birds of the same feather' എന്ന് എഴുതിയതോര്‍മ്മിക്കുന്നു. ആരെന്തെഴുതിയാലും ഞാന്‍ എഴുതിയതു തന്നെയാണ് ശരിയെന്നു ഞാന്‍ ഇന്നും ഉറച്ചു വിശ്വസിക്കുന്നു; പണ്ട് ഗലീലിയോ മുട്ടില്‍ നിന്നുകൊണ്ട് മനസ്സില്‍ പറഞ്ഞതുപോലെ!
ഇത്തരം ചില എടാകൂടങ്ങളില്‍ ഞാന്‍ പിന്നെയും ചെന്നു പെട്ടിട്ടുണ്ട്. Debris എന്ന് എഴുതുമെങ്കിലും Debri എന്നേ ഉച്ചാരണമുള്ളു എന്നു പറഞ്ഞതിന്റെ പേരിലായിരുന്നു ഒന്ന്. Rapport എന്ന് എഴുതുമെങ്കിലും Rappo എന്നേ ഉച്ചാരണമുള്ളു എന്നു പറയാന്‍ നിന്നതും ഒരു സുഹൃത്തില്‍ ഒട്ടൊരു അലോസരം സൃഷ്ടിച്ചു.
Events have momentum and those events build up on each other എന്ന അര്‍ത്ഥത്തില്‍ A snow ball effect എന്ന് ഇംഗ്ലീഷില്‍ പറയും. പ്രശ്‌നങ്ങള്‍ ഉരുണ്ടു കൂടുന്നു എന്നു നാം മലയാളത്തില്‍ പറയുന്നതും ഇതേ അര്‍ത്ഥത്തില്‍ത്തന്നെയല്ലേ? ഒരു പ്രശ്‌നം കൂടുതല്‍ കനത്തതായി വരല്‍?
ചൂടു വെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലുമറയ്ക്കും എന്നതു തന്നെയാണ്. 'Once bitten, twice shy' എന്ന ഇംഗ്ലീഷ് പ്രയോഗം. വറചട്ടിയില്‍ നിന്ന് എരിതീയിലേക്ക് എന്നത് ഇംഗ്ലീഷില്‍ അക്ഷരാര്‍ത്ഥത്തില്‍ അങ്ങനെ തന്നെയുണ്ട്: 'Out of the frying pan and into the fire'
The pot calling the kettle black എന്ന് ഇംഗ്ലീഷില്‍ ഒരു പ്രയോഗമുണ്ട്. രണ്ടുകാലിലും മന്തുള്ളവന്‍ ഒരു കാലില്‍ മന്തുള്ളവനെ പരിഹസിക്കുന്നു എന്നു പറയുന്നത് ഏകദേശം ഇതുതന്നെയാണ്.
'നേരേ ചൊവ്വേ ചെയ്യാന്‍ കഴിയില്ലെങ്കില്‍ ഇട്ടിട്ടുപോവുക' എന്ന് പലപ്പോഴും നമ്മള്‍ക്കു പറയേണ്ടിവരാറുണ്ട്. ഇത് ഇംഗ്ലീഷില്‍ പറയണമെങ്കിലോ? 'Shape up or ship out' എന്നു പറഞ്ഞാല്‍ മതി! Get your act together എന്നു പറഞ്ഞാലും ഏകദേശം ഇതേ അര്‍ത്ഥം വരും. മെച്ചപ്പെടുക; അതല്ലെങ്കില്‍ വിട്ടുപോവുക?
കണ്ണാടിക്കൂട്ടിലിരുന്നു കല്ലെറിയരുത് എന്നതു തന്നെയാണ് Those who live in glass houses should not throw stones.
നല്ല കാലത്തു നാലു കാശുണ്ടാക്കുക എന്നു പറയുന്നതു തന്നെയാണ് Make hay while the sun shines.
ഒറ്റനോട്ടത്തില്‍ നല്ലതെന്നു തോന്നുന്നത് കൂടുതല്‍ അടുത്തുപരിശോധിച്ചാല്‍ പ്രശ്‌നസങ്കീര്‍ണ്ണമാണെന്നു മനസ്സിലാവും. ഇതിന്റെ ഇംഗ്ലീഷ് പ്രയോഗമാണ് The devil is in the details.
ഇപ്പോള്‍ ആ പ്രശ്‌നമൊന്നും കുത്തിപ്പൊക്കണ്ട എന്നതാണ് Let sleeping dogs lie!
മലയാളത്തില്‍ നിന്ന് ഇംഗ്ലീഷിലേക്കു പ്രയോഗങ്ങള്‍ കടന്നു ചെന്നിരിക്കാനിടയില്ല. മറിച്ചാവാനേ തരമുള്ളു. അങ്ങനെ ചിന്തിക്കുമ്പോഴും കവി ഷെല്ലിയുടെ ഡയറിയില്‍ കേരളത്തിലെ നായര്‍ സ്ത്രീകളെക്കുറിച്ചു പരാമര്‍ശമുണ്ടായതെങ്ങനെയെന്നത് എന്നെ അതിശയിപ്പിക്കുന്നു. ഷെല്ലി ഇവിടെ വന്നിട്ടില്ല. ഇവിടുത്തെ ജീവിതത്തെക്കുറിച്ച് അത്രയൊന്നും കേട്ടറിയാനും വഴിയില്ല! എന്നിട്ടും! മലബാറിലെ നായർ സ്ത്രീകളുടെ ജീവിതരീതികളെയാണ് ഡയറിക്കുറിപ്പുകളിൽ ഷെല്ലി പ്രതിപാദിക്കുന്നത് !
നമ്മളറിയാത്ത സാംസ്കാരികധാരകൾ ഉണ്ടാവാം. ഡബ്ലിയു ബി യേറ്റ്സിനു ഗുരുവായിരുന്നു ടാഗോർ . ഗീതാഞ്ജലിക്കുള്ള അവതാരിക പ്രസിദ്ധമാണല്ലൊ. യേറ്റ്സ് മരിച്ചപ്പോൾ ടാഗോർ വിശ്വഭാരതിയുടെ പത്രികയിൽ ഒരു അനുശോചനക്കുറിപ്പ് എഴുതി. അതിൽ ടാഗോർ ഉദ്ധരിച്ച യേറ്റ്സ് കവിതാ ഭാഗങ്ങൾ യേറ്റ്സിന്റേതായി എവിടെയും രേഖപ്പെടുത്തിക്കണ്ടിട്ടുള്ളതല്ല. അഭിപ്രായ നിർദ്ദേശങ്ങൾക്കായി യേറ്റ്സ് ടാഗോറിനയച്ച കൈയെഴുത്തു പ്രതിയിൽ നിന്നുള്ളതാവാം. അത് ഇപ്പൊഴും വിശ്വഭാരതിയിലുണ്ടാവണം!
അതവിടെ നിൽക്കട്ടെ, ഒരു സംഗീത ഗ്രന്ഥത്തിന് യേറ്റ്സ് എഴുതിയ അവതരണക്കുറിപ്പിൽ ഒരു കേരള കവി പരാമർശിക്കപ്പെടുന്നുണ്ട്. ശാരീരിക പരിമിതികൾ യഥാർത്ഥ പ്രതിഭാശാലിയുടെ സംഗീതാസ്വാദനത്തിനു തടസ്സമാവുന്നില്ല എന്നു ചൂണ്ടിക്കാട്ടുകയായിരുന്നു യേറ്റ്സ്. ആ വാദം സ്ഥാപിക്കാൻ "മലബാറിലെ മഹാകവി " യെ യേറ്റ്സ് കൂട്ടുപിടിക്കുന്നു. മലബാറിലെ മഹാകവി വള്ളത്തോളാണെന്നും പരാമർശിക്കപ്പെടുന്ന കൃതി ബധിരവിലാപമാണെന്നും വ്യക്തം. വള്ളത്തോളിന്റെ ചെവി കേൾക്കായ്കയെ കുറിച്ച് യേറ്റ്സിന് ആരു പറഞ്ഞു കൊടുത്തു?
ഇടയ്ക്കു മറ്റൊരു കാര്യം കൂടി പറയട്ടെ. ഒരിക്കൽ വളളത്തോൾ ചികിത്സാർത്ഥം വൈദ്യൻ തൈക്കാടു മൂസതിനെ കാണാൻ പോയി. ഈ ബാധിര്യത്തിന് ആയുർ വേദത്തിൽ ചികിത്സയില്ലെന്നും മർമ ചികിത്സക്കാർക്ക് മുഖത്തിന്റെ ഇടത്ത് മെല്ലെ തട്ടുന്ന ചികിത്സയുണ്ടെന്നും വൈദ്യൻ പറഞ്ഞു. പെട്ടെന്നായിരുന്നു മഹാകവിയുടെ പ്രതികരണം. " പറഞ്ഞാൽ കേൾക്കുന്നില്ലെങ്കിൽ കരണത്തടിക്കുക; അല്ലേ?"
പലദിക്കിൽ പോയി ചികിത്സിച്ചിട്ടും ബാധിര്യം മാറാതെ വന്നപ്പോൾ വള്ളത്തോൾ തന്റെ രോഗത്തിന് ഇങ്ങനെ ഒരു കാരണം കവിതയിലൂടെ കണ്ടെത്തി :
" കവിയശസി
ദുരാശ പൂണ്ടു പൊട്ട
ക്കവിത രചിച്ചു
മഹാജനത്തിനീ ഞാൻ
ചെവിരുജ തടവിച്ച പാപമാവാം
അവിനയമാം മമ കർണ രോഗഹേതു "
വീണ്ടും നമുക്ക് ഇംഗ്ലീഷിലേക്കു വരാം..ഇംഗ്ലീഷ് എന്നു കരുതി നാം ഇന്ന് ഉപയോഗിക്കുന്ന പല വാക്കുകളും യഥാര്‍ത്ഥത്തില്‍ ഇംഗ്ലീഷ് അല്ല. Aroma, felicity, cordial, infant, marry, liberty, conceal, pork, desire എന്നിവയൊക്കെ നമുക്ക് ഇംഗ്ലീഷ് വാക്കുകളാണ്. എന്നാല്‍ ഇംഗ്ലീഷുകാരെ സംബന്ധിച്ചിടത്തോളം ഇതെല്ലാം അവര്‍ക്കു ഫ്രഞ്ചില്‍ നിന്നു കടമായി കിട്ടിയ വാക്കുകളാണ്. I don't have any desire എന്നും it should commence next month എന്നുമൊന്നും ഫ്രഞ്ചില്ലായിരുന്നെങ്കില്‍ നാം പറയുമായിരുന്നില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..