ഒരു വർഷത്തെ ആദ്യ ആറ് മാസം ഭിന്നലിംഗ നാടൻ കാലാകാരെ സംബന്ധിച്ചിടത്തോളം വളരെ നിർണ്ണായകമാണ്. ഈ സമയത്ത് ഗ്രാമങ്ങൾ പ്രാദേശിക ഉത്സവങ്ങളും ക്ഷേത്രങ്ങൾ സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കുന്നു. പക്ഷെ ലോക്ക്ഡൗൺ സമയത്ത് വലിയ കൂട്ടങ്ങൾ കൂടുന്നതിൽ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങൾ സംസ്ഥാനത്തെ ഏകദേശം 500 പേരോളം വരുന്ന ഭിന്നലിംഗ കലാകാരുടെമേൽ കനത്ത ആഘാതം ഉണ്ടാക്കിയിരിക്കുന്നു.

മാഗിയും സമാനമായ അവസ്ഥയെ അഭിമുഖീകരിക്കുന്ന ഒരാളാണ്. മധുര നഗരത്തിൽ നിന്നും 10 കിലോമീറ്ററിൽ താഴെ ദൂരത്ത് സ്ഥിതിചെയ്യുന്ന വിളാങ്കുടി പട്ടണത്തിലുള്ള അവരുടെ രണ്ടുമുറി വീട് മറ്റ് ഭിന്നലിംഗ സ്ത്രീകള്‍ക്ക് കൂടിക്കാഴ്ചയ്ക്കുള്ള ഒരുവേദിയും അഭയവുമാണ്. വിതച്ചതിനുശേഷം വിത്ത് മുളയ്ക്കുന്നതുമായി ബന്ധപ്പെട്ട പരമ്പരാഗത കുമ്മി ഗാനങ്ങൾ പാടുന്ന, ജില്ലയിൽ നിന്നുള്ള, കുറച്ച് ഭിന്നലിംഗ സ്ത്രീകളിലൊരാളാണ് അവർ. തമിഴ്‌നാട്ടിൽ എല്ലാ വർഷവും ജൂലൈ മാസത്തിൽ ആഘോഷിക്കുന്ന ദശദിന മുലൈപാറി ഉത്സവത്തിലെ ഒരു പ്രാർത്ഥനയാണ് ഈ പാട്ട് - മഴയ്ക്കും മണ്ണിന്‍റെ ഫലപുഷ്ടിക്കും നല്ല വിളവിനും വേണ്ടി ഗ്രാമത്തിലെ ദേവതമാർക്കുള്ള വഴിപാട്.

മാഗിയുടെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഈ പാട്ടുകള്‍ക്കൊത്ത് നൃത്തം വയ്ക്കുന്നു. ഒരുപാട് കാലം ഇതായിരുന്നു അവരുടെ വരുമാന സ്രോതസ്സ്. പക്ഷെ മഹാമാരിമൂലമുള്ള ലോക്ക്ഡൗണ്‍ കാരണം ഉത്സവം 2020 ജൂലൈയിലും നടന്നില്ല, ഈ മാസവും നടന്നില്ല ( മധുരയിലെ ഭിന്നലിംഗ നാടൻ കലാകാർ അനുഭവിക്കുന്ന വിഷമതകൾ എന്ന ലേഖനം കാണുക). മധുരയിലും ചുറ്റുവട്ടങ്ങളിലുമുള്ള, അല്ലെങ്കില്‍ ബംഗളുരുവിലുള്ള, കടകളില്‍ നിന്നും പണം ശേഖരിക്കുന്ന അവരുടെ മറ്റൊരു സ്ഥിര വരുമാന സ്രോതസ്സും നിലച്ചുവെന്ന് പറയാം. ഇതോടുകൂടി ഏതാണ്ട് 8,000 മുതല്‍ 10,000 രൂപവരെ അവര്‍ക്ക് പ്രതിമാസം ലഭിച്ചിരുന്ന വരുമാനം ലോക്ക്ഡൗണ്‍ സമയത്ത് ഏതാണ്ടില്ലാതായി എന്നുതന്നെ പറയാം.

PHOTO • M. Palani Kumar
PHOTO • M. Palani Kumar

24-കാരിയായ കെ. സ്വേസ്തിക (ഇടത്) ഒരു കുമ്മി നര്‍ത്തകിയാണ്. ഭിന്നലിംഗ സ്ത്രീയെന്ന നിലയില്‍ നേരിട്ട പീഡനങ്ങള്‍ സഹിക്കാനാവാതെ ബി.എ. ബിരുദത്തിനുള്ള പഠനം അവര്‍ക്ക് അവസാനിപ്പിക്കേണ്ടി വന്നു – പക്ഷെ ഇപ്പോഴും പ്രസ്തുത വിദ്യാഭ്യാസം അവര്‍ സ്വപ്നം കാണുന്നു, എന്തുകൊണ്ടെന്നാല്‍ വിദ്യാഭ്യാസം ഉണ്ടെങ്കില്‍ ജോലി നേടാം. ഉപജീവനത്തിനായി അവര്‍ കടകളില്‍നിന്നും പണം ശേഖരിച്ചിരുന്നു - ലോക്ക്ഡൗണ്‍ അതിനെയും ബാധിച്ചു.

ബി.കോം. ബിരുദം ഉണ്ടായിട്ടും 25-കാരിയായ ബവ്യശ്രീക്ക് (വലത്) ജോലിയൊന്നും നേടാന്‍ കഴിഞ്ഞില്ല. അവരും ഒരു കുമ്മി നര്‍ത്തകിയാണ്. മറ്റ് ഭിന്നലിംഗ സ്ത്രീകളോടൊപ്പം ആയിരിക്കുമ്പോള്‍ മാത്രമാണ് താന്‍ സന്തോഷവതിയാകുന്നതെന്നും അവര്‍ പറഞ്ഞു. മധുരയിലുള്ള കുടുംബത്തെ സന്ദര്‍ശിക്കണമെന്ന് അവര്‍ക്ക് താത്പര്യമുണ്ടെങ്കിലും അവിടെ പോകുന്നത് അവര്‍ ഒഴിവാക്കുന്നു. എന്തുകൊണ്ടെന്നാല്‍ “ഞാന്‍ വീട്ടില്‍ പോകുമ്പോള്‍ വീടിനകത്തിരിക്കാന്‍ അവര്‍ എന്നോട് പറയും. വീടിനുപുറത്ത് ആരുമായും സംസാരിക്കരുതെന്ന് അവര്‍ എന്നോടു പറയും”, അവര്‍ പറഞ്ഞു.

PHOTO • M. Palani Kumar
PHOTO • M. Palani Kumar
PHOTO • M. Palani Kumar

23-കാരിയായ ആര്‍. ഷിഫാനയും (ഇടത്) ഒരു കുമ്മി നര്‍ത്തകിയാണ്. ഭിന്നലിംഗ സ്ത്രീയെന്ന നിലയില്‍ തുടര്‍ച്ചയായി ഉപദ്രവം നേരിട്ടതുകൊണ്ട് രണ്ടാംവര്‍ഷം അവര്‍ കോളേജ് വിദ്യാഭ്യാസം അവസാനിപ്പിക്കുകയായിരുന്നു. മധുരയിലെ കടകളില്‍നിന്നും പണം ശേഖരിച്ചാണ് 2020 മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ ആരംഭിക്കുന്നതുവരെ അവര്‍ ഉപജീവനം നടത്തിയത്.

34-കാരിയായ വി. അരസി (മദ്ധ്യത്തില്‍) കുമ്മി നര്‍ത്തകിയാണ്. തമിഴ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും, കൂടാതെ എം.ഫില്‍., ബി.എഡ്. ബിരുദങ്ങളും അവര്‍ക്കുണ്ട്. സ്ക്കൂളിലെ സഹപാഠികളുടെ ഉപദ്രവം ഉണ്ടായിട്ടും അവര്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. പിന്നീടവര്‍ ഒരുപാടിടങ്ങളില്‍ ജോലിക്കപേക്ഷിച്ചു. പക്ഷെ ഇപ്പോഴും തൊഴില്‍രഹിതയായി അവശേഷിക്കുന്നു. ചിലവുകള്‍ നേരിടാനായി ലോക്ക്ഡൗണുകള്‍ക്ക് മുന്‍പ് അവര്‍ക്കും കടകളില്‍നിന്നും പണം ശേഖരിക്കേണ്ടിവന്നിരുന്നു.

30-കാരിയായ ഐ. ശാലിനി (വലത്) ഒരു കുമ്മി നര്‍ത്തകിയാണ്. ഒരുതരത്തിലും ഉപദ്രവം സഹിക്കാനാവാതെ 11-ാം ക്ലാസ്സില്‍ അവര്‍ക്ക് ഹൈസ്ക്കൂള്‍ പഠനം അവസാനിപ്പിക്കേണ്ടിവന്നു. അവര്‍ കടകളില്‍ നിന്നും പണം ശേഖരിക്കുകയും 15 വര്‍ഷത്തോളമായി നൃത്തം അവതരിപ്പിക്കുകയും ചെയ്യുന്നു. പക്ഷെ ലോക്ക്ഡൗണ്‍ തുടങ്ങിയതുമുതല്‍ കാര്യങ്ങള്‍ ഓടിക്കാന്‍ അവര്‍ ബുദ്ധിമുട്ടുന്നു. അമ്മയെ കാണാത്തതില്‍ വിഷമം ഉണ്ടെന്നും അമ്മയോടൊപ്പം താമസിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അവര്‍ പറഞ്ഞു. “ഞാന്‍ മരിക്കുന്നതിന് മുന്‍പ് ഒരുതവണയെങ്കിലും അച്ഛന്‍ എന്നോട് സംസാരിക്കണമെന്ന് ആഗ്രഹമുണ്ട്”, എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പരിഭാഷ: റെന്നിമോന്‍ കെ. സി.

Reporting : S. Senthalir

S. Senthalir is an independent journalist based in Ranibennur town of Haveri district in Karnataka, and a 2020 PARI Fellow.

Other stories by S. Senthalir
Photographs : M. Palani Kumar

M. Palani Kumar is a 2019 PARI Fellow, and a photographer who documents the lives of the marginalised. He was the cinematographer for ‘Kakoos’, a documentary on manual scavengers in Tamil Nadu by filmmaker Divya Bharathi.

Other stories by M. Palani Kumar
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.