24 August Tuesday
10,307 കുടുംബത്തിന്റെ ഗുണഭോക്തൃ‌പട്ടിക അംഗീകരിച്ചു

പുനർഗേഹം പുനരധിവാസം : കുടിയൊഴിപ്പിക്കില്ല; തീരഭൂമി 
ഏറ്റെടുക്കില്ല ; 18,685 തീരദേശ കുടുംബം കുറഞ്ഞത്‌ മുന്നുസെന്റിന്‌ 
അവകാശിയാകും

ജി രാജേഷ്‌ കുമാർUpdated: Monday Aug 23, 2021


തിരുവനന്തപുരം
പുനർഗേഹം പുനരധിവാസ പദ്ധതിയിൽ കടലോരത്ത്‌‌ കുടിയൊഴിപ്പിക്കലോ ഭൂമി സർക്കാർ ഏറ്റെടുക്കലോ ഉണ്ടാകില്ല. ഗുണഭോക്‌തൃ കുടുംബങ്ങളുടെ അഞ്ചു സെന്റിനുമുകളിലുള്ളവയുടെ അവകാശം അവർക്കുതന്നെ നൽകും‌. അഞ്ചു സെന്റിൽ കുറവായാലും  ഇതേരീതി പരിഗണിക്കും. നിർമാണം വിലക്കി, ഭൂമിയുടെ അവകാശം ഉടമകളിൽ നിലനിർത്തും. അതിരൂക്ഷ കടലാക്രമണ പ്രദേശങ്ങളിൽ ജൈവ കവചം ഒരുക്കും.

ഭൂഅവകാശം 
ഉറപ്പാകും
18,685 തീരദേശ കുടുംബത്തിന്‌‌ ഭൂമിയും സുരക്ഷിത വീടും ഉറപ്പാക്കുന്നതാണ്‌ പുനർഗേഹം പദ്ധതി. 8328 കുടുംബത്തിനാണ്‌‌ പട്ടയം ഉള്ളത്‌. ഇതിൽ 4196 സർക്കാർ പട്ടയമാണ്‌. 6632 കുടുംബത്തിന്‌ കൈവശ രേഖയാണുള്ളത്‌. 2962 കുടുംബം പുറമ്പോക്കിലാണ്‌. 763 കുടുംബത്തിന്‌ ഒരു രേഖയുമില്ല. പദ്ധതിയിലൂടെ ഇവരെല്ലാം കുറഞ്ഞത്‌ മുന്നുസെന്റിന്‌ അവകാശിയാകും. 

10 ലക്ഷം ആനുകൂല്യം
കുടുംബത്തിന്‌ ഭൂമി വാങ്ങി വീട്‌ നിർമിക്കാൻ 10 ലക്ഷം രൂപ സഹായം നൽകും. രണ്ടുമുതൽ മൂന്നുവരെ സെന്റിന് ‌ആറുലക്ഷം ലഭിക്കും. ഭൂമിവില കുറവായാൽ ബാക്കി തുകയും വീട്‌ നിർമാണത്തിനെടുക്കാം. അപ്പാർട്ടുമെന്റ്‌, ഭവന സമുച്ചയ പദ്ധതികളുമുണ്ട്‌. ജില്ലാ അപ്രൂവൽ സമിതികൾ ഇതിനകം 10,307 കുടുംബത്തിന്റെ ഗുണഭോക്തൃ‌ പട്ടിക അംഗീകരിച്ചു. 2275 അപേക്ഷകർക്ക്‌ ഭൂമി കണ്ടെത്തി. 1630 പേർ ഭൂമി രജിസ്റ്റർ ചെയ്‌തു. 428 വീടിന്റെ നിർമാണം പൂർത്തിയായി. 1174 കുടുംബങ്ങൾക്കുള്ള  ഫ്‌ളാറ്റ് സമുച്ചയങ്ങൾ നിർമാണത്തിലാണ്‌.

പൂർണ സുരക്ഷിതത്വം: മന്ത്രി
കടലാക്രമണ ഭീഷണിയിൽ കഴിയുന്ന കുടുംബങ്ങൾക്ക്‌ സുരക്ഷിത മേഖലയിൽ വീട്‌ എന്ന സ്വപ്‌നം സാക്ഷാത്‌കരിക്കുമെന്ന്‌ ഫിഷറീസ്‌ മന്ത്രി സജി ചെറിയാൻ പറഞ്ഞു. തീരവാസികളുടെ സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കും.  സന്തുഷ്ട തീരദേശമാണ്‌ സർക്കാർ ലക്ഷ്യം. ഒപ്പം തീരത്തിന്‌ ജൈവകവചവുമൊരുക്കും–- മന്ത്രി  പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top