23 August Monday
ഇന്ന്‌ ശ്രീനാരായണ ഗുരു ജയന്തി

ചതയദിന നവോത്ഥാനം - പ്രൊഫ. വി കാർത്തികേയൻ നായർ എഴുതുന്നു

പ്രൊഫ. വി കാർത്തികേയൻ നായർUpdated: Monday Aug 23, 2021

ഭരണപരമായി മൂന്ന്‌ കഷണമായിട്ടാണ് 19–-ാം നൂറ്റാണ്ടിൽ കേരളം സ്ഥിതി ചെയ്തിരുന്നതെങ്കിലും സാമ്പത്തികമായും സാമൂഹ്യമായും സാംസ്കാരികമായും മലയാളം സംസാരിക്കുന്ന ജനവിഭാഗത്തിന് ഏകീകൃത സ്വഭാവമുണ്ടായിരുന്നു. ബ്രിട്ടീഷുകാർ നേരിട്ടു ഭരിക്കുന്ന മലബാറും നാട്ടുരാജ്യങ്ങളായ കൊച്ചിയും തിരുവിതാംകൂറും ചേർന്ന ഭൂപ്രദേശമായിരുന്നു ഭരണപരമായ കേരളം. ജന്മിത്തമായിരുന്നു സാമ്പത്തികഘടന. ജാതിവ്യവസ്ഥയായിരുന്നു സാമൂഹ്യഘടകം. മലയാളഭാഷയും അതിലുൽപ്പാദിപ്പിച്ച വിജ്ഞാനവും സാമൂഹ്യ ഘടനയ്‌ക്ക്‌ അനുസരിച്ചുള്ള കലകളും ആചാരാനുഷ്ഠാനങ്ങളുമായിരുന്നു സാംസ്കാരിക ഘടകം. ജാതി–-ജന്മി നാടുവാഴി വ്യവസ്ഥയെന്നാണ് ഇ എം എസ് ഇതിനെ വിശേഷിപ്പിച്ചത്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ തിരുവിതാംകൂറിലും ക്രമേണ കൊച്ചിയിലും ഭരണാധികാരികൾ ഏർപ്പെടുത്തിയ ഭൂപരിഷ്കാരങ്ങൾ മധ്യവർഗസ്വഭാവമുള്ള ഒരു ചെറിയ കർഷകവർഗത്തെ സൃഷ്ടിക്കുന്നതിന് സഹായകരമായി. ബ്രിട്ടീഷ് റസിഡന്റും ദിവാനുമായിരുന്ന കേണൽ മൺറോയുടെ കാലത്തു നടപ്പാക്കിയ ചില പാട്ടവ്യവസ്ഥകൾ 1865 ആകുമ്പോൾ പണ്ടാരപ്പാട്ട വിളംബരമെന്ന ഭൂപരിഷ്കാരത്തിന്റെ ഫലമായി കുടിയാന്മാർക്ക് ഭൂമിയിൽ ഉടമസ്ഥാവകാശവും പിന്തുടർച്ചാവകാശവും കൈമാറ്റാവകാശവും സിദ്ധിക്കുന്നതിന് ഇടയാക്കി. ദേവസ്വം, ബ്രഹ്മസ്വം ഭൂമിയിലെ പാട്ടക്കുടിയാന്മാരെ ഒഴിപ്പിക്കാൻ പാടില്ലെന്ന് ജന്മി–-കുടിയാൻ വിളംബരത്തിലൂടെയും പ്രഖ്യാപിച്ചു. തൽഫലമായി തിരു–-കൊച്ചി പ്രദേശങ്ങളിൽ സമ്പന്നരായ കർഷകരുണ്ടായി. കയറും കൊപ്രയും കച്ചവടം ചെയ്യുന്ന ഒരു വണിക്‌ വർഗവും വളർന്നുവന്നു. സർ ടി മാധവറാവു തിരുവിതാംകൂറിൽ ദിവാനായിരുന്നപ്പോൾ സർക്കാർ കുത്തകയാക്കി വച്ചിരുന്ന കഞ്ചാവ്, കറുപ്പ്, പുകയില എന്നിവകളുടെ വിൽപ്പന സ്വകാര്യവ്യാപാരികൾക്ക് ലൈസൻസ് നൽകി വിട്ടുകൊടുക്കുകയും കള്ളുചെത്തുന്നതിനും വിൽക്കുന്നതിനും അനുമതി നൽകുകയും ചെയ്തു. അങ്ങനെ മധ്യവർഗ വണിക് വർഗവും വളർന്നുവന്നു.


 

പ്രൊട്ടസ്റ്റന്റ് ക്രൈസ്തവ മിഷണറിമാർ ആരംഭിച്ച മതബോധന പാഠശാലകൾ വഴിയും തിരുവിതാംകൂറിലെ റീജന്റ് റാണി 1817ൽ ആരംഭിച്ച നാട്ടുഭാഷാവിദ്യാലയങ്ങൾ വഴിയും വിദ്യാഭ്യാസം വ്യാപകമായി. സ്വാതിതിരുനാൾ ഇംഗ്ലീഷ് വിദ്യാലയവും ആരംഭിച്ചു. എൽഎംഎസുകാരും സിഎംഎസുകാരും അച്ചടിശാലകൾ ആരംഭിച്ചു. സ്വാതിതിരുനാൾ സർക്കാർ അച്ചുകൂടവും തുടങ്ങി. വിദ്യാഭ്യാസം വ്യാപകമാകുകയും വിജ്ഞാനം ജാതിസീമകൾ ലംഘിച്ചുകൊണ്ട് ജനകീയമാകുകയും ചെയ്തു. ബ്രിട്ടീഷ് സർക്കാരിന്റെയും മിഷണറിമാരുടെയും സമ്മർദഫലമായി അടിമസമ്പ്രദായവും അടിമക്കച്ചവടവും നിരോധിച്ചു. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനി ഇംഗ്ലണ്ടിൽനിന്ന്‌ ഇറക്കുമതി ചെയ്ത് മിഷണറിമാർ വഴി വിതരണംചെയ്ത മിൽത്തുണി വസ്ത്രധാരണ സങ്കൽപ്പങ്ങളെ മാറ്റിമറിച്ചു. 

ഈയൊരു പശ്ചാത്തലത്തിലാണ് വൈകുണ്ഠസ്വാമിയെയും ആറാട്ടുപുഴ വേലായുധപ്പണിക്കരെയും പോലുള്ള സാമൂഹ്യപരിഷ്കർത്താക്കൾ തുടങ്ങിവച്ച നിശ്ശബ്ദവിപ്ലവം ജനകീയാടിത്തറ കൈവരിച്ച് ചട്ടമ്പിസ്വാമിയും ശ്രീനാരായണ ഗുരുവും അയ്യൻകാളിയും പൊയ്കയിൽ യോഹന്നാനും കാവാരികുളം കണ്ടൻകുമാരനും നയിച്ച സംഘടിത പ്രക്ഷോഭമായി മാറുന്നത്. സാമൂഹ്യപരിഷ്കരണ രംഗത്തെ മുഖ്യധാരാപ്രസ്ഥാനങ്ങളെല്ലാം തിരു–-കൊച്ചി പ്രദേശത്തായിപ്പോയത് യാദൃച്ഛികമല്ല. ഈ പ്രദേശങ്ങളിലെ പാട്ടക്കുടിയാന്മാർ ഭൂവുടമകളായി മാറിയപ്പോൾ മലബാറിലെ കർഷകർ കുടിയൊഴിപ്പിക്കലിനെതിരായ സമരത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു.

ജാതി–-ജന്മി– നാടുവാഴിത്ത വ്യവസ്ഥയിലെ അദൃശ്യസാന്നിധ്യമായിരുന്ന പൗരോഹിത്യം കൈയടക്കിവച്ചിരുന്ന വിജ്ഞാനത്തിന്റെയും വിശ്വാസത്തിന്റെയും സംസ്കാരത്തിന്റെയും കുത്തകയെ തച്ചുടച്ച് തദ്ദേശീയ നവോത്ഥാനത്തിന് നേതൃത്വം കൊടുത്തവരായിരുന്നു ജ്ഞാനയോഗിയായ ചട്ടമ്പിസ്വാമിയും കർമയോഗിയായ ശ്രീനാരായണ ഗുരുവും. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെയും ക്രൈസ്തവ മിഷണറിമാരിലൂടെയും കേരളത്തിലേക്ക്‌ കൊണ്ടുവന്ന കൊളോണിയൽ ആധുനികതയുടെ ബദലായിരുന്നു ഈ മഹാമനീഷികളുടെ തദ്ദേശീയ ആധുനികത.

വിഗ്രഹപ്രതിഷ്ഠയിലൂടെയും ദേവാലയ നിർമിതിയുടെയും ബ്രാഹ്മണകുത്തകയെ നിരാകരിക്കുന്നതായിരുന്നു അരുവിപ്പുറം പ്രതിഷ്ഠമുതൽ തലശ്ശേരിയിലെ ജഗന്നാഥക്ഷേത്രംവരെയുള്ള ആരാധനാകേന്ദ്രങ്ങൾ സ്ഥാപിച്ച ശ്രീനാരായണ ഗുരുവിന്റെ പ്രവൃത്തികൾ. ജാതിയെന്നാൽ മനുഷ്യജാതിയാണെന്നും മതമെന്നാൽ മാനവികതയാണെന്നും ദൈവമെന്നാൽ ബ്രഹ്മമാണെന്നും പ്രഖ്യാപിക്കുകവഴി ബ്രാഹ്മണ്യം അടിച്ചേൽപ്പിച്ച ജാതിവ്യവസ്ഥയെയും ശൈവ–-വൈഷ്ണവ–-ശാക്തേയ മത വൈജാത്യങ്ങളെയും നൂറായിരം ദേവഗണങ്ങളെയും നിഷ്പ്രഭമാക്കാൻ ഗുരുവിനു സാധിച്ചു. ‘ആഴ്‌വാഞ്ചേരി തമ്പ്രാക്കളിലും അയ്യൻ പുലയനിലും’ കുടികൊള്ളുന്ന ആത്മാവ് ബ്രഹ്മാംശമാണെന്നതിനാൽ അവ തമ്മിൽ വൈജാത്യമെന്തെന്ന ചോദ്യമാണ്‌ അദ്ദേഹം ഉന്നയിച്ചത്. ഒരു മരത്തിൽ വ്യത്യസ്ത വലുപ്പത്തിലുള്ള ഇലകളുണ്ടാകുമെങ്കിലും അവ പിഴിഞ്ഞ് ചാറെടുത്തു രുചിച്ചുനോക്കിയാൽ ഗുണവ്യത്യാസമുണ്ടാകില്ലെന്ന സിദ്ധാന്തവൽക്കരണം മഹാത്മ ഗാന്ധിയെപ്പോലും നമിപ്പിക്കുന്നതായിരുന്നു.

19–-ാം നൂറ്റാണ്ടിന്റെ അന്ത്യദശകത്തിൽ തിരുവിതാംകൂറിലെ വിദ്യാസമ്പന്നർ സർക്കാർ ജോലി ആവശ്യപ്പെട്ടുകൊണ്ട് സമർപ്പിച്ച ഭീമ ഹർജികളിൽ നിന്നായിരുന്നു പൗരാവകാശ സംഘടനകളുണ്ടാകുന്നത്. ആ സംരംഭത്തിൽ സജീവസാന്നിധ്യമായിരുന്ന ഡോ. പൽപ്പുവിന്റെ സംഘാടന പാടവവും ഗുരുവിന്റെ നേതൃത്വവും കൂടിയായപ്പോഴാണ് 1903ൽ എസ്എൻഡിപി യോഗം എന്ന സംഘടന രൂപീകരിക്കപ്പെട്ടത്. അതിന്റെ ചുവടുപിടിച്ചുകൊണ്ടാണ് പിന്നീട് നിരവധി സാമുദായിക സംഘടനകൾ കേരളത്തിലുണ്ടായത്. എസ്എൻഡിപി യോഗവും അയ്യൻകാളി സ്ഥാപിച്ച സാധുജനപരിപാലനസംഘവും മാത്രമാണ് ജാതീയമായ പേരുകളില്ലാതെ നിലനിന്നത്. എന്നാൽ, ഗുരുവിന്റെ വീക്ഷണത്തിനും നിർദേശത്തിനും വിരുദ്ധമായി സംഘടനയെ കടുത്ത ജാതിബോധമുള്ള നേതാക്കൾ കൈവശപ്പെടുത്തിയപ്പോൾ അതിൽ ദുഃഖിതനായിട്ടാണ് 1916ൽ ഗുരു ജാതിയില്ലാ വിളംബരം പ്രസിദ്ധം ചെയ്തത്. ഇക്കാരണത്താൽ തന്നെയാണ് ഡോ. പൽപ്പുവും കുമാരനാശാനും യോഗത്തോട്‌ വിടപറഞ്ഞതും. ഗുരുശിഷ്യനായ സഹോദരൻ അയ്യപ്പൻ 1917ൽ പന്തിഭോജനം നടത്തിയപ്പോൾ അദ്ദേഹത്തെ ‘പുലയനയ്യപ്പനെന്നും’ ‘കൊട്ടിപ്പുലയനെന്നും’ വിളിച്ചധിക്ഷേപിച്ചതും ജാതിബോധം വച്ചുപുലർത്തിയിരുന്ന സ്വസമുദായക്കാർ തന്നെയായിരുന്നു. വിദ്യകൊണ്ട് പ്രബുദ്ധതയും സംഘടനകൊണ്ട് ശക്തിയും കൈവരിച്ചാൽ മാത്രമേ മാനവികത പുലരുകയുള്ളൂവെന്ന് കേരളീയരെ ഓർമിപ്പിച്ചത് ഗുരുവായിരുന്നു.

ജാതിവിവേചനത്തിനും ജാതിബോധത്തിനും അതീതമായി മനുഷ്യത്വവും മാനവികതയും ഉയർത്തിപ്പിടിച്ച ഗുരുവിനെ ജാതിസംഘടനയുടെ കണ്ണാടിക്കൂട്ടിൽനിന്ന്‌ മോചിപ്പിച്ച് മനുഷ്യസ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വിഹായസ്സിലേക്ക് പറന്നുയരാൻ ഉതകുന്നതാകണം ചതയദിനാഘോഷവും കന്നി അഞ്ചിന്റെ സമാധിദിനാചരണവും. അതിനുവേണ്ടിയുള്ള സാംസ്കാരിക നവോത്ഥാനമാണ് ഇനി ഇവിടെ നടക്കേണ്ടത്. ജാതിബോധം ഉടലെടുക്കുന്ന ഉറവിടത്തിൽത്തന്നെ അതിനെ നിർമാർജനം ചെയ്യുന്ന സാംസ്കാരികാഷൗധമാണ് കേരളസമൂഹത്തിൽ ഇനി വിതരണം ചെയ്യേണ്ടത്.

(കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്‌ ഡയറക്ടറാണ്‌ 
ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top