23 August Monday
സ്‌റ്റോപ്പേജ്‌ ചാർജ് എപിഎൽ വിഭാഗത്തിനുമാത്രം

സര്‍ക്കാര്‍ നിശ്ചയിച്ചത് ചികിത്സാനിരക്കിന് പരിധി; കോവിഡനന്തര ചികിത്സ സൗജന്യമല്ലെന്നത് അടിസ്ഥാനരഹിതം

നിമിഷ ജോസഫ്‌Updated: Sunday Aug 22, 2021

തിരുവനന്തപുരം > സർക്കാർ ആശുപത്രിയിൽ ഇനി കോവിഡനന്തര ചികിത്സ സൗജന്യമല്ലെന്ന വാർത്ത അടിസ്ഥാനരഹിതം. കുട്ടികളിലെ ചില കോവിഡനന്തര രോഗത്തിന്‌ സ്വകാര്യ ആശുപത്രിയിലെ പരമാവധി നിരക്ക്‌ നിശ്ചയിച്ച സർക്കാർ ഉത്തരവ്‌ വളച്ചൊടിച്ചായിരുന്നു വസ്‌തുതാവിരുദ്ധ വാർത്ത. ചില സ്വകാര്യ ആശുപത്രിയിൽ കോവിഡനന്തര ചികിത്സയ്‌ക്കായി വലിയ തുക ഈടാക്കുന്ന സാഹചര്യത്തിൽ ഇതിന്‌ പരിധി നിശ്ചയിക്കുകയായിരുന്നു സർക്കാർ.

അധികം തുക 
ഈടാക്കാനാകില്ല
സർക്കാർ ആശുപത്രിയിൽ കിടത്തി ചികിത്സയ്‌ക്ക്‌ എപിഎൽ വിഭാഗത്തിൽനിന്ന്‌ സ്‌റ്റോപ്പേജ്‌ ചാർജ്‌ ഇടാക്കാറുണ്ട്‌. വാർഡിൽ 10 മുതൽ 30 രൂപവരെയും ഐസിയുവിൽ 250 മുതൽ 300 രൂപ വരെയുമാണ്‌ ഇത്‌. ആശുപത്രി നടത്തിപ്പിനാണ്‌ ഇത്‌ വിനിയോഗിക്കുക. വെന്റിലേറ്ററിലെ ചികിത്സയ്‌ക്ക്‌ ആശുപത്രിയിൽ ലഭ്യമല്ലാത്ത ഉപകരണം വാങ്ങിപ്പിക്കുകയോ പണം വാങ്ങുകയോ ചെയ്യാറുണ്ട്‌. സ്‌റ്റെന്റിന്‌ 32,000 വീതം, ബലൂൺ, വയർ എന്നിവയ്‌ക്ക്‌ 70,000 രൂപവരെ, ഐസിയു സ്‌റ്റോപ്പേജ്‌ 250 എന്നിങ്ങനെയാണ്‌ ശരാശരി നിരക്ക്‌. ഇത്തരത്തിൽ  ഇനി പ്രതിദിനം പരമാവധി വാർഡിന്‌ (ഐസിയു/ എച്ച്‌ഡിയു ഒഴികെയുള്ള എല്ലാ മുറിക്കും)750 രൂപ, എച്ച്‌ഡിയു 1250, ഐസിയു 1500, വെന്റിലേറ്ററുള്ള ഐസിയു 2000 രൂപവരെ മാത്രമേ ഈടാക്കാനാകൂ. ഇതിനപ്പുറത്തേക്ക്‌ ഒരു ദിവസം എത്ര രൂപ ചെലവുവന്നാലും രോഗിയിൽനിന്ന്‌ ഈടാക്കാനാകില്ല.

എല്ലാവർക്കും ബാധകമല്ല
ബിപിഎൽ വിഭാഗം, കാസ്‌പ്‌ കാർഡുള്ളവർ (കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി), കാരുണ്യ ബെനവലന്റ്‌ ഫണ്ട്‌ എന്നിവയുടെ ഗുണഭോക്താക്കൾക്കും നിരക്ക്‌ ബാധകമല്ല. എപിഎൽ വിഭാഗത്തിൽപ്പെടുന്ന എല്ലാവരും ഈ തുക നൽകേണ്ടതില്ല. മൂന്നു ലക്ഷത്തിൽ താഴെ വാർഷികവരുമാനമുള്ള എപിഎൽ വിഭാഗം കാരുണ്യ പരിധിയിൽപ്പെടുന്നവരാണ്‌.

ഫീസിൽ ഉൾപ്പെടുന്നവ
മരുന്ന്‌ ഉൾപ്പെടെയുള്ള ചികിത്സാ ചെലവ്‌, മെഡിക്കൽ നടപടി ഫീസ്‌, ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന്‌ മുമ്പും വിട്ടതിനുശേഷം 15 ദിവസംവരെയും അതേ ആശുപത്രിയിൽ നടത്തുന്ന പരിശോധനാ ചെലവ്‌ അടക്കമുള്ളത്‌ ഈ പരിധിയിൽപ്പെടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top