23 August Monday
അൽ ഖ്വായ്ദ, ഐഎസ് ഭീഷണിയും

പലായനത്തിന് പതിനായിരങ്ങൾ ; കാബൂൾ വിമാനത്താവളത്തിൽമാത്രം 
ഒരാഴ്ചയ്‌ക്കിടെ 20 മരണം

വെബ് ഡെസ്‌ക്‌Updated: Sunday Aug 22, 2021


കാബൂള്‍
അഫ്​ഗാനില്‍ താലിബാന്‍ ആധിപത്യം ഏതാണ്ട് പൂര്‍ണമായതോടെ രാജ്യത്തുനിന്ന് പലായനം ചെയ്യാന്‍ കാബൂള്‍ വിമാനത്താവളത്തിലേക്ക്‌ തിക്കിതിരക്കി എത്തുന്നത് പതിനായിരങ്ങള്‍. ശനിയാഴ്ച വിമാനത്താവളത്തിനു പുറത്ത് തിക്കിലും തിരക്കിലും ഏഴ് അഫ്​ഗാന്‍കാര്‍ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ബ്രിട്ടീഷ് പ്രതിരോധമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സാഹചര്യം മോശമാണെന്നും ജനങ്ങൾക്ക് പരമാവധി സുരക്ഷ ഒരുക്കാൻ ശ്രമിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. കാബൂൾ വിമാനത്താവളത്തിൽമാത്രം കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ 20 പേര്‍ മരിച്ചെന്ന്നാറ്റോ വ്യക്തമാക്കി.

അഫ്​ഗാനിസ്ഥാനില്‍നിന്ന് പൗരന്മാരെ തിരക്കിട്ട് ഒഴിപ്പിക്കാനുള്ള ശ്രമം മറ്റ് രാജ്യങ്ങള്‍ തുടരുന്നു. അഫ്ഗാൻ പൗരന്മാർക്ക് അഭയം കൊടുക്കാൻ ചില രാജ്യങ്ങൾ തയ്യാറായിട്ടുണ്ട്. ഒഴിപ്പിക്കല്‍ നടപടി സുരക്ഷിതമാക്കാന്‍ അന്താരാഷ്ട്ര സമൂഹം ഒന്നിച്ചുനില്‍ക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടു.

വിമാനത്താവളത്തിലേക്ക് പോകുന്നവരെ താലിബാന്‍കാര്‍ തടഞ്ഞുനിര്‍ത്തുന്നതായും രേഖകള്‍ പരിശോധിക്കുന്നതായും പലരെയും തിരിച്ചയക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. സര്‍ക്കാര്‍ പ്രതിനിധികളുടെ നിര്‍ദേശം ലഭിക്കാത്തപക്ഷം കാബൂള്‍ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് അമേരിക്കയും ജര്‍മനിയും പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി. താലിബാനൊപ്പം അൽ ഖായ്ദ, ഐഎസ് ഭീകരരുടെയും ഭീഷണി ശക്തമായതിനാലാണിത്. വിമാനത്താവളത്തിലേക്കുള്ള യാത്ര ദുഷ്കരമാണെന്നാണ് ബ്രിട്ടനും പ്രതികരിക്കുന്നത്. എന്നാല്‍, അമേരിക്കന്‍ രക്ഷാദൗത്യം പരാജയപ്പെട്ടതാണ് കാബൂള്‍ വിമാനത്താവളത്തിലെ‍ പ്രതിസന്ധിക്ക് കാരണമെന്ന് താലിബാന്‍ പ്രതികരിച്ചു. വിദേശത്തേക്ക് ആളുകളെ കൊണ്ടുപോകാന്‍ സ്വന്തമായുള്ള സൗകര്യങ്ങള്‍ അമേരിക്ക വേണ്ടവിധം വിനിയോ​ഗിക്കുന്നില്ലെന്നും താലിബാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top