21 August Saturday

നേതാക്കൾക്കെതിരായ ലൈംഗികാധിക്ഷേപ പരാതി: താൽക്കാലിക നടപടിയെടുത്ത്‌ മുഖംരക്ഷിക്കാൻ ലീഗ് നീക്കം

പി വി ജീജോUpdated: Saturday Aug 21, 2021

കോഴിക്കോട്‌> ലൈംഗികാധിക്ഷേപത്തിനിരയായ ‘ഹരിത’യിലെ പെൺകുട്ടികളുടെ പരാതിയിൽ എംഎസ്‌എഫ്‌ നേതാക്കൾക്കെതിരെ താൽക്കാലിക നടപടിക്ക്‌ സാധ്യത. ഹരിത പ്രവർത്തകർ വനിതാകമീഷനിൽ നൽകിയ പരാതി പിൻവലിക്കാമെന്ന ഉറപ്പിലാകുമിത്‌. എംഎസ്‌എഫ്‌ സംസ്ഥാന പ്രസിഡന്റ്‌ പി കെ നവാസ്‌, മലപ്പുറം ജില്ലാ സെക്രട്ടറി വി അബ്ദുൾ വഹാബ്‌, പ്രസിഡന്റ്‌ കബീർ മുതുപറമ്പ്‌ എന്നിവരെ സ്ഥാനത്തുനിന്ന്‌ മാറ്റും. എന്നാൽ  കമ്മിറ്റിയിൽ നിന്നൊഴിവാക്കില്ല.

എന്നാൽ വനിതാകമീഷന്‌ നൽകിയ പരാതിയിൽ വിട്ടുവീഴ്‌ചയില്ലെന്ന നിലപാടിലാണ്‌ പരാതിക്കാർ. ഇവരുടെ മേൽ ലീഗ്‌ നേതാക്കൾ പലവിധ സമ്മർദമുണ്ട്‌. ലഘുവായ നടപടിയിലൂടെ സ്‌ത്രീവിരുദ്ധരെ സംരക്ഷിക്കുന്നുവെന്ന ആക്ഷേപം ഒഴിവാക്കാമെന്ന വിശ്വാസത്തിലാണ്‌  നേതൃത്വം.

ഹരിതയുമായി ധാരണക്ക്‌ എംഎസ്‌എഫ്‌ ഭാരവാഹികളും സമ്മതിച്ചിട്ടുണ്ട്‌. പ്രശ്‌നത്തിൽ ഒരുവിഭാഗം നേതാക്കൾ അസ്വസ്ഥരാണ്‌. പെൺകുട്ടികൾ വനിതാ കമീഷനെ സമീപിച്ചതടക്കം ഇവരുടെ പിൻബലത്തിലാണെന്നാണ്‌ കരുതുന്നത്‌.
എംഎസ്‌എഫ്‌ അഖിലേന്ത്യാ പ്രസിഡന്റ്‌ ടി പി അഷ്‌റഫലിയാണ്‌ എല്ലാത്തിനും പിന്നിലെന്നാണ്‌ ആരോപണവിധേയരുടെ പരാതി.

അഷ്‌റഫലിക്ക്‌ പിന്നിലും ചില പ്രമുഖരുണ്ട്‌. എന്നാൽ ഇതിൽ ഗ്രൂപ്പ്‌ കലർത്തുന്നത്‌ സ്‌ത്രീവിരുദ്ധരെ രക്ഷിക്കാനാണെന്നാണ്‌ മറുപക്ഷത്തിന്റെ വാദം.

‘ഹരിത’ പരാതി: 
കൂടുതൽ പേരിൽനിന്ന്‌ 
മൊഴിയെടുക്കും  

കോഴിക്കോട്  
എംഎസ്എഫ് നേതൃത്വത്തിനെതിരെ  ‘ഹരിത’  പ്രവർത്തകർ നൽകിയ പരാതിയിൽ കൂടുതൽ പേരിൽനിന്ന്‌ മൊഴിയെടുക്കും. പരാതിക്കാരായ പ്രധാനപ്പെട്ടവരിൽനിന്ന്‌ കഴിഞ്ഞ ദിവസം മൊഴിയെടുത്തു. വരുംദിവസങ്ങളിൽ കൂടുതൽ പേരിൽനിന്ന്‌ മൊഴിയെടുക്കുമെന്ന്‌ അന്വേഷണ ചുമതലയുള്ള ചെമ്മങ്ങാട്‌ സ്റ്റേഷൻ ഇൻസ്‌പെക്ടർ സി അനിതാകുമാരി പറഞ്ഞു. വെള്ളയിൽ പൊലീസായിരുന്നു കേസ് രജിസ്റ്റർ ചെയ്‌തത്‌. പരാതിക്കാർ സ്‌ത്രീകളായതിനാലാണ്‌ വനിതാ ഉദ്യോഗസ്ഥയെ അന്വേഷണം ഏൽപ്പിച്ചത്.   

ജൂൺ 22ന്​ കോഴിക്കോട്ട്‌ ചേർന്ന  ​എംഎസ്​എഫ്‌  സംസ്ഥാന കമ്മിറ്റി യോഗത്തിൽ  പ്രസിഡന്റ്‌​ പി കെ നവാസ്​ മോശമായി സംസാരിച്ചുവെന്നും വി അബ്ദുൾ വഹാബ്​ ഫോൺവഴി അശ്ലീലം പറഞ്ഞുവെന്നുമാണ്‌ വനിതാ കമീഷന്‌ ഹരിത പ്രവർത്തകർ നൽകിയ പരാതി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top