ആന്ധ്രാപ്രദേശിന്‍റെ രാഷ്ട്രീയത്തിലേക്ക് വെളിച്ചം വീശാൻ, ന്യൂസ് റൂമുകളിലെ പണ്ഡിതന്മാരേക്കാൾ കഴിവുള്ളത് അനന്തപുരിലെ റെക്സിൻ വിൽക്കുന്ന കടകൾക്കാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജഗന്മോഹൻ റെഡ്ഡി അധികാരത്തിൽ വന്നത് അനന്തപുരിലെ നിരവധി ബുദ്ധിജീവികളെ അത്ഭുതപ്പെടുത്തിയെങ്കിലും, അവിടുത്തെ റെക്സിൻ വില്പനസ്ഥാപനങ്ങൾ അത് മുൻ‌കൂട്ടി കണ്ടിരുന്നു. “തിരഞ്ഞെടുപ്പിന് മാസങ്ങൾക്കുമുൻപേ, വൈ.എസ്.ആർ കോൺഗ്രസ്സ് പാർട്ടിയുടെ ചിത്രങ്ങളുള്ള, മോട്ടോർ ബൈക്കുകളിൽ തൂക്കിയിടുന്ന സഞ്ചികൾ ഞങ്ങൾ തുന്നിത്തുടങ്ങിയിരുന്നു” അവിടെയുള്ള ഒരു റെക്സിൻ കടയുടെ ഉടമസ്ഥനായ ഡി. നാരായണസ്വാമി പറഞ്ഞു.

വരാൻ പോകുന്നത് എന്താണെന്ന് വാഹനസഞ്ചി നിർമ്മാതാക്കൾ കൃത്യമായി ദീർഘദർശനം ചെയ്തിരുന്നു. വൈ.എസ്.ആർ കോൺഗ്രസ്സ് പാർട്ടിയുടെ ചിത്രങ്ങൾ പതിപ്പിച്ച  ബാഗുകൾക്കുവേണ്ടിയുള്ള വർദ്ധിച്ച ആവശ്യം 2019-ലെ അസംബ്ലി തിരഞ്ഞെടുപ്പ് ഫലത്തിന്‍റെ സൂചനയായിരുന്നു.

വിലക്കുറവും ബലവുമുള്ള സ്കൂൾബാഗുകളായിരുന്നു 1990-കളിൽ ഈ കടകൾ മുഖ്യമായും നിർമ്മിച്ചിരുന്നത്. രണ്ടുമൂന്നെണ്ണം ഞാൻ‌തന്നെ വാങ്ങിയിട്ടുണ്ടായിരുന്നു. അടുത്ത ദശകത്തോടെ സ്കൂൾ ബാഗുകൾ കിട്ടാൻ ഷൂ കടകളിൽ പോകണമെന്ന സ്ഥിതി വന്നു. ഇരുചക്രവാഹനങ്ങൾ, ഓട്ടോറിക്ഷകൾ, സോഫകൾ, കാറുകൾ എന്നിവയ്ക്കുള്ള സീറ്റ് കവറിനോടൊപ്പം, ജനപ്രിയരായ രാഷ്ട്രീയക്കാരുടേയും സിനിമാതാരങ്ങളുടേയും ചിത്രങ്ങളുള്ള ഇരുചക്രവാഹന സഞ്ചികളും റെക്സിൻ കടക്കാർ വിൽക്കാൻ തുടങ്ങി. 2019-ലെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയ ചിത്രങ്ങളുള്ള സഞ്ചികളുടെ വില്പന അധികരിച്ചു. “പട്ടിണി കിടക്കുമ്പോഴും, പാർട്ടി പതാകകളുമായി ഞങ്ങൾക്ക് പുറത്ത് പോകേണ്ടിവരാറുണ്ടായിരുന്നു. വേറെ നിവൃത്തിയുണ്ടായിരുന്നില്ല”, മുൻ‌സർക്കാരിന്‍റെ കാലത്ത് ധാരാളം ഗുണഫലങ്ങൾ മുതലാക്കിയ ഒരു തെലുഗുദേശം പ്രവർത്തകൻ 2019-ൽ എന്നോട് പറഞ്ഞു. അയാളുടെ മോട്ടോർബൈക്കിൽ ഒരു ടി.ഡി.പി. സഞ്ചി തൂക്കിയിട്ടിരുന്നത് എനിക്കോർമ്മവന്നു.

PHOTO • Rahul M.
PHOTO • Rahul M.

സിനിമാതാരങ്ങളുടേയും രാഷ്ട്രീയക്കാരുടേയും ചിത്രങ്ങളുള്ള വാഹനസഞ്ചികൾ പ്രദർശിപ്പിച്ചിരിക്കുന്ന ഒരു ഒരു റെക്സിൻ വില്പനസ്ഥാപനം

മഹാവ്യാധി വ്യാപിച്ചതോടെ, രാഷ്ട്രീയപ്പാർട്ടിയുടേയും രാഷ്ട്രീയക്കാരുടേയും ചിത്രങ്ങൾ ബൈക്കുകളിൽ പ്രദർശിപ്പിക്കുന്നതിൽ ആളുകൾക്ക് താത്പര്യം കുറഞ്ഞു. രാഷ്ട്രീയസന്ദേശങ്ങളും രാഷ്ട്രീയക്കാരുടെ മുഖങ്ങളുമുള്ള ചിത്രങ്ങളായിരുന്നു മുമ്പ് വാഹനസഞ്ചികളിൽ അച്ചടിച്ചിരുന്നത്. ഇന്നാകട്ടെ, പ്രശസ്തമായ സ്ഥാപനങ്ങളുടെ അടയാളചിഹ്നങ്ങളും പൊതുവായ ചിത്രപ്പണികളുമാണ് സഞ്ചികളിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. മഹാവ്യാധികാലത്തെ തൊഴിൽ‌-സാമ്പത്തികാവസ്ഥകളാൽ പല ഉത്പന്നങ്ങളോടും ആളുകൾക്ക് തോന്നുന്ന താത്പര്യക്കുറവായിരിക്കണം ഇതിന് കാരണം.

അടച്ചുപൂട്ടൽ വ്യാപകമായതോടെ, പൊതുസ്ഥലത്ത് പൊലീസിന്‍റെ സാന്നിദ്ധ്യം കൂടുതലായതും ഒരു കാരണമായിട്ടുണ്ടാവും. “എന്തെങ്കിലും കാരണവശാൽ പൊലീസ് പിടിക്കുകയും, അയാളുടെ രാഷ്ട്രീയത്തിന് വിരുദ്ധമായ എന്തെങ്കിലും നിങ്ങളുടെ വാഹനത്തിൽ കണ്ടുകിട്ടുകയും ചെയ്താൽ, അത് ചിലപ്പോൾ നിങ്ങൾക്ക് പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം” എന്ന് നാരായണസ്വാമി വിശദീകരിക്കുന്നു.

പരിഭാഷ: രാജീവ് ചേലനാട്ട്

Rahul M.

Rahul M. is an independent journalist based in Anantapur, Andhra Pradesh, and a 2017 PARI Fellow.

Other stories by Rahul M.
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat