കാസർകോട് > കോവിഡ് നിയന്ത്രണത്തിന്റെ പേരിൽ രാഷ്‌ട്രീയ പ്രേരിതമായി കേരള അതിർത്തി അടച്ച കർണാടക സർക്കാരിന് ഹൈക്കോടതിയുടെ ഇടക്കാല വിധി തിരിച്ചടിയായി. രോഗികളുടെയും, വ്യാപാരികളും വിദ്യാർഥികളും ജീവനക്കാരുമടക്കമുള്ള സ്ഥിരം യാത്രക്കാരുടെയും കർണാടകയിലേക്കുള്ള യാത്ര തടസ്സപ്പെടുത്തരുതെന്നാണ് ഹർജി പരിഗണിച്ച ജസ്‌റ്റിസുമാരായ എസ് മണികുമാറും ഷാജി പി ചാലിയും ഉത്തരവിട്ടത്.
കഴിഞ്ഞ ലോക്‌ഡൗൺകാലത്തും ഇതുപോലെ റോഡുകൾ മണ്ണിട്ടു അടച്ചപ്പോൾ കർണാടക ഹൈക്കോടതിയും കർണാടകത്തെ വിമർശിച്ചിരുന്നു. അതുപോലും മുഖവിലയ്‌ക്ക് എടുക്കാതെയാണ് വീണ്ടും കേരള–- കർണാടക അതിർത്തിയിലെ 24 റോഡുകളും അടച്ചത്. പ്രതിഷേധമുയർന്നപ്പോൾ 72 മണിക്കൂറിനുള്ളിൽ ആർടിപിസി എടുത്തവരെ മാത്രമേ കടത്തിവിടുകയുള്ളൂവെന്നും പ്രഖ്യാപിച്ചു. രോഗികളെയും അതിർത്തി പ്രദേശത്തെ വിദ്യാർഥികളെയും പോകാൻ അനുവദിച്ചില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു.
സിപിഐ എം നേതൃത്വത്തിൽ ജനങ്ങളെ അണിനിരത്തി തുടർച്ചയായി സമരം നടത്തി. പ്രക്ഷോഭത്തോടൊപ്പം നിയമപരമായും നേരിടാൻ തീരുമാനിച്ചതായി ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ വി കുഞ്ഞിരാമൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അങ്ങിനെയാണ് ജില്ല സെക്രട്ടറിയറ്റ് അംഗം കെ ആർ ജയാനന്ദ ഹൈക്കോടതിയിൽ ഹർജി നൽകിയത്.
കേസ് പരിഗണിക്കുന്നത് 25 ലേക്ക് മാറ്റിയെങ്കിലും ഇരു സർക്കാരുകൾക്കും കേന്ദ്ര സർക്കാരിനും ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടു നോട്ടീസ് അയച്ചിരിക്കുകയാണ്. വാർത്താ സമ്മേളനത്തിൽ കെ ആർ ജയാനന്ദ, ഉമേഷ് സാലിയൻ, അഡ്വ. ജി ചന്ദ്രമോഹൻ എന്നിവരും പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..