18 August Wednesday

ഇന്ത്യൻ പേസ്‌ നിരയുടെ 
പുതിയ മുഖം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 18, 2021


ലോർഡ്‌സ്‌
അഞ്ചാംദിനം ആദ്യഘട്ടംവരെ വിജയം പ്രതീക്ഷിച്ച ഇംഗ്ലണ്ടിനെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ തോൽവിയിലേക്ക് തള്ളിയിട്ടത് ഇന്ത്യൻ പേസ് നിരയുടെ മായികപ്രകടനം. പന്തെറിഞ്ഞുമാത്രമല്ല, ബാറ്റുകൊണ്ടും അവർ പുതിയ ചരിത്രമെഴുതി. ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഇശാന്ത് ശർമ എന്നിവരായിരുന്നു ലോർഡ്സിലെ വിജയശിൽപ്പികൾ.

വിരാട് കോഹ്-ലിയെന്ന ക്യാപ്റ്റന്റെ ആക്രമണോത്സുകതയും ജയത്തിന് ഊർജം പകർന്നു. അഞ്ചാംദിനം രാവിലെ നടന്ന വാക്പോരിന്റെ ബാക്കിപത്രമായിരുന്നു തുടർന്നുള്ള ഘട്ടങ്ങളിൽ കണ്ടത്. ബുമ്രയ്ക്കുനേരെയുള്ള അധിക്ഷേപങ്ങൾക്ക് ടീം ഒന്നായി മറുപടി നൽകിയെന്നായിരുന്നു ഓപ്പണർ ലോകേഷ് രാഹുലിന്റെ പ്രതികരണം. വാക്പോര് ടീം അംഗങ്ങളുടെ മനോവീര്യത്തെ ഉണർത്തിയെന്ന് കോഹ്-ലിയും പറഞ്ഞു.

ഇരുനൂറ്റി എഴുപത്തിരണ്ടു റൺ ലക്ഷ്യം മുന്നിൽവയ്ക്കുമ്പോൾ കോഹ്-ലി കണക്കുകൂട്ടിയത് ജയമായിരുന്നു. ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിന് ജയപ്രതീക്ഷ മങ്ങിയിരുന്നു. ബാറ്റിൽ അവസാനിപ്പിച്ച തീ പന്തിലും ബുമ്ര തുടർന്നപ്പോൾ ഇംഗ്ലണ്ടിന്റെ സമനിലമോഹംപോലും വെണ്ണീറായി. റോറി ബേൺസിനെ പുറത്താക്കിയശേഷം ചിരിക്കുകപോലും ചെയ്തില്ല ബുമ്ര. ക്യാച്ചെടുത്ത സിറാജിന്റേതായിരുന്നു ആക്രോശം. റൂട്ടിനെ മടക്കിയപ്പോൾ ബുമ്ര പൊട്ടിത്തെറിച്ചു. റോബിൻസണെ സിറാജ് കണ്ണുരുട്ടി. ഒടുവിൽ ജയിംസ് ആൻഡേഴ്സന്റെ വിക്കറ്റ് പിഴുത് സിറാജ് ഇംഗ്ലണ്ടിന്റെ മുറിവിൽ ഉപ്പുപുരട്ടി. ജയപ്രതീക്ഷയിൽനിന്നുള്ള പതനം ഇംഗ്ലണ്ടിന്‌ ഏറെക്കാലം നീറ്റലുണ്ടാക്കും.

രണ്ട് ഇന്നിങ്സിലുമായി എട്ട് വിക്കറ്റാണ് സിറാജ് നേടിയത്. ഇശാന്ത് അഞ്ച്. ബുമ്ര മൂന്ന്. ഷമി മൂന്ന്. ഇരുപത്തഞ്ചിനാണ് മൂന്നാംടെസ്റ്റ്. ഇതേ പേസ് നിരയിലാണ് ഇന്ത്യയുടെ പ്രതീക്ഷകൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top