18 August Wednesday

മഞ്ചേശ്വരം കോഴ; ബിജെപി നേതാക്കളെ ചോദ്യംചെയ്‌തു, ഇനി സുരേന്ദ്രൻ

സ്വന്തം ലേഖകൻUpdated: Wednesday Aug 18, 2021

കാസർകോട്‌ > മഞ്ചേശ്വരത്ത്‌ സ്ഥാനാർഥിത്വം പിൻവലിക്കാൻ ബിഎസ്‌പി സ്ഥാനാർഥി കെ സുന്ദരക്ക്‌ രണ്ടര ലക്ഷം രൂപ കോഴ നൽകിയ സംഭവത്തിൽ ബിജെപി സംസ്ഥാന നേതാക്കളെ ക്രൈംബ്രാഞ്ച്‌ ചോദ്യം ചെയ്യുന്നത്‌ തുടരുന്നു. മഞ്ചേശ്വരം നിയമസഭാമണ്ഡലം തെരഞ്ഞെടുപ്പ്‌ കമ്മിറ്റി കൺവീനർകൂടിയായിരുന്ന മുൻ ജില്ലാ പ്രസിഡന്റ്‌ സുരേഷ്‌കുമാർ ഷെട്ടിയെയാണ്‌ ബുധനാഴ്‌ച ക്രൈംബ്രാഞ്ച്‌ ചോദ്യംചെയ്‌തത്‌. ഡിവൈഎസ്‌പി എ സതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള ചോദ്യംചെയ്യൽ രണ്ടരമ ണിക്കൂർ നീണ്ടു. രണ്ടുതവണ നോട്ടീസ്‌ നൽകിയശേഷമാണ്‌ ഷെട്ടി ചോദ്യം ചെയ്യലിനെത്തിയത്‌.

കഴിഞ്ഞ ദിവസം സംസ്ഥാന സമിതി അംഗവും മുൻ ജില്ലാ പ്രസിഡന്റുമായ അഡ്വ. ബാലകൃഷ്‌ണ ഷെട്ടിയ ചോദ്യംചെയ്‌തിരുന്നു. മൂന്നുതവണ നോട്ടീസ്‌ നൽകിയശേഷമാണ്‌ എത്തിയത്‌. ഇതോടെ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനൊഴികെയുള്ള എല്ലാ നേതാക്കളുടെയും ചോദ്യംചെയ്യൽ പൂർത്തിയായി. അടുത്തമാസം ആദ്യം കേസിലെ മുഖ്യപ്രതി കെ സുരേന്ദ്രനെ ചോദ്യംചെയ്യുമെന്ന്‌ അറിയുന്നു. ഇതുവരെയുള്ള മൊഴികളും രേഖകളും പരിശോധിച്ചശേഷമായിരിക്കും സുരേന്ദ്രനെ ചോദ്യംചെയ്യുക. കോഴ നൽകി തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ ശ്രമിച്ചതിന്‌ കാസർകോട്‌ ചീഫ്‌ ജുഡീഷ്യൽ മജിസ്‌ട്രേട്ട്‌ കോടതിയുടെ നിർദേശപ്രകാരമാണ്‌ സുരേന്ദ്രനെ പ്രതിയാക്കി കേസെടുത്തത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top