അധികാര വികേന്ദ്രീകരണത്തിൽ കേരളം ലോകത്തിന് നൽകിയ മാതൃകയാണ് ജനകീയാസൂത്രണപ്രസ്ഥാനം. 1996ലെ ചിങ്ങം ഒന്നിന് കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രി ഇ എം എസ് നമ്പൂതിരിപ്പാടാണ് ജനകീയാസൂത്രണത്തിന് തിരിതെളിച്ച് അധികാരം ജനങ്ങളിലേക്ക് പകർന്നുനൽകിയത്. രജത ജൂബിലി നിറവിൽ വികേന്ദ്രീകൃതാസൂത്രണം ഊർജസ്വലമാക്കി, നവകേരളം സാധ്യമാക്കാനുള്ള പ്രയത്‌നത്തിലാണ് സംസ്ഥാനസർക്കാർ.
ജനകീയാസൂത്രണത്തിന്റെ ആരംഭകാലത്ത് ഒമ്പതാം പദ്ധതി ജനകീയ പദ്ധതിയാക്കി മാറ്റി, ജനപങ്കാളിത്തത്തോടെ നാടിനെന്തു വേണമെന്ന് തീരുമാനിക്കാൻ സാധിച്ചു. ഇപ്പോൾ പതിമൂന്നാം പദ്ധതിയുടെ അവസാനഘട്ടത്തിലാണ്. അടുത്ത പദ്ധതിയിലേക്ക് പോകുമ്പോൾ കേരളത്തിന് എന്തൊക്കെ വേണമെന്ന ആസൂത്രണം വിപുലമായ ഗ്രാമ–-വാർഡ് സഭകളിൽനിന്ന് തുടക്കമിടും. ജനകീയാസൂത്രണത്തിന്റെ രണ്ടാംഘട്ടത്തിലെ ഏറ്റവും സർഗാത്മകമായ അധ്യായമായി ഈ ജനകീയ ഇടപെടലിനെ രേഖപ്പെടുത്തണം. നേട്ടങ്ങളെ വിപുലമാക്കിയും ബലപ്പെടുത്തിയും പോരായ്മ പരിഹരിച്ചും അധികാര വികേന്ദ്രീകരണത്തെയും പ്രാദേശിക സർക്കാരുകളെയും ശക്തിപ്പെടുത്തണമെന്നാണ് എൽഡിഎഫ് സർക്കാർ കരുതുന്നത്.
ഗ്രാമസ്വരാജ് എന്ന ആശയം സ്വാതന്ത്ര്യസമരകാലത്തുതന്നെ ഗാന്ധിജി മുന്നോട്ടുവച്ചു. ദേശീയ വിമോചനത്തോടൊപ്പം അധികാരവികേന്ദ്രീകരണവും നമ്മുടെ ലക്ഷ്യമാണ്. പഞ്ചായത്ത്, നഗരഭരണത്തിൽ സംസ്ഥാനങ്ങൾക്ക് നിയമനിർമാണം നടത്താൻ കഴിയുംവിധം, ഭരണഘടനയുടെ നിർദേശകതത്വങ്ങളിൽ എഴുതിച്ചേർത്ത് ഏഴാം പട്ടികയിൽ ഉൾപ്പെടുത്തിയതോടെ പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി നിയമങ്ങൾ നിലവിൽവന്നു. അധികാര വികേന്ദ്രീകരണം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന ബൽവന്ത് റായ് മേത്ത കമ്മിറ്റിയുടെ റിപ്പോർട്ട് 1958ൽ കേന്ദ്രസർക്കാരിന് ലഭിച്ചെങ്കിലും ഗൗരവത്തോടെ പരിഗണിച്ചില്ല. നിയമസഭകൾ പാസാക്കിയ നിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള പഞ്ചായത്തീരാജ് സ്ഥാപനങ്ങൾക്ക് കാര്യമായ അധികാരം ഇല്ലായിരുന്നു.
നവോത്ഥാന മുന്നേറ്റങ്ങളുടെയും ഇടതുപക്ഷ ബദൽ വികസന മാതൃകയുടെയും തുടർച്ചയിലാണ് കേരളത്തിൽ ജനകീയാസൂത്രണവും സാധ്യമായത്. നവകേരളമെന്ന സങ്കൽപ്പം യാഥാർഥ്യമാകുമ്പോൾ വികേന്ദ്രീകൃതാസൂത്രണത്തിന്റെ കരുത്തുറ്റ മുന്നേറ്റങ്ങളും കാണാനാകും. 1957ൽ അധികാരത്തിൽവന്ന ഇ എം എസിന്റെ നേതൃത്വത്തിലുള്ള ആദ്യസർക്കാരിന്റെ കാലംമുതൽ വ്യത്യസ്ത കാഴ്ചപ്പാടും സമീപനവും കേരളത്തിലെ എൽഡിഎഫ് സർക്കാരുകൾ സ്വീകരിച്ചു. അതിന്റെ ഫലംകൂടിയാണ് ജനകീയാസൂത്രണപ്രസ്ഥാനം.
ഐക്യകേരളം സ്ഥാപിതമാകുന്നതിനുമുമ്പേതന്നെ 1950ലെ തിരുവിതാംകൂർ-–-കൊച്ചി പഞ്ചായത്ത് ആക്ട്, മദിരാശി വില്ലേജ് പഞ്ചായത്ത് ആക്ട്, തുടർന്ന്1960ലെ കേരള പഞ്ചായത്ത്, മുനിസിപ്പാലിറ്റി നിയമങ്ങൾ എന്നിവ കേരളത്തിലെ പഞ്ചായത്ത്, നഗര ഭരണസ്ഥാപനങ്ങൾക്ക് തുടക്കം കുറിച്ചു. എന്നാൽ, അധികാരം നാമമാത്രമായിരുന്നു. വികേന്ദ്രീകരണത്തിനുവേണ്ടിയുള്ള നിരന്തര ജനകീയ ഇടപെടലുകളെ മുഖവിലയ്‌ക്കെടുക്കാതെ 1990കളുടെ ആദ്യഘട്ടംവരെ അധികാരം കൈപ്പിടിയിലൊതുക്കാൻ ഭരണവർഗത്തിന് സാധിച്ചു. 1992ൽ പാർലമെന്റ് പാസാക്കി, 1993ൽ പ്രാബല്യത്തിൽ വന്ന പഞ്ചായത്ത് രാജ്, നഗരപാലിക ഭരണഘടനാ ഭേദഗതി നിയമങ്ങൾ (73,74 ഭരണഘടനാ ഭേദഗതി) അധികാര വികേന്ദ്രീകരണത്തിന്റെ വഴികൾ തുറന്നിട്ടു. ഭരണഘടനാ ഭേദഗതിക്കു മുമ്പ് 1987–-91 ലെ ഇ കെ നായനാർ സർക്കാർ കൊണ്ടുവന്ന ജില്ലാ കൗൺസിൽ നിയമം അധികാര വികേന്ദ്രീകരണത്തിന്റെ സാധ്യതകൾ പങ്കുവച്ചു.
1996ലെ എൽഡിഎഫ് സർക്കാരിന്റെ മുൻഗണനകളിൽ പ്രധാനപ്പെട്ടതായിരുന്നു അധികാരവികേന്ദ്രീകരണം. സംസ്ഥാന ബജറ്റിന്റെ മൂന്നിലൊന്ന് സമ്പൂർണ ആസൂത്രണാധികാരത്തോടെ തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറാനുള്ള രാഷ്ട്രീയതീരുമാനമാണ് ജനകീയാസൂത്രണത്തിന് നിദാനമായത്. സെൻ കമ്മിറ്റിയുടെയും സംസ്ഥാന ധനകമീഷൻ ശുപാർശകളുടെയും അടിസ്ഥാനത്തിൽ 1999ലും തുടർന്ന് 2000ലും പാസാക്കിയ കേരള പഞ്ചായത്ത് ആക്റ്റ്/നഗരപാലികാ ആക്റ്റ് ഭേദഗതി നിയമപരമായ ചട്ടക്കൂടൊരുക്കി. ജനകീയാസൂത്രണം തദ്ദേശഭരണ സംവിധാനങ്ങളെ ശക്തിപ്പെടുത്തി. പ്രാദേശിക സർക്കാരുകൾക്ക് ആളും അർഥവും അധികാരവും കൈമാറി.
ജനകീയാസൂത്രണപ്രസ്ഥാനത്തിന് നിരവധി വെല്ലുവിളികൾ അഭിമുഖീകരിക്കേണ്ടിവന്നു. ഏറ്റവും പ്രധാനം മുന്നനുഭവങ്ങളുടെ അഭാവമായിരുന്നു. ആദ്യ വാർഷികപദ്ധതി തയ്യാറായത് ഒരു വർഷത്തിലേറെ നീണ്ട തയ്യാറെടുപ്പുകൾക്കൊടുവിലാണ്. ഗ്രാമസഭ/വാർഡ് സഭ, കർമസമിതികൾ, ജില്ലാ ആസൂത്രണസമിതി എന്നിവയടങ്ങുന്ന ചട്ടക്കൂട് ബലപ്പെടുത്തി. രാജ്യത്താദ്യമായി പദ്ധതി വിഹിതത്തിന്റെ 10 ശതമാനം സ്ത്രീകൾക്കുവേണ്ടി മാറ്റിവച്ചു. കുടുംബശ്രീ സ്ത്രീകളുടെ സമഗ്രപങ്കാളിത്തം ഉറപ്പാക്കി. ഇ എം എസ് ഭവനപദ്ധതിപോലുള്ള സാമൂഹ്യവികസന പദ്ധതികൾ മുന്നോട്ടുവച്ചു.
സാമ്പത്തികവർഷത്തിന്റെ ആദ്യദിവസംമുതൽ വികസനപദ്ധതികളുടെ നിർവഹണം ആരംഭിക്കുന്ന അവസ്ഥയിലേക്ക് കേരളം എത്തിയത് ചെറിയ കാര്യമല്ല. തൊണ്ണൂറു ശതമാനത്തിന് മുകളിൽ പദ്ധതിച്ചെലവ് യാഥാർഥ്യമായി. അധികാരം, ഉദ്യോഗസ്ഥശേഷി, ദൈനംദിന ഭരണമികവ്, സാമ്പത്തികഭദ്രത തുടങ്ങി വിവിധതലമെടുത്ത് പരിശോധിക്കുമ്പോൾ രാജ്യത്തെ ഏറ്റവും ശക്തമായ പ്രാദേശിക ഭരണസംവിധാനം കേരളത്തിലേതാണ്. ഇത് മാതൃകയാക്കിയാണ് കേന്ദ്രം ഗ്രാമപഞ്ചായത്ത് ഡെവലപ്‌മെന്റ് പ്ലാൻ എന്ന പദ്ധതി ആവിഷ്‌കരിച്ചത്. ഫണ്ട് മാറ്റിവയ്‌ക്കാൻ കേന്ദ്രം തയ്യാറാകാത്തതുകൊണ്ട് ആ പദ്ധതി ഗുണപ്പെട്ടില്ല.
പ്രാദേശിക വികസനമെന്ന ലക്ഷ്യത്തിൽനിന്ന് വിപുലമായി ചിന്തിക്കാനും ആസൂത്രണം നടത്താനും സാധിക്കുംവിധം പ്രാദേശിക സർക്കാരുകൾ വളർന്നിട്ടുണ്ട്. അതുകൊണ്ടാണ് മഹാപ്രളയത്തെയും പ്രകൃതിക്ഷോഭങ്ങളെയും കോവിഡ് മഹാമാരിയെയും പ്രതിരോധിക്കാൻ സാധിച്ചത്. 2016ലെ എൽഡിഎഫ് സർക്കാർ പതിമൂന്നാം പദ്ധതിയിൽ പ്രാദേശിക വികസനക്കാഴ്ചപ്പാടുകളിൽ വരുത്തിയ മാറ്റത്തിലൂടെ ജനകീയാസൂത്രണത്തിന് പുതിയ ദിശ കൈവരിക്കാനായി. സുസ്ഥിര വികസനലക്ഷ്യത്തിലേക്കുള്ള കാൽവയ്‌പായിരുന്നു അത്. സർവതല സ്പർശിയും കൂടുതൽ ഗുണമേൻമയുള്ളതും ഫലപ്രദവുമായ പദ്ധതികൾക്ക് രൂപം നൽകാനും സംസ്ഥാനസർക്കാർ ശ്രമിച്ചു. നവകേരള കർമപദ്ധതിക്കായി ജനകീയാസൂത്രണം എന്ന മുദ്രാവാക്യം ഉയർത്തി.
എൽഡിഎഫ് സർക്കാരിന്റെ ഭരണത്തുടർച്ചയിൽ, പ്രാദേശിക സർക്കാരുകളുടെ വഴിത്താരകൾ കൃത്യമായി നിർണയിച്ചാണ് മുന്നോട്ടുപോകുന്നത്. ഗുണനിലവാരവും ഫലപ്രാപ്തിയും ഉറപ്പാക്കും. വികസനപ്രശ്‌നങ്ങളെ തദ്ദേശസ്ഥാപനങ്ങൾ വിശാല കാഴ്ചപ്പാടിൽ കാണണം. നഗരവൽക്കരണം, മാലിന്യസംസ്‌കരണം, വയോജന സംരക്ഷണം, രണ്ടാം തലമുറ വികസനപ്രശ്‌നങ്ങൾ, ദുരന്തനിവാരണം എന്നീ വിഷയങ്ങൾ പ്രാദേശികതലത്തിൽത്തന്നെ ആസൂത്രണം ചെയ്ത് പരിഹരിക്കേണ്ടതുണ്ട്. പ്രാദേശിക സർക്കാരുകൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകി, ഉത്തരവാദിത്തങ്ങളും ഇടപെടലുകളും ഊർജസ്വലവുമാക്കും. ബഹുതല ആസൂത്രണസാധ്യതകളും സംയോജിത സാധ്യതകളും ഉൾക്കൊള്ളും. പതിനാലാം പദ്ധതിക്ക് രൂപം നൽകുമ്പോൾ കുറവുകൾ പരിഹരിച്ച് ഗുണമേൻമയുള്ളതും സുസ്ഥിരപദ്ധതി രൂപീകരണവും നിർവഹണവും ഉറപ്പുവരുത്തും.
രജത ജൂബിലി വേളയിൽ അധികാരവികേന്ദ്രീകരണ പ്രക്രിയയിൽ കുതിപ്പും മുന്നേറ്റവും ഉണ്ടാക്കാൻ തദ്ദേശ വകുപ്പിനെ ഏകോപിത സർവീസാക്കി മാറ്റും. അഞ്ച് ഡയറക്ടറേറ്റിന് കീഴിലുള്ള വകുപ്പിനെ ഏകോപിപ്പിച്ച് പ്രിൻസിപ്പൽ ഡയറക്ടർക്ക് കീഴിൽ ഒറ്റവകുപ്പാക്കും. അതോടെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനവേഗവും മികവും കൂടുമെന്നത് നിസ്തർക്കമാണ്. ഓരോ സാമ്പത്തിക വർഷത്തിന്റെയും ആദ്യമാസംമുതൽ പദ്ധതിനിർവഹണം എന്ന ലക്ഷ്യത്തിലേക്ക് തദ്ദേശഭരണ സ്ഥാപനങ്ങളെ എത്തിക്കാൻ സാധിച്ചു. 2020-–-21 വർഷം പദ്ധതിച്ചെലവ് 95.21 ശതമാനത്തിലെത്തി.
പരമദരിദ്രരെ കണ്ടെത്തി അവരുടെ ജീവിതം മെച്ചപ്പെടുത്തുമെന്നത് ഇടതുപക്ഷത്തിന്റെ വാഗ്ദാനമാണ്. അതിനായുള്ള സമഗ്രപദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ്. നാലു മാസംകൊണ്ട് പഠനവും സർവേയും പൂർത്തിയാക്കും. ഭക്ഷണം, താമസം, ആരോഗ്യം, വരുമാനം ഉൾപ്പെടെ സൂക്ഷ്മതലപട്ടിക തയ്യാറാക്കി പരിഹാരമാർഗങ്ങൾ നടപ്പാക്കും. യുവജനങ്ങൾക്ക് തൊഴിൽ ലഭ്യമാക്കൽ സർക്കാരിന്റെ പ്രഥമ ലക്ഷ്യങ്ങളിലൊന്നാണ്. തൊഴിലും വരുമാനവും ഉറപ്പിക്കുന്ന തൊഴിൽസംരംഭക പദ്ധതി നടപ്പാക്കും. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ യുവസംരംഭകത്വ ഗ്രൂപ്പ് രൂപീകരിക്കും.
ജനകീയാസൂത്രണത്തിന്റെ ഭാഗമായി വ്യവസായമേഖലയിലും കുതിപ്പ് കൈവരിക്കണം. മൂല്യവർധിത ഉൽപ്പന്നങ്ങളുണ്ടാക്കാൻ വ്യവസായമേഖലയെ ഉപയോഗപ്പെടുത്തണം. ചെറുകിട, പരമ്പരാഗത, കുടിൽ സംരംഭങ്ങൾ പുനരുജ്ജീവിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം. സാങ്കേതിക നൂലാമാലകൾ ഇല്ലാതാക്കിയും ആധുനികസങ്കേതങ്ങൾ ഉപയോഗപ്പെടുത്തിയും തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ സുതാര്യതയും കാര്യക്ഷമതയും ഉറപ്പുവരുത്തും. രജത ജൂബിലിയുടെ നിറവിൽ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ കൂടുതൽ തിളക്കമുള്ള ഏടുകൾ സൃഷ്ടിക്കാനായി നമുക്ക് കൈകോർക്കാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..