19 August Thursday
വനിതാ ഗവർണർ താലിബാൻ പിടിയിൽ

പ്രതിഷേധം 
അടിച്ചമർത്തൽ, വെടിവയ്‌പിൽ 3 മരണം ; ജലാലാബാദിൽ ജനങ്ങൾ താലിബാൻ പതാക നീക്കി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 18, 2021

കാബൂൾ
അഫ്‌ഗാനിസ്ഥാനിൽ സർക്കാർ രൂപീകരണ ചർച്ച പുരോഗമിക്കുന്നതിനിടെ താലിബാനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം. കിഴക്കൻ നഗരം ജലാലാബാദിലെ  പ്രധാന ചത്വരത്തിൽ പ്രതിഷേധക്കാർ താലിബാൻ പതാക നീക്കി ദേശീയപതാക ഉയർത്തി.  വ്യാഴാഴ്ചത്തെ അഫ്‌ഗാൻ സ്വാതന്ത്ര്യദിനം ആചരിക്കാനിരിക്കെയാണിത്‌. ആകാശത്തേക്ക്‌ വെടിവച്ചിട്ടും പിരിഞ്ഞുപോകാൻ വിസമ്മതിച്ചവരെ താലിബാൻകാർ തല്ലിച്ചതച്ചു. തുടർന്നുണ്ടായ താലിബാൻ വെടിവയ്പിൽ മൂന്നുപേർ മരിച്ചു. മാധ്യമപ്രവർത്തകർക്കും മർദനമേറ്റു. ഖോസ്‌ത്‌ പ്രവിശ്യയിലും പ്രതിഷേധ പ്രകടനം നടന്നു.

താലിബാൻ നിയന്ത്രണത്തിലാവാത്ത വടക്കു കിഴക്കൻ പ്രവിശ്യ പാഞ്ച്‌ഷിറിലും യുദ്ധസന്നാഹം. 2001ൽ താലിബാനെ പുറത്താക്കാൻ അമേരിക്കയുമായി സഹകരിച്ച വടക്കൻ സഖ്യത്തിന്റെ ശക്തികേന്ദ്രമാണ്‌ ഇവിടം. പുറത്താക്കപ്പെട്ട വൈസ്‌ പ്രസിഡന്റ്‌ അമറുള്ള സാലിഹ്‌, മുൻ പ്രതിരോധമന്ത്രി ജന. ബിസ്‌മില്ലാ മൊഹമ്മദി, താലിബാനും അൽ ഖായ്ദയും ചേർന്ന്‌ വധിച്ച വടക്കൻ സഖ്യ നേതാവ്‌ അഹമ്മദ്‌ ഷാ മസ്സൂദിന്റെ മകൻ അഹമ്മദ്‌ മസ്സൂദ്‌ എന്നിവർ ‘ചെറുത്തുനിൽപ്പിന്റെ സൈന്യം’ രൂപീകരിക്കാൻ കൂടിക്കാഴ്ച നടത്തി. താലിബാൻ ആക്രമണത്തിൽനിന്ന്‌ രക്ഷപ്പെട്ടെത്തിയ സൈനികർ കഴിഞ്ഞ ദിവസം ഇവിടെ വടക്കൻ സഖ്യത്തിന്റെ സംയുക്ത സേനാ പതാക ഉയർത്തി. അതിനിടെ താലിബാനെതിരെ സായുധ പോരാട്ടം നയിച്ച ചഹർകിന്ത്‌ ഗവർണർ സലീമ മസാരി പിടിയിലായതായി റിപ്പോർട്ടുണ്ട്‌.

എല്ലാ വിഭാഗത്തെയും ഉൾച്ചേർത്ത്‌  സർക്കാർ രൂപീകരിക്കുമെന്ന്‌ ആവർത്തിക്കുകയാണ്‌ താലിബാൻ. മുൻ പ്രസിഡന്റ്‌ ഹമീദ്‌ കർസായി, അനുരഞ്ജന കമീഷൻ അധ്യക്ഷൻ അബ്ദുള്ള അബ്ദുള്ള എന്നിവരുമായി അനസ്‌ ഹഖാനിയുടെ നേതൃത്വത്തിൽ നേതാക്കൾ ചർച്ച നടത്തി. കാണ്ഡഹാറിൽ തിരിച്ചെത്തിയ താലിബാൻ രാഷ്ട്രീയ മേധാവി മുല്ലാ അബ്ദുൾ ഗനി ബറാദറിന്റെ നേതൃത്വത്തിലായിരിക്കും അന്തിമ ചർച്ച.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top