കാബൂള്‍
അഫ്ഗാൻ രാഷ്ട്രീയ കക്ഷികൾ സ്വാർഥത ഉപേക്ഷിച്ച് ഭാവി സഖ്യസർക്കാരിനെക്കുറിച്ച് ഗൗരവ ചർച്ചകൾ ആരംഭിക്കണമെന്ന് റഷ്യന്‍ പ്രസിഡന്റിന്റെ പ്രത്യേക പ്രതിനിധി സമീർ കാബുലോവ്. താലിബാന്റെ കാര്യത്തിൽ കാര്യങ്ങൾ പഠിച്ച് തീരുമാനം കൈക്കൊള്ളും.
അഫ്ഗാനിസ്ഥാനിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങള്‍ക്കു പിന്നില്‍ അമേരിക്കയാണെന്ന് റഷ്യൻ വിദേശകാര്യ വക്താവ് മരിയ സഖറോവ പ്രതികരിച്ചു. അമേരിക്കയുടെ മറ്റൊരു ചരിത്രപരീക്ഷണത്തിന്റെ ഫലം ലോകം ഭീതിയോടെയാണ് കാണുന്നത്. താലിബാന്‍ അഫ്ഗാനിസ്ഥാന്റെ ഭരണം ഏറ്റെടുക്കുന്നത് റഷ്യക്കും ഏഷ്യന്‍ സഖ്യകക്ഷികള്‍ക്കും ഭീഷണിയാകുമെന്നും ഐഎസിന് മധ്യേഷ്യയില്‍ വേരുറപ്പിക്കാൻ വഴിവച്ചേക്കുമെന്നും റഷ്യൻ ഡെപ്യൂട്ടി സ്പീക്കർ കോൺസ്റ്റാന്റിൻ കൊസചേവ് പറഞ്ഞു.
എന്നാല്‍, കൂടുതല്‍ വിശാല സമീപനമുള്ള ഇസ്ലാമിക സർക്കാരായിരിക്കും സ്ഥാപിക്കുകയെന്ന നിലപാടില്‍നിന്ന് താലിബാൻ പിന്നോട്ട് പോകില്ലെന്ന് പ്രത്യാശിക്കുന്നതായി ചൈന പ്രതികരിച്ചു. അക്രമവും ഭീകരതയും കൂടാതെ അധികാരമാറ്റം സമാധാനപരമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ചൈനീസ് വിദേശമന്ത്രാലയ വക്താവ് പറഞ്ഞു.
അഫ്ഗാനിസ്ഥാനിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകുമെന്നും രാഷ്ട്രീയകക്ഷികള്‍ അനുരഞ്ജന ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്നും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി ആവശ്യപ്പെട്ടു. സൈന്യത്തെ ദ്രുതഗതിയില്‍ പിൻവലിക്കാനുള്ള യുഎസ് തീരുമാനം ഒരു "സൈനിക പരാജയം' ആണെന്നും അദ്ദേഹം പ്രതികരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..